സിവില്‍ സര്‍വീസ് മേഖലയില്‍ കഴിവ് തെളിയിക്കാന്‍ പ്രത്യേക പരിശീലനം

Posted on: February 4, 2016 9:53 pm | Last updated: February 4, 2016 at 9:56 pm

civil serviceപേരാമ്പ്ര: സിവില്‍ സര്‍വ്വീസ് മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ കുട്ടികളെ ചെറിയ പ്രായത്തില്‍ത്തന്നെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രത്യേക പരിശീലന പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങി. നൊച്ചാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിവില്‍ സര്‍വ്വീസ് (നിക്‌സ്) എന്ന നാമധേയത്തില്‍ തുടക്കമിട്ട പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് ഡപ്യൂട്ടി കലക്ടര്‍ ഷമിന്‍ സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ സി. അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.സി. മുഹമ്മദ് സിറാജ് റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.എം. സൂപ്പിമാസ്റ്റര്‍, പി.കെ. അജിതാദേവി, പി.പി. മുഹമ്മദ്, എ.പി. അസീസ്, വി.എം. അശ്‌റഫ് സംബന്ധിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാനേജര്‍ എ.വി. അബ്ദുല്ല ഉപഹാരം സമര്‍പ്പിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുന്ന മികച്ച വിദ്യാര്‍ത്ഥികളെ അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ, സംഘചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയാണ് പരിശീലനത്തിന് തെരഞ്ഞെടുത്തത്. 40 കുട്ടികളടങ്ങുന്ന ബാച്ചിനാണ് പ്രഥമഘട്ടത്തില്‍ പരിശീലിപ്പിക്കുന്നതെന്നും, ഇതോടൊപ്പം പ്രസംഗപരിശീലനം, ജീവിത നൈപുണ്യ പരിശീലനം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഫീല്‍ഡ് വിസിറ്റ് എന്നിവയും ഉള്‍ക്കൊള്ളിച്ചതായി സംഘാടകര്‍ അറിയിച്ചു.