വികസന പാതയില്‍ വാഴക്കതെരുവ് അങ്ങാടി

Posted on: January 2, 2016 12:01 pm | Last updated: January 2, 2016 at 12:01 pm
SHARE

താനൂര്‍: താനൂര്‍ പഴയ അങ്ങാടിയെന്ന് വിശേഷിപ്പിക്കുന്ന വാഴക്കതെരുവ് അങ്ങാടിയുടെ മുഖച്ചായ മാറിമറിയുവാന്‍ തുടങ്ങി. പഴമയുടെ മട്ടുപ്പാവില്‍ നിശ്ചലമായി നിന്നിരുന്ന താനൂര്‍ വാഴക്കെതെരുവ് ഇന്ന് ആധുനികതയിലേക്ക് ചേക്കേറുവാന്‍ പോവുകയാണ്.
ടിപ്പുവിന്റെയും മമ്പുറം തങ്ങളുടെയും വെളിങ്കോട് ഉമര്‍ഖാസിയുടെയും പാവന സ്മരണകള്‍ നിലനില്‍ക്കുന്ന മണ്ണുകൂടിയാണിത്. ടിപ്പു സുല്‍ത്താന്റെ നാമദേയത്തില്‍ താനൂര്‍ കൂട്ടായി റോഡിനെ ടി പി എസ് റോഡ് എന്നാണറിയപ്പെടുന്നത്. വെളിയങ്കോട് ഉമര്‍ഖാസി ദര്‍സ് നടത്തിയ പള്ളിയാണ് വലിയ കുളങ്ങര പള്ളിയെന്നറിയപ്പെടുന്നത്. മമ്പുറം തങ്ങള്‍ നിര്‍മിച്ച അനവധി പള്ളികള്‍ ഈ പ്രദേശത്തുണ്ട്. താനൂര്‍ വാഴക്കതെരുവ് അങ്ങാടിയെ താനൂര്‍ നഗരവുമായി ബന്ധിപ്പിപ്പിക്കുന്ന ടിപ്പുസുല്‍ത്താന്‍ നിര്‍മിച്ച പ്രശസ്തമായ പാലമാണ് കനോലി കനാലിന് മീതെയുള്ള കൂനന്‍ പാലം. കൂനന്‍ പാലത്തിന്റെ നിര്‍മിതി കമാന ആകൃതിയിലായി ഏറെ അപൂര്‍വ്വവും മനോഹരവുമായ ഒന്നാണിത്.
കേവലം മൂന്ന് മീറ്റര്‍ മാത്രമുള്ള വീതിയിലായിട്ടാണ് ഈ പാലം സ്ഥിതിചെയ്യുന്നത്. ടണ്‍ കണക്കെ ഭാരം വരുന്ന ഒട്ടനവധി വാഹനങ്ങളാണ് ദിനം പ്രതി ഇതിലൂടെ കടന്നു പോകുന്നത്. സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നവീകരണ പദ്ധതികളൊന്നും ഇതുവരെ നടന്നിട്ടില്ല. പുരാ വസ്തു വകുപ്പിന്റെ പരിശോധനയില്‍ കൂനന്‍ പാലത്തിന്റെ സംരക്ഷണത്തിന് ചില നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ പ്രസ്തുത നിര്‍ദേശങ്ങളില്‍ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കണക്കിലെടുത്തിട്ടില്ല. ഈ പാലം ഒരു ചരിത്ര ശേഷിപ്പായി ഇന്നും നിലനില്‍ക്കുന്നുണ്ട്. നഗര വത്കരണങ്ങള്‍ വന്നിട്ടും ഈ പാലത്തിനെ ഇത്തരത്തില്‍ അവഗണനല്‍കുന്നത് കൂനന്‍ പാലത്തിന്റെ ഗതിവിഗതികളെ സാരമായി ബാധിക്കുവാനും ഇടയുണ്ട്. താനൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗമാണ് വാഴക്കതെരുവ് അങ്ങാടി.
ഈ അങ്ങാടിയുടെ വികസനത്തിന് വേണ്ടി 2011ല്‍ സര്‍ക്കാറില്‍ നിന്നും ഒരു പ്രത്യേക പരിഗണന കെട്ടിട ഉടമകള്‍ക്ക് ലഭിച്ചതിനാല്‍ ഇടുങ്ങിയ ടൗണിന്റെ ഇരു ഭാഗത്തുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ഒന്നര മീറ്റര്‍ മാത്രം റോഡിലേക്ക് വിട്ടുകൊണ്ട് കെട്ടിടം നിര്‍മിക്കാന്‍ ഉടമകള്‍ തയ്യാറായതിനാല്‍ മുക്കാല്‍ ശതമാനം കെട്ടിടങ്ങളും പൊളിച്ചു മാറ്റി പുന:സ്ഥാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ റോഡ് വീതി കൂട്ടി ടാര്‍ചെയ്യാന്‍ പി ഡബ്ലിയു ഡി രംഗത്തുവന്നു. താനൂരിന്റെ റോഡ് വികസനത്തിനുമാത്രമായി എം എല്‍ എയുടെ ഫണ്ടില്‍ നിന്നായി രണ്ടരകോടി രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏറെ കാലത്തെ ജനങ്ങളുടെ അഭിലാഷമാണ് ഈ ടൗണിന്റെ വികസനം.