കായിക കുതിപ്പൊരുക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

Posted on: January 20, 2016 5:49 am | Last updated: January 19, 2016 at 10:49 pm

കാസര്‍കോട്: കായിക രംഗത്ത് നേരിടുന്ന തളര്‍ച്ചയെ പ്രതിരോധിക്കാന്‍ ജില്ലാ പഞ്ചായത്ത് സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കുന്നു. പദ്ധതി രൂപവത്കരണത്തിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്തിന് കീഴിലുളള സ്‌കൂളുകളിലെ മുഴുവന്‍ കായികാധ്യാപകരുടേയും യോഗം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്‌ക്കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത കായികാധ്യാപകര്‍ സമര്‍പ്പിച്ച പ്രോജക്ട് പ്രപ്പോസലുകള്‍ ചര്‍ച്ച ചെയ്തു.
കായികരംഗത്ത് ജില്ല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്ന് മുന്‍ കായികതാരം കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശാന്തമ്മ ഫിലിപ്പ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു, മെമ്പര്‍മാരായ സുഫൈജ ടീച്ചര്‍, പി സി സുബൈദ, ഇ.പത്മാവതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജമോഹന്‍ കാസര്‍കോട് ഡിഡിഇ വി വി രാമചന്ദ്രന്‍, കാസര്‍കോട്, കാഞ്ഞങ്ങാട് ഡിഇഒമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി വി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍സംബന്ധിച്ചു. യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ എം ബല്ലാളിന്റെ നേതൃത്വത്തില്‍ ഒരു വിദഗ്ധ കമ്മിറ്റി രൂപവത്കരിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഉപജില്ലകളിലേയും കായികാധ്യാപകരുടെ യോഗങ്ങള്‍ ചേര്‍ന്ന് കാര്യക്ഷമമായ പദ്ധതി രൂപവത്കരണത്തിന് തുടക്കമിടാന്‍ തീരുമാനിച്ചു.