Connect with us

Kerala

റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തി

Published

|

Last Updated

കോഴിക്കോട്: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഇന്ന് കോഴിക്കോട്ടെത്തി. 21 വര്‍ഷത്തിനു ശേഷം നഗരത്തിലേക്കു മടങ്ങിയെത്തുന്ന നാഗ്ജി അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യാതിഥിയായാണ് താരം കോഴിക്കോട്ടെത്തിയത്. ദുബായി വഴി പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിയ റൊണാല്‍ഡീഞ്ഞോ തുടര്‍ന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാവിലെ ഒമ്പതോടെ കരിപ്പൂരില്‍ എത്തിച്ചേര്‍ന്നു.

കടവ് റിസോര്‍ട്ടിലാണ് റൊണാള്‍ഡീഞ്ഞോക്ക് താമസം ഒരുക്കിയിരിക്കുന്നത്. ബീച്ചിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ വൈകുന്നേരം 5.30ന് സ്വീകരണം നല്‍കും. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സേട്ട് നാഗ്ജി ട്രോഫി നാഗ്ജിയുടെ കുടുംബം റൊണാള്‍ഡീഞ്ഞോക്ക് കൈമാറും. റൊണാള്‍ഡീഞ്ഞോ കെഡിഎഫ്എ ഭാരവാഹികള്‍ക്കും മുഖ്യ സംഘാടകരായ മോണ്ടിയാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനും പിന്നീട് ട്രോഫി കൈമാറും. റൊണാള്‍ഡീഞ്ഞോയുടെ പ്രസംഗത്തിനു ശേഷം നാഗ്ജി ട്രോഫിയുമായുള്ള റോഡ് ഷോ നടക്കും. സ്വന്തം ഒപ്പുപതിച്ച ഫുട്‌ബോള്‍ റൊണാള്‍ഡീഞ്ഞോ ആരാധകര്‍ക്കിടയിലേക്ക് തട്ടിയിടും. ലഭിക്കുന്നവര്‍ക്ക് ഇതു സ്വന്തമാകും. 25ന് രാവിലെ എട്ടരയോടെ നടക്കാവ് വൊക്കേഷണല്‍ ഗേള്‍സ് എച്ച്എസ്എസില്‍ റൊണാള്‍ഡീഞ്ഞോ സന്ദര്‍ശനം നടത്തും.
സൗദിയിലെ ഇന്ത്യന്‍ ഫുട്ബാള്‍ ലീഗ് സംഘാടകരായ മൊണ്ട്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഫുട്ബാള്‍ അസോസിയേഷനാണ് നാഗ്ജി സംഘടിപ്പിക്കുന്നത്.ഫെയ്‌സ്ബുക്കില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകരുടെ കൂട്ടായ്മയായ ബ്രസീല്‍ ഫുട്‌ബോള്‍ ഫാന്‍സ് ഒരുപടി കൂടി കടന്നാണ് ആഘോഷത്തിന് പൊലിമയേറ്റുന്നത്.
നാട് നീളെ സൂപ്പര്‍ താരത്തിന്റെ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ലോകകപ്പ് വരുമ്പോള്‍ രണ്ട് ചേരിയില്‍ നില്‍ക്കുമെങ്കില്‍ അര്‍ജന്റീന ആരാധകരും റൊണോയെ വരവേല്‍ക്കാന്‍ രംഗത്തുണ്ട്.
1952ല്‍ ആരംഭിച്ച് 21 വര്‍ഷം മുമ്പ് നിലച്ച ശേഷം നാഗ്ജി ടൂര്‍ണമെന്റ്,ഇന്റര്‍നാഷനല്‍ കഌബ്ബ് ഫുട്‌ബോളായി തിരിച്ച് വരുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ബ്രാന്‍ഡ് അമ്പാസഡറും മുഖ്യാതിഥിയുമായാണ് റൊണാള്‍ഡീഞ്ഞോയുടെ വരവ്.
യൂറോപ്യന്‍ലാറ്റിനമേരിക്കന്‍ ടീമുകളടക്കം ഏഴ് വിദേശ ടീമുകളും ഒരു ഐ ലീഗ് കഌബും ഉള്‍പ്പെടെ എട്ടു ടീമുകള്‍ മാറ്റുരക്കുന്ന നാഗ്ജി ഫുട്ബാളിന് ഫെബ്രുവരി അഞ്ചിന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കിക്കോഫ് കുറിക്കും.

Latest