Connect with us

Health

പകര്‍ച്ചവ്യാധികളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്

Published

|

Last Updated

കോഴിക്കോട്: കൊതുക് നശീകരണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ വരുന്ന മഴക്കാലത്ത് ജില്ലയെ കാത്തിരിക്കുന്നത് ഡെങ്കിപ്പനി അടക്കമുള്ള ഗുരുതര പകര്‍ച്ചവ്യാധികളെന്ന് മുന്നറിയിപ്പ്. ഡെങ്കി പരത്തുന്ന ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട കൊതുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ വ്യാപകമാണെന്ന് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി.
ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ഈഡിസ് കൊതുകുകളുടെ സാന്നിധ്യമുള്ളതായാണ് ഇത് സംബന്ധിച്ച സാന്ദ്രതാ സര്‍വേയില്‍ വ്യക്തമായത്.
തീരദേശ മേഖലയിലാണ് സ്ഥിതി അതീവ ഗുരുതരമായുള്ളത്. വേനല്‍മഴ പെയ്യുന്നതോടെ കൊതുകുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. ഉടനടി ഇത്തരം കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡെങ്കിക്കൊപ്പം ചിക്കുന്‍ഗുനിയ പോലുള്ള പനികളും വ്യാപകമാകുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ വര്‍ഷം മലയോര പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരത്തേയാക്കുന്നതിന്റെ ഭാഗമായാണ് കൊതുകുകളുടെ സാന്ദ്രത സംബന്ധിച്ച സര്‍വേ നടത്തിയത്.
സിക വൈറസ് മുന്‍കരുതലുകളുടെ ഭാഗമായി കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കൊതുക് നശീകരണത്തിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ തയ്യാറാകണെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌ക്കരണം, ഓടകള്‍ ശുചീകരിക്കല്‍, റോഡരികിലും പൊതു സ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, വീട്ടിലും പരിസരവും വൃത്തിയാക്കല്‍ തുടങ്ങിയ നടപടികള്‍ അടിയന്തിരമായി കെക്കൊള്ളാന്‍ ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. ശുചീകരണ പ്രവൃത്തികളില്‍ ഉദാസീനത കാണിച്ചാല്‍ ഡെങ്കിപ്പനിക്കൊപ്പം ചിക്കുന്‍ഗുനിയ, പകര്‍ച്ചപ്പനി, മലേറിയ തുടങ്ങിയ മറ്റ് പകര്‍ച്ച വ്യാധികളും വ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest