Connect with us

Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാര്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 3.50ന് ആയിരുന്നു അന്ത്യം. മൃതദേഹം വിലാപയാത്രയായി ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിലും പിന്നീട് പ്രസ്‌ക്ലബിലും എത്തിച്ചു. വൈകീട്ട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
ഇന്ത്യന്‍ എക്‌സ്പ്രസിലൂടെ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ ടി എന്‍ ഗോപകുമാര്‍ പിന്നീട് മാതൃഭൂമി, ന്യൂസ് ടൈം, ഇന്‍ഡിപെന്‍ഡന്റ്, ഇന്ത്യാ ടുഡേ, സ്റ്റേറ്റ്‌സ്മാന്‍ എന്നീ ദിനപത്രങ്ങളിലും ബി ബി സി റേഡിയോയിലും പ്രവര്‍ത്തിച്ച ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസില്‍ എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം മുതല്‍ ടി എന്‍ ഗോപകുമാര്‍ അവതരിപ്പിച്ച പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ “കണ്ണാടി” ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.
ശുചീന്ദ്രം ക്ഷേത്രത്തിലെ സ്ഥാനികനും വേദപണ്ഡിതനുമായിരുന്ന വട്ടപ്പള്ളിമഠം നീലകണ്ഠ ശര്‍മയുടെയും തങ്കമ്മയുടെയും മകനായി 1957ല്‍ ആണ് ജനനം. ദില്ലി, പ്രയാണം, മുനമ്പ്, ശൂദ്രന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, വോള്‍ഗാ തരംഗങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഏറ്റവും അവസാനം എഴുതിയ പാലും പഴവും എന്ന നോവല്‍ മാധ്യമം ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുവരികയാണ്. വേരുകള്‍ എന്ന ടെലിവിഷന്‍ പരമ്പരയും ആരോഗ്യനികേതനം എന്ന നോവലിനെ ഉപജീവിച്ച “ജീവന്‍മശായ്” എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഹെദര്‍ ഗോപകുമാര്‍ ഭാര്യയും ഗായത്രി, കാവേരി എന്നിവര്‍ മക്കളുമാണ്.

Latest