അഭയാര്‍ഥികളെ പിഴിയാന്‍ ഡെന്‍മാര്‍ക്ക്; അപലപിച്ച് ഐക്യരാഷ്ട്ര സഭ

Posted on: January 15, 2016 5:43 am | Last updated: January 14, 2016 at 11:43 pm
SHARE
ഫ്രാന്‍സ് ടിമ്മര്‍മാന്‍
ഫ്രാന്‍സ് ടിമ്മര്‍മാന്‍

കോപന്‍ഹേഗന്‍: അഭയാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയെ കുറിച്ച് ഡെന്‍മാര്‍ക്ക് പാര്‍ലിമെന്റില്‍ ചര്‍ച്ച തുടങ്ങി. അഭയാര്‍ഥികളായെത്തുന്നവരില്‍ നിന്ന് മൂല്യമുള്ളത് പിടിച്ചെടുക്കുക എന്ന പദ്ധതിയെ സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ചര്‍ച്ച തുടങ്ങിയത്. ഈ മാസം 26ന് നടക്കുന്ന വോട്ടെടുപ്പില്‍ ഈ പദ്ധതി വോട്ടിനിടാനാണ് നീക്കം. നിരവധി എം പിമാരുടെ പിന്തുണയുള്ളതിനാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് നിഗമനം. പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെ എതിര്‍ത്ത് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി വിഭാഗം ഏജന്‍സി രംഗത്തെത്തിയിട്ടുണ്ട്. അഭയാര്‍ഥികളില്‍ ഇത് ഭയം ആളിക്കത്തിക്കാനും അഭയാര്‍ഥികളെ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനും മാത്രമേ ഈ നീക്കം ഉപകരിക്കൂ എന്നും യു എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ ചര്‍ച്ചക്ക് വെച്ചിരിക്കുന്ന ബില്‍ അനുസരിച്ച് ഓരോ അഭയാര്‍ഥിയില്‍ നിന്നും 1450 ഡോളര്‍ മൂല്യം വരുന്ന 10,000 ക്രോണര്‍ പിരിച്ചെടുക്കാനോ അല്ലെങ്കില്‍ സമാനമായ മൂല്യമുള്ള വസ്തുക്കള്‍ ഇതിന് പകരം കണ്ടെത്തി സ്വീകരിക്കാനോ നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ വിവാഹ മോതിരം, കുടുംബ ചിത്രങ്ങള്‍, അവാര്‍ഡുകള്‍ എന്നിവ പിടിച്ചെടുക്കപ്പെടുന്നവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ലാര്‍സ് ലോക്കെ റസ്മുസ്സൈന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍ ഈ ബില്ലിന്റെ പേരില്‍ കടുത്ത വിമര്‍ശം നേരിടുകയാണ്. നേരത്തെ 437 ഡോളര്‍ മൂല്യം വരുന്ന 3,000 ക്രോണര്‍ പിടിച്ചെടുക്കാനായിരുന്നു ബില്ലില്‍ ശിപാര്‍ശ ചെയ്തിരുന്നത്. നേരത്തെ തന്നെ പാര്‍ലിമെന്റില്‍ ഇതിന്റെ പേരില്‍ വാക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ബില്‍ പാര്‍ലിമെന്റിന്റെ വോട്ടിനിടാന്‍ ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്.
യൂറോപ്യന്‍ യൂനിയനില്‍ അംഗമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ഥി വിഷയത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണ് ഡെന്‍മാര്‍ക്ക്. രാജ്യത്ത് അഭയം തേടിയെത്തുന്നവരെ നിയന്ത്രിക്കുന്നതിന് വേണ്ടി അടുത്തിടെ നിയമങ്ങള്‍ കുറെക്കൂടി ശക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മാന്‍ ഡെന്‍മാര്‍ക്കിന്റെ നീക്കത്തോട് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂനിയന്‍ ഡെന്‍മാര്‍ക്ക് കൈക്കൊള്ളുന്ന രീതികളെ കുറിച്ച് നിരീക്ഷിക്കുമെന്നും തങ്ങളുടെ ഔദ്യോഗിക നിലപാട് ആ രാജ്യത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.