Connect with us

National

ദയാവധം:നിയമ നിര്‍മാണത്തിന് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ദയാവധം നിയമവിധേയമാക്കാന്‍ നിയമം കൊണ്ടുവരുന്നതിന് തയ്യാറാണെന്ന് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് കോടതി കേന്ദ്ര സര്‍ക്കാറിനോട് അഭിപ്രായം തേടിയുന്നു. ഇതുപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ നിലപാടറിയിച്ച് സത്യവാങ്മൂലം നല്‍കിയത്. കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമാണ് ദയാവധത്തിന് അനുകൂലമായി നിയമ നിര്‍മാണം നടത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
അത്യാഹിതങ്ങളെയും മാരക രോഗങ്ങളെയും തടര്‍ന്ന് ചികിത്സയിലിരിക്കെ ആരോഗ്യജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള രോഗിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹത്തിനനുസരിച്ച് മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന് ആരാഞ്ഞ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ കൂട്ടബലാത്സംഗത്തിനിരയായി തലച്ചോര്‍ മരവിച്ച് ശരീരം തളര്‍ന്ന് ജിവച്ഛവമായി കിടക്കുകയായിരുന്ന അരുണാ ഷാന്‍ബാഗ് എന്ന നഴ്‌സിനെ ദയാവധത്തിനിരയാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ചര്‍ച്ചകള്‍ നടന്നിരുന്നു.
ദയാവധത്തിന് നിയമമില്ലാത്തതിനെ തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹമില്ലാത്ത നിരവധി രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ വേദന തിന്നു കഴിയുന്നുണ്ടെന്നും അവര്‍ക്കും കുടുംബത്തിനും അതുവലിയ പീഡനമാണെന്നും കാണിച്ച് ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നുവെങ്കിലും അരുണാ ഷാന്‍ബാഗ് കേസ് പരിഗണിച്ച ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായയൈക്യം ഉണ്ടാകാത്തതിനെ തുടര്‍ന്ന് കേസ് ഭരണഘടനാ ബഞ്ചിന് കൈമാറുകയായിരുന്നു.
2002ല്‍ ഇതുസംബന്ധിച്ച് സ്വകാര്യ ബില്‍ ലോക്‌സഭയില്‍ വന്നതിന് ശേഷമാണ് ദയാവധം വീണ്ടും സജീവചര്‍ച്ചയായത്. തുടര്‍ന്ന് 2006ല്‍ ദയാവധം നിയമമാക്കാന്‍ ശിപാര്‍ശ ചെയ്യുന്ന നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ നാല് വര്‍ഷത്തിന് ശേഷം വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നു.
ദയാവധവുമായി ബന്ധപ്പെട്ട് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ കഴിഞ്ഞ ജൂണില്‍ വിശദ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായവും സര്‍ക്കാര്‍ തേടിയിരുന്നു. എങ്കിലും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോടതിക്കോ, നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രത്തിനോ കഴിഞ്ഞിരുന്നില്ല.