ഡല്‍ഹിയിലെ വാഹന നിയന്ത്രണം: ജനുവരി 15 വരെ തുടരാമെന്ന് ഹൈക്കോടതി

Posted on: January 11, 2016 12:38 pm | Last updated: January 11, 2016 at 12:42 pm

delhiന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായ ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം തടയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വാഹന നിയന്ത്രണം ഈ മാസം 15 വരെ തുടരാമെന്നും കോടതി വ്യക്തമാക്കി. വാഹന നിയന്ത്രണത്തിനെതിരായ ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.

ജനുവരി ഒന്നു മുതലാണ് ആംആദ്മി സര്‍ക്കാര്‍ വാഹന നിയന്ത്രണം നടപ്പാക്കിയത്. ജനുവരി 15 വരെയാണ് നിയന്ത്രണം. ഇതിനു ശേഷം നിയന്ത്രണത്തിന്റെ ഫലം വിശകലനം ചെയ്തതിനു ശേഷമായിരിക്കും നിയന്ത്രണം വീണ്ടും കൊണ്ടുവരേണ്ടതുണ്ടോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഒറ്റയക്ക തീയതികളില്‍ ഒറ്റയക്ക നമ്പറിലുള്ള വാഹനങ്ങള്‍ക്കും ഇരട്ടയക്ക തീയതികളില്‍ ഇരട്ടയക്ക നമ്പറിലുള്ള വാഹനങ്ങള്‍ക്കും മാത്രമാണ് റോഡിലിറങ്ങാനാകുക. വാഹന നിയന്ത്രണത്തിന്റെ ആദ്യഘട്ടം വിജയകരമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ പറഞ്ഞിരുന്നു.