ജയിക്കാതെ കേരളം

Posted on: January 11, 2016 6:31 am | Last updated: January 11, 2016 at 10:32 am

122500-volleyballദേശീയ സീനിയര്‍ വോളി: റെയില്‍വേസിന് ഇരട്ടക്കിരീടം
ബെംഗളൂരു: ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ- വനിതാ കിരീടം റെയില്‍വേസ് സ്വന്തമാക്കി. ഇരു വിഭാഗത്തിലും കേരളത്തെ പരാജയപ്പെടുത്തിയാണ് റെയില്‍വേസ് ചാമ്പ്യന്മാരായത്. പുരുഷ വിഭാഗത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: 25-19, 25-27, 21-25, 25-20, 14-16. വനിതാ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. സ്‌കോര്‍: 19-25, 25-21, 25-20, 25-17.
പുരുഷ വിഭാഗത്തില്‍ ആദ്യ സെറ്റില്‍ കേരളം വിജയിച്ചു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ രണ്ടാം സെറ്റ് റെയില്‍വേസ് കരസ്ഥമാക്കി. മൂന്നാം സെറ്റിലും തോല്‍വി വഴങ്ങിയെങ്കിലും നാലാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ട് കേരളം മത്സരത്തെ ആവേശകരമായ അന്ത്യത്തിലേക്ക് നയിച്ചു. അവസാന സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അന്തിമ ജയം റെയില്‍വേസിനൊപ്പം നിന്നു. റഫറിയുടെ തെറ്റായ തീരുമാനങ്ങളും കേരളത്തിന് തിരിച്ചടിയായി. 2012ലാണ് ദേശീയ വോളിയില്‍ കേരളം അവസാനമായി ചാമ്പ്യന്മാരായത്. കരുത്തരായ പഞ്ചാബിനെ കീഴടക്കിയാണ് കേരളം കലാശപ്പോരിന് അര്‍ഹത നേടിയത്. രണ്ട് സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്തായിരുന്നു കേരളത്തിന്റെ ജയം. തമിഴ്‌നാടിനെ പരാജയപ്പെടുത്തി റെയില്‍വേസും ഫൈനല്‍ ടിക്കറ്റ് നേടി.
വനിതാ വിഭാഗത്തിലും ആദ്യ സെറ്റ് നേടിയ ശേഷമാണ് കേരളം മത്സരം കൈവിട്ടത്. ആദ്യ സെറ്റില്‍ കാര്യമായ എതിര്‍പ്പില്ലാതെ ജയിച്ചു കയറിയ കേരളത്തിന് പിന്നീടുള്ള സെറ്റുകള്‍ക്ക് ആ മികവ് നിലനിര്‍ത്താനായില്ല. വനിതാ വിഭാഗത്തില്‍ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. റെയില്‍വേസ് സെമിയില്‍ ബംഗാളിനെയാണ് തോല്‍പ്പിച്ചത്.

മുഷ്ത്താഖ് അലി ട്രോഫി: ഝാര്‍ഖണ്ഡിനോട്
തോറ്റു
കൊച്ചി: സയ്യിദ് മുഷ്ത്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറാം ജയം തേടിയിറങ്ങിയ കേരളത്തിന് തിരിച്ചടി. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഝാര്‍ഖണ്ഡ് കേരളത്തെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. എന്നാല്‍, തോറ്റെങ്കിലും ആറ് മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുള്ള കേരളം ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ശനിയാഴ്ച പഞ്ചാബുമായി നടന്ന കളിയില്‍ വിജയിച്ച കേരളം നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു.
കളമശ്ശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന അവസാന മത്സരത്തില്‍ ടോസ് നേടിയ ഝാര്‍ഖണ്ഡ് കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ഇതുവരെ നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഗ്രൗണ്ടിലിറങ്ങിയ കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നു. 57 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത സഞ്ജു സാംസണും 31 പന്തില്‍ 47 റണ്‍സെടുത്ത് രോഹന്‍ പ്രേമും കേരളത്തിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 169 റണ്‍സെടുത്തു. ഝാര്‍ഖണ്ഡിനായി ശഹബാസ് നദിം മൂന്നും പ്രകാശ് സേട്ട് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഝാര്‍ഖണ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്ത് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. 32 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷഹാങ്ക് ജഗിയുടെ പ്രകടനമാണ് ഝാര്‍ഖണ്ഡിന് തുണയായത്. സൗരഭ് തിവാരി 29ഉം സുമിത് കുമാര്‍ 27ഉം റണ്‍സ് നേടി. കേരളത്തിന് വേണ്ടി ഫാബിദ് അഹ്മദ് രണ്ട് വിക്കറ്റ് നേടി.
രാവിലെ കൊച്ചി ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ്- സൗരാഷ്ട്ര മത്സരത്തില്‍ സൗരാഷ്ട്ര 19 റണ്‍സിന് വിജയിച്ചു. രാജസ്ഥാനും ജമ്മു കാശ്മീരുമായി നടന്ന മത്സരത്തില്‍ 45 റണ്‍സിന് രാജസ്ഥാന്‍ വിജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 15 മുതല്‍ മുംബൈയില്‍ ആരംഭിക്കും. ഗ്രൂപ്പ് ബിയില്‍ ഝാര്‍ഖണ്ഡ് രണ്ടാം സ്ഥാനത്തും സൗരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്.