2015 വിട പറയുമ്പോള്‍

ലോകത്തിലെ ഒരു ശതമാനം സമ്പന്നരുടെ ആസ്തി താഴെത്തട്ടിലുള്ള 99 ശതമാനം പേരുടെ കൈവശമുള്ള അത്രതന്നെയാണ്! അതിസമ്പന്നരായ ഒരു ശതമാനം ആഗോളസമ്പത്തിന്റെ പകുതിയോളം കൈവശപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ'ഭരണത്തിന്റെ ഒന്നര വര്‍ഷക്കാലം കൊണ്ട് ശതകോടീശ്വരന്മാരുടെ എണ്ണം 100 ആയി ഉയര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭരണഘടനാവ്യവസ്ഥകളെയും മൂല്യങ്ങളെയും നിരാകരിച്ചുകൊണ്ടാണ് നവലിബറല്‍ മൂലധനവും ഹിന്ദുത്വവും ഇന്ത്യയില്‍ ഭരണം നടത്തുന്നത്.
Posted on: December 30, 2015 5:45 am | Last updated: December 29, 2015 at 11:47 pm

നവലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച അത്യഗാധമായ പ്രതിസന്ധിയും അത് സൃഷ്ടിച്ച അസമത്വങ്ങളും സംഘര്‍ഷങ്ങളുമായിരുന്നു 2015 നെ അരക്ഷിതപൂര്‍ണമാക്കിയത്. മുതലാളിത്ത ലോകത്തിന്റെ എല്ലാ പ്രത്യാശകളെയും അസ്ഥാനത്താക്കിക്കൊണ്ട് 2008-ല്‍ ആരംഭിച്ച പ്രതിസന്ധി തുടരുകയാണ്. 2014-ലെ ഐ എം എഫിന്റെ ലോകസാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ ആ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് 3.4 ശതമാനം ആയിരുന്നു. 2015-ല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കിലേക്ക് ആഗോളസമ്പദ്ഘടന കടക്കുമെന്നും പ്രതിസന്ധിയെ അതിജീവിക്കുമെന്നുമുള്ള ആത്മവിശ്വാസത്തോടെയാണ് ഐ എം എഫ് മേധാവി ലോകസാമ്പത്തിക അവലോകനം അവതരിപ്പിച്ചത്.
2015-ലെ ഒരാണ്ടിന്റെ പകുതിയില്‍ ഐ എം എഫിന്റെ മധ്യവാര്‍ഷിക അവലോകനം പുറത്തുവന്നു. ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചാതോത് 2014-നേക്കാള്‍ താഴോട്ട് പോയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. 3.1 ശതമാനം ആണ് ഐ എം എഫ് റിപ്പോര്‍ട്ട് പ്രകാരം ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക്. നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ ലോകത്തെല്ലായിടത്തും വികസനത്തിനുപകരം മുരടിപ്പാണ് സൃഷ്ടിച്ചിട്ടുള്ളത്. ലോകത്തിലെ 300 കോടിയിലേറെ മനുഷ്യര്‍ രണ്ടു നേരത്തെ ആഹാരത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവരാണ്. ലോകബേങ്കിന്റെ പഠനമനുസരിച്ച് ലോകജനതയില്‍ 100 കോടി പേര്‍ പരമദരിദ്രരാണ്. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവര്‍. മുതലാളിത്ത വികസനം സമ്പദ്ഘടനകളിലും ജനജീവിതത്തിലും അത്യന്തം‘ഭീതിദമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പരിസ്ഥിതി തകര്‍ച്ചയും നിയന്ത്രണരഹിതമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനവും പ്രകൃതിദുരന്തങ്ങളിലേക്ക് മനുഷ്യ സമൂഹത്തെയാകെ തള്ളിവിടുകയാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോളതാപനവും പ്രളയവും‘ഭൂഖണ്ഡങ്ങളിലാകെ മനുഷ്യജീവിതത്തെ അരക്ഷിതമാക്കിത്തീര്‍ത്തിരിക്കുകയാണ്. മുതലാളിത്ത വികസനവും നിയോലിബറല്‍ നയങ്ങളും ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കിയിരിക്കുന്നു. ലോകജനസംഖ്യയില്‍ 50 ശതമാനത്തോളം വരുന്ന ജനസമൂഹങ്ങളുടെയാകെ സമ്പത്ത് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിനു തുല്യമാണത്രെ. ഒരു‘ഭാഗത്ത് സമ്പത്തിന്റെ അമിതകേന്ദ്രീകരണം നടക്കുമ്പോള്‍ മറുഭാഗത്ത് ദാരിദ്ര്യത്തിന്റെ അഗാധഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണുന്നത്.‘ഭക്ഷണം, കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മുതലാളിത്ത നയങ്ങള്‍ അതിദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.
2009-നുശേഷമുള്ള ലോകസമ്പദ്ഘടനയുടെ വളര്‍ച്ച അതീവ മന്ദഗതിയിലായിരിക്കുകയാണ്. 2016 ആകുമ്പോഴേക്കും ആഗോളവളര്‍ച്ചാനിരക്ക് 3.8 ശതമാനം എങ്കിലും ആകുമെന്ന് പ്രവചനം നടത്തിയ ഐ എം എഫ് ലോകത്തിന്റെ മുരടിപ്പിലും സാമ്പത്തികവളര്‍ച്ചയുടെ താഴോട്ട് പോക്കിലും വിശദീകരണം നല്‍കാനാകാത്തവിധം ആശയക്കുഴപ്പത്തിലാണ്. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചെലവ് വെട്ടിക്കുറക്കല്‍ നയം അടിച്ചേല്‍പ്പിക്കുകയാണ് മുതലാളിത്ത ഭരണകൂടങ്ങള്‍. തൊഴിലാളികളുടെയും കൃഷിക്കാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സേവനവേതന വ്യവസ്ഥകളും സര്‍ക്കാര്‍ സഹായങ്ങളും ഇല്ലാതാക്കപ്പെടുകയാണ്. മുതലാളിത്ത പ്രതിസന്ധിയുടെ ‘ഭാരം മുഴുവന്‍ ദരിദ്രരുടെയും അദ്ധ്വാനിക്കുന്നവരുടെയും മേല്‍ കെട്ടിവെച്ച് ഊഹക്കച്ചവട മൂലധനപ്രവര്‍ത്തനത്തിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരമുണ്ടാക്കുകയാണ് മുതലാളിത്ത ഭരണകൂടങ്ങള്‍.
