ബി പി എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍

Posted on: January 6, 2016 5:58 am | Last updated: January 5, 2016 at 11:59 pm

തിരുവനന്തപുരം: കേരളത്തില്‍ ദാരിദ്രരേഖക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും ചെലവ് ഈടാക്കാതെ തന്നെ വൈദ്യുത കണക്ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റ് തടസ്സങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത സാഹചര്യത്തില്‍ കഴിയുന്നതും അപേക്ഷ ലഭിച്ച് 10 ദിവസത്തിനുള്ളില്‍ തന്നെ എല്ലാ ഗാര്‍ഹിക കണക്ഷനുകളും നല്‍കുന്നതാണ്. ഇതുസംബന്ധിച്ച കെ എസ് ഇ ബി ഉത്തരവ് ഇറക്കിയിട്ടുണ്ട്. നിലവില്‍ വൈദ്യുതികണക്ഷന് വേണ്ടി 500ല്‍ താഴെ അപേക്ഷ മാത്രമാണുള്ളത്. മറ്റുള്ളവര്‍ക്കെല്ലാം കണക്ഷന്‍ നല്‍കി കഴിഞ്ഞു. കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാം ജ്യോതി യോജന(ഡി ഡി യു ജെ വൈ)പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപ്രദേശങ്ങളിലെ ദാരിദ്രരേഖക്ക് താഴെ വരുന്ന ആളുകള്‍ക്ക് സൗജന്യമായി ഗാര്‍ഹിക കണക്ഷന്‍ നല്‍കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.