ഡല്‍ഹിയില്‍ വീണ്ടും കാര്‍ മോഷണം: അതീവ ജാഗ്രതാ നിര്‍ദേശം

Posted on: January 24, 2016 8:48 pm | Last updated: January 25, 2016 at 12:14 pm

delhiന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സൈനിക സ്റ്റിക്കര്‍ പതിച്ച കാര്‍ മോഷണം പോയി. ഡല്‍ഹി ലോദി ഗാര്‍ഡന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത കാറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസിന്റെ മൂന്ന് വാഹനങ്ങള്‍ മോഷണം പോയിരുന്നു. റിപ്പബ്ലിക്ക് ദിനത്തില്‍ പത്താന്‍കോട്ട് മാതൃകയില്‍ ഡല്‍ഹിയിലും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മോഷണം തുടരുന്നത്.

കഴിഞ്ഞ ദിവസം പത്താന്‍കോട്ടില്‍ ഡ്രൈവറെ കൊലപ്പെടുത്തിയാണ് കാര്‍ തട്ടിയെടുത്തത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പഞ്ചാബിലും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഒരാഴ്ച്ച മുമ്പ് ഡല്‍ഹിയില്‍ ഐജിയുടെ ഔദ്യോഗിക വാഹനം മോഷണം പോയിരുന്നു. ഇതിനെക്കുറിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ല. പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിക്കാന്‍ എത്തിയ ഭീകരര്‍ക്ക് സഹായകരമായത് പഞ്ചാബ് പൊലീസിലെ മുന്‍ ഐജിയുടെ തട്ടിയെടുത്ത ഔദ്യോഗിക വാഹനമായിരുന്നു. ഇതുംകൂടി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.