കല്ലായ്പുഴ സംരക്ഷണം പദ്ധതി വിഹിതം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടും: സുധീരന്‍

Posted on: January 13, 2016 10:23 am | Last updated: January 13, 2016 at 10:23 am
SHARE

vm sudheeranകോഴിക്കോട്: കല്ലായ്പുഴ സംരക്ഷണത്തിന് സാധ്യമായ ഏല്ലാ നടപടികളും സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കല്ലായ്പുഴയുടെ സംരക്ഷണത്തിനായി നാല് കോടിയുടെ പുനരുദ്ധാരണ പാക്കേജാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജലവിഭവ, റവന്യൂ മന്ത്രിമാര്‍ക്കും നിവേദനം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.
ഗാന്ധി ഹരിത സമൃദ്ധി ഒരുക്കിയ കല്ലായ്പുഴ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍. നഗരത്തിലെ ജലസ്രോതസ്സുകളില്‍ നിന്നുള്ള ജലം കടലിലേക്ക് ഒഴുകിപ്പോകാനുള്ള ഏകമാര്‍ഗമായ കല്ലായിപ്പുഴയ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ജലമൊഴുകിപ്പോവാനുള്ള ഇത്തരം സംവിധാനമില്ലാത്ത ചെന്നൈ നഗരത്തില്‍ വെള്ളപ്പൊക്കം തീര്‍ത്ത വന്‍ദുരന്തം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഹോട്ടലുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും അറവുശാലകളില്‍ നിന്നും മാലിന്യം തള്ളി കല്ലായിപ്പുഴയെ ദിനംപ്രതി മലിനപ്പെടുത്തുകയാണ്.
ഏത് രീതിയിലുള്ള പുഴ കൈയേറ്റവും എതിര്‍ക്കപ്പെടേണ്ടതാണ്. ജലസ്രോതസ്സുകള്‍ നിലനിര്‍ത്തുകയെന്നത് എല്ലാ പൗരന്‍മാരുടെയും കര്‍ത്തവ്യവും കടമയുമാണ്. അറിഞ്ഞുകൊണ്ട് വരുത്തിക്കൂട്ടുന്ന അനാസ്ഥകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു.കല്ലായിപ്പുഴയില്‍ സ്വകാര്യവ്യക്തികള്‍ കൈയേറിയ സ്ഥലങ്ങളും മാലിന്യനിക്ഷേപം നടന്ന സ്ഥലങ്ങളും സുധീരന്‍ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here