ചാലിയാറിന്‍ തീരത്ത് ഇശല്‍ മര്‍മ്മരം

Posted on: January 5, 2016 12:30 pm | Last updated: January 5, 2016 at 12:30 pm

അരീക്കോട്: ചാലിയാറിന്‍ ഓളങ്ങളില്‍ ഇശല്‍ തേന്‍കണം തീര്‍ത്ത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം. മാപ്പിള കലകളുടെ മാസ്മരിക സൗന്ദര്യവും നടന വൈഭവത്തിന്റെ നിറച്ചാര്‍ത്തുകളുമായാണ് കലാകൗമാരം അരീക്കോടിന്റെ മണ്ണില്‍ നിറഞ്ഞാടിയത്. വേദി ഒന്നില്‍ നടന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മാപ്പിളപ്പാട്ട് മത്സരങ്ങള്‍ ആസ്വാദകരുടെ മനസ്സില്‍ കുളിര്‍മഴ തീര്‍ത്തു. മൈലാഞ്ചിച്ചോപ്പിന്റെ മൊഞ്ചുമായി മണവാട്ടിമാരും തോഴികളും ഒപ്പനപ്പാട്ടിന്റെ താളത്തിനൊപ്പം വട്ടമിട്ടപ്പോള്‍ പൊരിവെയിലിനെ അവഗണിച്ച് വേദി രണ്ടിലേക്ക് ആസ്വാദക പ്രവാഹമായിരുന്നു. രാവിലെ യു പി വിഭാഗം ഒപ്പന മത്സരത്തോടെയാണ് വേദി രണ്ട് ഉണര്‍ന്നത്. തുടര്‍ന്ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം വട്ടപ്പാട്ടും അരങ്ങേറി. വേദി ആറില്‍ നടന്ന ചെണ്ട തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യങ്ങള്‍ കലാ ആസ്വാദര്‍ക്ക് മുന്നില്‍ മേളപ്പെരുക്കം തന്നെ തീര്‍ത്തു.
വേദി ഏഴിലെ ലളിത ഗാനവും സംഘഗാനവും ദേശഭക്തിഗാനവും നിറഞ്ഞ സദസ്സിന് മുന്നില്‍ തന്നെയാണ് നടന്നത്. അരീക്കോടിന്റെ കലാസ്വാദന പാരമ്പര്യത്തിന് മാറ്റു കൂട്ടും വിധമായിരുന്നു മത്സരവേദികള്‍ക്കു മുന്നിലെ കലാസ്വാദകരുടെ പങ്കാളിത്തം. വേദികള്‍ തമ്മിലുള്ള അന്തരം കുറവായതിനാല്‍ ആസ്വാദകര്‍ക്കും തുണയായി. മൂന്നാം ദിനമായ ഇന്ന് വേദി ഒന്നില്‍ നടക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പനയാണ് പ്രധാന ആകര്‍ഷണം. കൂടാതെ ഭരതനാട്യം, കേരളനടനം, നാടോടി നൃത്തം, കുച്ചുപ്പുടി, ഹൈസ്‌കൂള്‍ വിഭാഗം നാടകം, അറബിഗാനം, യു പി വിഭാഗം മാപ്പിളപ്പാട്ട്, ഹയര്‍ സെക്കന്‍ഡറി വിഭാഗം ലളിതഗാനം എന്നിവയും പ്രധാന വേദികളില്‍ അരങ്ങേറും.