ബറാക് എട്ട് വിജയകരമായി പരീക്ഷിച്ചു

Posted on: December 31, 2015 5:22 am | Last updated: December 30, 2015 at 11:23 pm

കൊച്ചി: ഇന്ത്യന്‍ നാവിക പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടത്തിന് തുടക്കം കുറിച്ച് ഭൂതല- ആകാശ മിസൈലായ(എല്‍ ആര്‍ സാം) ബറാക് എട്ട് വിജയകരമായി പരീക്ഷിച്ചു. അറബിക്കടലില്‍ കൊച്ചിക്കും മുംബൈക്കും ഇടയില്‍ ഈ മാസം 29, 30 ദിവസങ്ങളില്‍ പുലര്‍ച്ചെ ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐ എന്‍ എസ് കൊല്‍ക്കത്തയില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. കപ്പലുകളില്‍ നിന്ന് തൊടുക്കാവുന്ന ദൈര്‍ഘ്യമേറിയ മിസൈലുകളിലൊന്നാണിത്. 50 കിലോമീറ്ററാണ് ദൂരപരിധി. നിലവില്‍ 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല- ആകാശ മിസൈലാണ് ഇന്ത്യക്കുള്ളത്. ബറാക് എട്ട് എത്തിയതോടെ ലോകത്തിലെ തന്നെ ഇത്തരം മിസൈല്‍ സംവിധാനമുള്ള ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. മിസൈലിനോടൊപ്പം ഗതി മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള റഡാര്‍ സംവിധാനവുമുണ്ട്.
ഇന്ത്യന്‍ നാവിക സേനയും പ്രതിരോധ സ്ഥാപനമായ ഡി ആര്‍ ഡി ഒയും ഇസ്‌റാഈലിന്റെ എയ്‌റോ സ്‌പേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ബറാക് എട്ട് രൂപകല്‍പ്പന ചെയ്തത്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡും റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റവുമാണ് നിര്‍മാണ മേല്‍നോട്ടം വഹിച്ചത്.