Connect with us

Gulf

ദുബൈ ഭരണ നേട്ടങ്ങളുടെ പ്രദര്‍ശനം ഏപ്രിലില്‍

Published

|

Last Updated

DUBAI SHOW

ദുബൈ രാജ്യാന്തര ഭരണകൂട നേട്ട പ്രദര്‍ശന വാര്‍ത്താസമ്മേളനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍

ദുബൈ: ദുബൈ രാജ്യാന്തര ഭരണകൂട നേട്ടങ്ങളുടെ പ്രദര്‍ശനം ഏപ്രില്‍ 11 മുതല്‍ 13 വരെ നടത്തുമെന്ന് ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമേരിക്ക, കാനഡ, സ്‌പെയിന്‍ തുടങ്ങി 20ഓളം രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ എത്തും. ദുബൈയുടെ നേട്ടങ്ങളും പുരോഗതിയും പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണിത്. ഏപ്രില്‍ 11ന് രാത്രിയാണ് പ്രദര്‍ശനങ്ങളുടെ ഉദ്ഘാടനം.
ഏപ്രില്‍ 12ന് രാവിലെ ഒമ്പതിന് യു എ ഇ ഉന്നതാധികാരികള്‍ പങ്കെടുക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുണ്ടാകും. ദുബൈയിലെ വകുപ്പ് തലവന്‍മാര്‍ അണിനിരക്കും. ദുബൈ സ്മാര്‍ട് പദ്ധതിയെക്കുറിച്ചുള്ള സെമിനാറാണ് ആദ്യത്തേത്. വിവിധ പാനല്‍ ചര്‍ച്ചകളും നടക്കും. പ്രദര്‍ശനം, സമ്മേളനം, ശില്‍പശാല, സ്മാര്‍ട് ലാബ്, എന്നിങ്ങനെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ അല്‍ ശൈബാനി പറഞ്ഞു. ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന, ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം ഡി സഈദ് മുഹമ്മദ് അല്‍തായര്‍, ദുബൈ ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാം ജനറല്‍ കോര്‍ഡിനേറ്റര്‍ അഹമ്മദ് അബ്ദുല്ല നുസീറാത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സാങ്കേതിക വിദ്യയെ ദുബൈ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കും.
വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ടൂറിസം എന്നിങ്ങനെയുള്ള മേഖലയിലെ ദുബൈയുടെ വളര്‍ച്ച തുടങ്ങിയവ മറു രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് അറിയാനുള്ള സാഹചര്യം കൂടിയാണ് ഇതെന്നും അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ അല്‍ ശൈബാനി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം. ദുബൈ രാജ്യാന്തര സമ്മേളന പ്രദര്‍ശന കേന്ദ്രമാണ് വേദി.