സിറിയന്‍ സമാധാന ചര്‍ച്ച നീണ്ടേക്കും

Posted on: January 22, 2016 5:49 am | Last updated: January 21, 2016 at 11:50 pm

സൂറിച്ച്/ജനീവ: സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ മാസം 25ന് സിറിയന്‍ സര്‍ക്കാറും വിമതരും തമ്മില്‍ നിശ്ചയിച്ച ചര്‍ച്ച നീണ്ടേക്കുമെന്ന് യു എന്‍. ഇരുകൂട്ടരെയും ഒരു മേശക്കിരുവശവും കൊണ്ടുവരുന്നതിന് ലോകരാജ്യങ്ങളുടെ സമ്മര്‍ദം വേണ്ടിവരുമെന്ന് യു എന്‍ നയതന്ത്ര പ്രതിനിധി സ്റ്റെഫാന്‍ ഡി മിസ്തുറ പറഞ്ഞു. സി എന്‍ എല്‍ ടെലിവിഷനില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ചര്‍ച്ചയിലുണ്ടായിരുന്നു. പ്രതിപക്ഷത്തെ പ്രതിനിധാനം ചെയ്ത് ആര് പങ്കെടുക്കുമെന്ന് ഇപ്പോഴും അവ്യക്തതയുണ്ട്. ചര്‍ച്ച ജനുവരിയില്‍ നിന്നും ഫെബ്രുവരിയിലേക്ക് മാറ്റിവെക്കുന്നതില്‍ അമേരിക്കക്കും റഷ്യക്കും താത്പര്യമില്ല. അടുത്ത ദിവസം തന്നെ ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ലാവ്‌റോവ് പറഞ്ഞു. സമാധാന ചര്‍ച്ച വെറും ചര്‍ച്ചയാകില്ല. ഉടന്‍ തന്നെ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത് ഈ മാസം 25ന് തന്നെ നടക്കാനാണ് സാധ്യത. ഇതിനായി സമ്മര്‍ദം ചെലുത്തേണ്ടിവരുമെന്ന് യു എന്‍ നയതന്ത്ര പ്രതിനിധി മിസ്തുറ പറഞ്ഞു. അതേസമയം ചര്‍ച്ച രണ്ടോ മൂന്നോ ദിവസത്തേക്ക് നീണ്ടുപോയാല്‍ ലോകം അവസാനിക്കില്ലെന്ന് യു എസ് വക്താവ് കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ പറഞ്ഞിരുന്നു. മദായ പോലുള്ള സിറിയന്‍ നഗരങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിറിയന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കാന്‍ റഷ്യക്ക് സാധിക്കുമെന്ന് കിര്‍ബി പറഞ്ഞു. ചര്‍ച്ച നീണ്ടുപോകുന്നതില്‍ റഷ്യക്ക് പങ്കുണ്ടെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്ന് മിസ്തുറ പറഞ്ഞു. അഞ്ച് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കക്ക് രാഷ്ടീയമായ താത്പര്യമുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്റെയും സഊദി അറേബ്യയുടെയും ഭാഗത്ത് നിന്നും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.