കോട്ടപ്പറമ്പ് ആശുപത്രിയില്‍ ജല ശുദ്ധീകരണ സംവിധാനം ഏര്‍പ്പെടുത്തും: മന്ത്രി

Posted on: January 3, 2016 8:26 am | Last updated: January 3, 2016 at 8:26 am

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 45 ലക്ഷം രൂപ മുടക്കി അശുദ്ധജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സാമൂഹികനീതി മന്ത്രി എം കെ മുനീര്‍. കോട്ടപ്പറമ്പ് ആശുപത്രിയിലെ രക്തഘടകം വേര്‍തിരിക്കല്‍ യൂനിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിക്കും. ആശുപത്രിക്ക് പിറകിലൂടെയുള്ള റോഡ് നിര്‍മാണത്തിനുള്ള ഭരണാനുമതിക്കാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി എം ഒ ഡോ. ആര്‍ എല്‍ സരിത അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി മുഖ്യപ്രഭാഷണം നടത്തി. മേയര്‍ വി കെ സി മമ്മദ് കോയ, ആശുപത്രി സൂപ്രണ്ട് ഡോ. കെ സി രമേശന്‍, ബ്ലഡ് ബേങ്ക് ഓഫീസര്‍ ഡോ. എ ലജ്‌നി പ്രസംഗിച്ചു.