Connect with us

Kerala

ഇനി തെരുവിലേക്കില്ല: കൃഷ്ണന്റെ കരം പിടിക്കാന്‍ ബന്ധുക്കളെത്തി

Published

|

Last Updated

മലപ്പുറം: വര്‍ഷങ്ങളായി തുടരുന്ന തെരുവ് ജീവിതത്തില്‍ നിന്ന് കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക് കരംപിടിക്കാന്‍ കൃഷ്ണനെ തേടി ബന്ധുക്കളെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ സഹോദരങ്ങളായ ചന്തുക്കുട്ടി, സുനില്‍, സഹോദരിയുടെ മകന്‍ മധു എന്നിവര്‍ ഇദ്ദേഹത്തെ കാണാന്‍ മഞ്ചേരിയിലെത്തി.
സിറാജ് വാര്‍ത്തയാണ് കുടുംബത്തിന്റെ അരികിലേക്കെത്താന്‍ കൃഷ്ണനെ തുണച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ഏറെ ആഹ്ലാദകരമായിരുന്നു ഇരുവര്‍ക്കും. സഹോദരനെ ഒരുപാട് കാലമായി കാണാന്‍ തിരിച്ചില്‍ തുടങ്ങിയിട്ട്. എന്നാല്‍ കണ്ടെത്താന്‍ കഴിയാത്ത സങ്കടത്തിലായിരുന്നുവെന്ന് ചന്തുക്കുട്ടി പറഞ്ഞു. ഒരുപാട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ മാസം 16ന് ബന്ധുക്കളുണ്ടായിട്ടും തെരുവില്‍ ജീവിക്കുന്ന കൃഷ്ണനെ കുറിച്ച് സിറാജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഇത് ശ്രദ്ധയില്‍ പെട്ടതോടെ കുടുംബം അന്വേഷണവുമായി മഞ്ചേരിയിലെത്തുകയായിരുന്നു. കുടുംബത്തിലേക്ക് മടങ്ങി വരണമെന്ന സഹോദരങ്ങളുടെ സ്‌നേഹ പൂര്‍വമായ ആവശ്യത്തിന് മുന്നില്‍ കൃഷ്ണന്‍ സമ്മതം മൂളിയെങ്കിലും മഞ്ചേരിയിലെ പരിചയക്കാരെ നേരില്‍കണ്ട് യാത്ര പറഞ്ഞതിന് ശേഷമാകാം മടക്കമെന്ന് തീരുമാനിക്കുകയായിരുന്നു.
അടുത്ത ആഴ്ച തന്നെ മഞ്ചേരിയിലെ നീണ്ട വര്‍ഷത്തെ ജീവിതത്തില്‍ നിന്ന് ബന്ധുക്കള്‍ക്ക് അരികിലേക്ക് പോകുമെന്ന് കൃഷ്ണന്‍ പറഞ്ഞു. ഇത്രയും കാലം ഭക്ഷണം നല്‍കുകയും അന്തിയുറങ്ങാന്‍ സൗകര്യമൊരുക്കുകയും ചെയ്തവരോട് വാക്കുകളിലൊതുങ്ങാത്ത കടപ്പാടുണ്ട് കൃഷ്ണന്. എങ്കിലും അവസാനമായി അവരെയെല്ലാം കാണണം, അതുകഴിഞ്ഞാല്‍ കുറ്റിക്കാട്ടൂരിലേക്ക് വണ്ടി കയറും. ഇനിയൊരിക്കലും തെരുവിലേക്ക് മടങ്ങേണ്ട ഗതിയുണ്ടാകരുതെന്ന പ്രാര്‍ഥനയുമായി.

Latest