മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് വിഎസ് നോട്ടീസ് നല്‍കി

Posted on: January 28, 2016 8:18 pm | Last updated: January 29, 2016 at 10:15 am
SHARE

v s 2തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ നോട്ടീസ് നല്‍കി. നിയമസഭയില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാട്ടിയാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.

2013 ജൂണ്‍ 13ന് മാത്യു ടി. തോമസ് എം.എല്‍.എ ഉന്നയിച്ച അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചത്. സോളാര്‍ അഴിമതി സംബന്ധിച്ച കേസില്‍ 2012 ഡിസംബര്‍ 27ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി അവിടെ വിജ്ഞാന്‍ ഭവനില്‍ സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരെ കണ്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് ദേശീയ വികസന സമിതി യോഗം ചേര്‍ന്നത് 2012 ഡിസംബര്‍ 29ന് ആയിരുന്നുവെന്നും അന്ന് വിജ്ഞാന്‍ ഭവനില്‍ തനിക്കൊപ്പം ഉണ്ടായിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകയായ വനിതയായിരുന്നു എന്നുമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന്‍ മുമ്പാകെ മുഖ്യമന്ത്രി മൊഴി നല്‍കിയത് നേരത്തേ പറഞ്ഞ ദേശീയ വികസന സമിതി യോഗം 2012 ഡിസംബര്‍ 27ന് തന്നെയാണ് ചേര്‍ന്നതെന്നും, 29നായിരുന്നു എന്ന് സഭയില്‍ പറഞ്ഞത് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നുമാണ്. ഇതിനുശേഷം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പലതവണ നിയമസഭാ സമ്മേളനം ചേര്‍ന്നെങ്കിലും, തനിക്ക് തെറ്റുപറ്റിയതാണ് എന്ന് ഇപ്പോള്‍ പറയുന്ന മുഖ്യമന്ത്രി ഇത് തിരുത്തിയിട്ടില്ല. ഇതിന്റെ അര്‍ത്ഥം മുഖ്യമന്ത്രി കേസിന്റെ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ബോധപൂര്‍വ്വം നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ്. ഇത് സഭയോടുള്ള അനാദരവും അംഗങ്ങളുടെ അറിയാനുളള അവകാശത്തിന്റെ ലംഘനവുമാണെന്ന് വി.എസ് കത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here