തിരൂരങ്ങാടി പ്രഥമ ഖാസിയുടെ 305ാം ആണ്ടുനേര്‍ച്ച 25ന്

Posted on: January 23, 2016 10:54 am | Last updated: January 23, 2016 at 10:54 am

തിരൂരങ്ങാടി: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തിരൂരങ്ങാടി ഖാസി പരമ്പരയിലെ പ്രഥമ കണ്ണിയായിരുന്ന മര്‍ഹൂം ഖാസി അലി ഹസന്‍ മഖ്ദൂമിന്റെ 305ാം ആണ്ട്‌നേര്‍ച്ച 25ന്. അഞ്ച് നൂറ്റാണ്ട് മുമ്പ് കേരളീയ സമൂഹത്തിന്റെ വൈജ്ഞാനിക നവോഥാനത്തിന് നായകത്വം വഹിച്ച പൊന്നാനിയിലെ മഖ്ദൂമുമാരെയാണ് തിരൂരങ്ങാടി മാര്‍ഗദര്‍ശികളാക്കി വരുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് തുടങ്ങി പരിസര പ്രദേശങ്ങള്‍ക്ക് മുഴുവന്‍ എണ്ണമറ്റ ഖാസിമാരെ നല്‍കി. ഖാസി തറവാടിന് തന്നെ ജന്മം നല്‍കിയ ഓടക്കല്‍ കുടുംബത്തിന്റെ പിതാമഹനാണ് അലി ഹസന്‍ മഖ്ദൂം. കുഴിപ്പുറം, വേങ്ങര, അരീക്കുളം, ഊരകം, നെല്ലിപ്പറമ്പ്, തെന്നല, മറ്റത്തൂര്‍, താനൂര്‍, ഓമച്ചപ്പുഴ, കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഓടക്കല്‍ കുടുംബത്തിലെ പണ്ഡിതന്മാരാണ് ഖാസിമാരാകാറുള്ളത്.
അലിഹസന്‍ മഖ്ദൂമാണ് കുടുംബത്തിന്റെ പിതാവ്. ഹിജ്‌റ 1050ല്‍ പൊന്നാനിയിലെ ഒറ്റകത്ത് വീട്ടിലാണ് ജനനം. യമനിലെ ഏദനില്‍ നിന്ന് കേരളത്തില്‍ വന്ന അബ്ദുറഹ്മാന്‍ അല്‍ അദനിയാണ് പിതാവ്. കേരളത്തിലെത്തി ശൈഖ് അബ്ദുര്‍റഹ്മാന്‍ അല്‍ അദാനി സൈനുദ്ദീന്‍ മഖ്ദൂം സഗീറിന്റെ ശിഷ്യത്വം സ്വീകരിച്ച് വിജ്ഞാനം നുകര്‍ന്നു. പ്രമുഖ പണ്ഡിതനായ ഇദ്ദേഹത്തിന് മഖ്ദൂം തങ്ങള്‍ തന്റെ മകളെ വിവാഹം ചെയ്തു കൊടുത്തു. പിതാവിന്റെ അഭാവത്തില്‍ അമ്മാവന്മാരായ മഖ്ദൂമുമാരുടെ സംരക്ഷണത്തില്‍ വളര്‍ന്ന അലിഹസന്‍ തങ്ങള്‍ പിന്നീട് പ്രമുഖ പണ്ഡിതന്മാരായ ശൈഖ് ഉസ്മാന്‍ മഖ്ദൂം, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം എന്നിവരില്‍ നിന്ന് പഠനം നടത്തി അറിയപ്പെട്ട പണ്ഡിതനും സൂഫിവര്യനുമായി. ഹിജ്‌റ 1075ല്‍ നിര്‍മിച്ച പുരാതനമായ ഓടക്കല്‍ തറവാട് വീട് അടുത്തകാലം വരെ ഇവിടെയുണ്ടായിരുന്നു.
തിരൂരങ്ങാടിയില്‍ ദീര്‍ഘകാലം ഖാസിയായിട്ടും വിജ്ഞാനം പകര്‍ന്ന് കൊടുത്തും സേവനം ചെയ്ത അലിഹസന്‍ തങ്ങള്‍ തന്റെ 82ാം വയസില്‍ ഹിജ്‌റ 1132 ലാണ് വഫാതായത്. തിരൂരങ്ങാടി വലിയ പള്ളിക്ക് മുന്‍വശത്തുള്ള മഖാമിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. അലിഹസന്‍ മഖ്ദൂമിന്റെ ആണ്ടുനേര്‍ച്ച ഈ മാസം 25ന് തിരൂരങ്ങാടി വലിയപള്ളിയില്‍ നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമൂഹ സിയാറത്ത്, ഖത്തം ദുആ മജ്‌ലിസ് നടക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, എ സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര, ഖാസി ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി സംബന്ധിക്കും.