Connect with us

International

ദക്ഷിണ പസഫിക് രാജ്യങ്ങളില്‍ മര്‍കസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു

Published

|

Last Updated

ഫിജിയിലെ മഊനത്തുല്‍ ഇസ്്‌ലാം അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മര്‍കസുമായി ഉണ്ടാക്കിയ അക്കാദമിക് ധാരണാപത്രം കാന്തപുരം എ പി അബൂബക്കര്‍
മുസ്്‌ലിയാര്‍ക്ക് കൈമാറുന്നു

ലൗട്ടോക്ക(ഫിജി): മര്‍കസിന്റെ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണ പസഫിക് രാജ്യങ്ങളില്‍ വ്യാപിപ്പിക്കുന്നു. ആസ്‌ത്രേലിയ, ഫിജി, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ പ്രാദേശിക സംഘടനകളുമായി സഹകരിച്ചാണ് വിവിധ വിദ്യാഭ്യാസ, സംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ മര്‍കസ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ദക്ഷിണ പസഫിക് രാജ്യങ്ങളില്‍ സന്ദര്‍ശനം തുടങ്ങി. ആസ്‌ത്രേലിയയിലെ ബ്രിസ്ബനില്‍ വിവിധ പൊതു പരിപാടികളില്‍ അദ്ദേഹം സംസാരിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഹ്യൂമണ്‍ റിസോഴ്‌സ് മാനേജര്‍ അമീര്‍ ഹസന്‍ എന്നിവര്‍ സംഘത്തിലുണ്ട്. നഗരത്തിലെ അല്‍ ജസ്റ്റര്‍ മസ്ജിദില്‍ ആസ്‌ത്രേലിയന്‍ മുസ്്‌ലിം സൊസൈറ്റി സ്വീകരണം നല്‍കി. ഖമറുദ്ദീന്‍, ബശീര്‍ നൂറാനി, കുഞ്ഞു മുഹമ്മദ് ഹാജി സംബന്ധിച്ചു.
ആസ്‌ത്രേലിയന്‍ പര്യടനത്തിന് ശേഷം ഫിജിയിലെത്തിയ സംഘത്തിന് നാദി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മഊനത്തുല്‍ ഇസ്‌ലാം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലൗട്ടോക്കയില്‍ നടത്തിയ അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി.
ആലിം അബ്ദുല്‍ ഖാദിര്‍ സഖാഫി അതിഥികളെ പരിചയപ്പെടുത്തി. യു കെയിലെ ഹിജാസ് യൂനിവേഴ്‌സിറ്റിയിലെ മൗലാനാ സൈനുല്‍ അക്താബ് സിദ്ദീഖി, മഊനത്തുല്‍ ഇസ്്‌ലാം ദേശീയ പ്രസിഡന്റ് യൂസുഫ് മനു, ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, ഫിയാസ് സിദ്ദീഖി കോയ, ഹാഫിസ് മൂസ പട്ടേല്‍, മുഹമ്മദ് യൂനുസ് സംസാരിച്ചു. മഊനത്തുല്‍ ഇസ്്‌ലാം അസോസിയേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മര്‍കസുമായി ഉണ്ടാക്കിയ അക്കാദമിക് ധാരണാപത്രം കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ക്ക് കൈമാറി.
ഇന്ന് വൈകുന്നേരം ആറിന് ന്യൂസിലാന്റിലെ ഹാമില്‍ട്ടണിലെ ബാന്റന്‍ സ്ട്രീറ്റില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ തറക്കല്ലിടല്‍ കര്‍മം കാന്തപുരം നിര്‍വഹിക്കും. വെല്ലിംഗ്ടണ്‍ ഇസ്്‌ലാമിക് അസോസിയേഷന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലെ താവാ ഇസ്്‌ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനത്തിലും അദ്ദേഹം പ്രഭാഷണം നടത്തും.

Latest