വെള്ളാപ്പള്ളിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി

Posted on: January 31, 2016 10:09 pm | Last updated: January 31, 2016 at 10:09 pm

vellappallyകോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി. തീവ്രവാദ ഭീഷണിയെ തുടര്‍ന്നാണ് അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സാമുദായിക നേതാവിന് സായുധ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സുരക്ഷ ഏര്‍പ്പെടുത്തുന്നത്.

കോയമ്പത്തൂരില്‍ നിന്നുള്ള അല്‍ ഉമ്മ തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്റലിജന്‍സ് ബ്യൂറോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുള്‍പ്പെടുന്ന സമിതിയാണ് വെള്ളാപ്പള്ളിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഡല്‍ഹിയില്‍ നിന്നുള്ള 13 അംഗ സിഐഎസ്എഫ് സുരക്ഷാ സംഘം കാണിച്ചുകുളങ്ങരയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.

സംസ്ഥാന മുഖ്യമന്ത്രിയെക്കാള്‍ ശക്തമായ സുരക്ഷയിലായിരിക്കും ഇനി മുതല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സഞ്ചരിക്കുക. അതേസമയം താന്‍ പറഞ്ഞിട്ടല്ല തനിക്ക് കേന്ദ്രസേന സുരക്ഷയൊരുക്കിയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.