2016 ഖത്വര്‍- ചൈന സാംസ്‌കാരിക വര്‍ഷം

Posted on: December 31, 2015 10:25 pm | Last updated: January 5, 2016 at 9:23 pm

qatar chinaദോഹ: 2016 ഖത്വര്‍- ചൈന സാംസ്‌കാരിക വര്‍ഷമായി ആചരിക്കുമെന്ന് ഖത്വര്‍ മ്യൂസിയം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഖത്വര്‍- തുര്‍ക്കി സാംസ്‌കാരിക വര്‍ഷം വിജയകരമായിരുന്നു. ഇതിന്റെ ഭാഗമായി വര്‍ഷത്തിലുടനീളം സാംസ്‌കാരി പരിപാടികള്‍ നടക്കുന്നതിന് പുറമെ രണ്ട് വലിയ എക്‌സിബിഷനുകള്‍ ഖത്വറില്‍ നടക്കും. ഇത് അഞ്ചാം തവണയാണ് ഖത്വര്‍ സാംസ്‌കാരിക വര്‍ഷം ആചരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കലാകാരന്‍ കയ് ഗുവോ ക്വിയാംഗിന്റെ മേല്‍നോട്ടത്തിലുള്ള 15 ചൈനീസ് കണ്ടംപററി കലാകാരന്‍മാര്‍ അണിനിരക്കുന്ന കലയെ സംബന്ധിച്ച്, ചൈനയില്‍ നിന്നുള്ള സമകാലീന കല എന്നീ എക്‌സിബിഷനുകളാണ് നടക്കുക. മാര്‍ച്ച്- ഏപ്രില്‍- മെയ് മാസങ്ങളിലായി അല്‍ രിവാഖിലെ ഖത്വര്‍ മ്യൂസിയം ഗാലറിയിലാണ് എക്‌സിബിഷന്‍. മതാഫ് ഗാലറിയില്‍ 2011ല്‍ നേരത്തെയിത് അരങ്ങേറിയിരുന്നു. പ്രത്യേകം ഗാലറികളില്‍ ഓരോ കലാകാരന്റെയും കലാപരമായ ഭാഷയും പ്രത്യേകതയും നിറഞ്ഞതായിരിക്കും പ്രദര്‍ശനം. ചൈനീസ് ചരിത്രവും സംസ്‌കാരവും വിവരിക്കുന്ന പ്രദര്‍ശനം കലയുടെ സാമൂഹിക- രാഷ്ട്രീയം പശ്ചാത്തലം കൂടി തുറന്നുകാണിക്കുന്നതാകും. ‘സില്‍ക് റോഡില്‍ നിന്നുള്ള പട്ടുകള്‍’ എന്ന പരിപാടി കതാറയില്‍ നടക്കും. പട്ട് കേന്ദ്രപ്രമേയമായി സ്വീകരിക്കുന്ന ഈ പരിപാടി, സില്‍ക് റോഡ് വ്യാപാരത്തിന് ചുക്കാന്‍ പിടിച്ച ഴെജിയാംഗില്‍ നിന്നുള്ള പ്രാദേശിക ഉത്പന്നങ്ങളെ അടിസ്ഥാനമാക്കിയാണ് അരങ്ങേറുക. പുരാതനവും ആധുനികവുമായ പട്ട് വസ്ത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും.
ചൈനയില്‍ ഖത്വര്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ലണ്ടനിലും ഇസ്താംബുളിലും നടന്ന പേള്‍സ് എക്‌സിബിഷനാണ് ബിജീംഗില്‍ അടുത്ത വര്‍ഷം ഉണ്ടാകുക. ചൈനയുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ടെന്ന് സാംസ്‌കാരിക, കലാ, പൈതൃക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി പറഞ്ഞു. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും രാഷ്ട്രങ്ങള്‍ക്കിടയില്‍ സംവാദാത്മക അന്തരീക്ഷവും മികച്ച പരസ്പരധാരണയും നിലനില്‍ക്കുന്നതിനും സംസ്‌കാരം മികച്ച ഉപാധിയാണെന്നും അതിനാലാണ് 2012ല്‍ ജപ്പാനുമായി ആദ്യ സാംസ്‌കാരിക വര്‍ഷം ആചരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്വറിനും ചൈനക്കും അതിശക്തമായ സാംസ്‌കാരിക സ്വത്വമുണ്ട്. ചരിത്രം, പൈതൃകം, പാരമ്പര്യം എന്നിവയില്‍ ഇരു രാഷ്ട്രങ്ങളും അതിയായി അഭിമാനിക്കുകയും ചെയ്യുന്നു. സാംസ്‌കാരിക മേഖലക്കപ്പുറം ഈ ബന്ധങ്ങള്‍ വളരാനും ദൃഢമാകാനും ഇത് സഹായിക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ല്‍ ബ്രിട്ടന്‍, 2014ല്‍ ബ്രസീല്‍, 21015ല്‍ തുര്‍ക്കി എന്നീ രാഷ്ട്രങ്ങളുമായാണ് സാംസ്‌കാരിക വര്‍ഷം ആചരിച്ചത്.