2015 ലോകത്തിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അഗാധമാക്കുകയാണ് ചെയ്തത്. ക്രെഡിറ്റ്‌സ്യൂസെ എന്ന സ്വിസ്‌ബേങ്ക് 2015 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സമ്പന്നതയുടെ ഗിരിശൃംഗങ്ങളില്‍ കഴിയുന്നവരെയും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍പെട്ടുപോയവരെയും സംബന്ധിച്ച വിവരങ്ങളാണ് ഉള്ളത്. ലോകത്തിലെ ഒരു ശതമാനം സമ്പന്നരുടെ ആസ്തി താഴെത്തട്ടിലുള്ള 99 ശതമാനം പേരുടെ കൈവശമുള്ള അത്രതന്നെയാണ്! അതിസമ്പന്നരായ ഒരു ശതമാനം ആഗോളസമ്പത്തിന്റെ പകുതിയോളം കൈവശപ്പെടുത്തിയിരിക്കുന്നു. ക്രെഡിറ്റ്‌സ്യൂസെ റിപ്പോര്‍ട്ട് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്:
മൊത്തം ആഗോള ആസ്തി 250 ലക്ഷം കോടി ഡോളര്‍. ഇതിന്റെ 50 ശതമാനം അതായത് 125 ലക്ഷം കോടി ഡോളര്‍. ഏറ്റവും മുകളിലുള്ള ഒരു ശതമാനം തട്ടിയെടുത്തിരിക്കുന്നു. ഏറ്റവും താഴെതട്ടില്ലുള്ള 50 ശതമാനം ആളുകള്‍ക്ക് ഈ ആസ്തിയുടെ ഒരു ശതമാനം മാത്രം. അതായത് 2.5 ലക്ഷം കോടി ഡോളര്‍ മാത്രം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ ഏഴ് കോടി ആളുകള്‍ക്ക് 125 ലക്ഷം കോടി ഡോളറും 350 കോടി ആളുകള്‍ക്ക് 2.5 ലക്ഷം കോടി ഡോളറും.
ഇന്ത്യയിലും സമ്പദ്ഘടന കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെടുകയാണ്. കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ന്ന് ഇന്ത്യയെ അതിവേഗം ദരിദ്രവത്കരിക്കുകയാണ്. നരേന്ദ്ര മോദിയുടെ‘ഭരണത്തിന്റെ ഒന്നര വര്‍ഷക്കാലം കൊണ്ട് ശതകോടീശ്വരന്മാരുടെ എണ്ണം 100 ആയി ഉയര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭരണഘടനാവ്യവസ്ഥകളെയും മൂല്യങ്ങളെയും നിരാകരിച്ചുകൊണ്ടാണ് നവലിബറല്‍ മൂലധനവും ഹിന്ദുത്വവും ഇന്ത്യയില്‍ ഭരണം നടത്തുന്നത്. വികാസ്പുരുഷനെന്ന പ്രതീതി സൃഷ്ടിച്ച് അധികാരത്തിലെത്തിയ നരേന്ദ്ര മോദി കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ വിനീതദാസന്‍ മാത്രമാണ്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ എല്ലാ മേഖലകൡലേക്കും വിദേശമൂലധനത്തെ ക്ഷണിച്ചുകൊണ്ടുവരികയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്ത്യ തുടങ്ങിയ ശബ്ദമുദ്രകളിലൂടെ നേരിട്ടുള്ള വിദേശമൂലധനനിക്ഷേപത്തിന് ചുവന്ന പരവതാനി വിരിക്കുകയാണ്.
ഇന്‍ഷ്വറന്‍സ്, ബേങ്കിംഗ്, ഖനനം, പ്രതിരോധം, തുറമുഖം, വ്യോമയാനം തുടങ്ങി സമസ്ത മേഖലകളിലും വിദേശമൂലധനത്തിന് നിക്ഷേപസൗകര്യമൊരുക്കുന്നു. മോദി ഭരണത്തിന് കീഴില്‍ കോര്‍പ്പറേറ്റുകള്‍ തടിച്ചുകൊഴുക്കുമ്പോള്‍, ആഗോളമൂലധനം ഇന്ത്യയുടെ വിഭവങ്ങളെയും ദേശീയ സമ്പത്തിനെയും കവര്‍ന്നെടുക്കുമ്പോള്‍, സാധാരണജനങ്ങള്‍ ദരിദ്രരും പട്ടിണിക്കാരുമായി മാറുകയാണ്. സാധാരണക്കാര്‍ക്കുള്ള ക്ഷേമപദ്ധതികളും സബ്‌സിഡി സഹായങ്ങളും ഒന്നൊന്നായി ഇല്ലാതാക്കുന്നു. ഭക്ഷ്യസുരക്ഷ തകര്‍ക്കുകയാണ്. കാര്‍ഷികരംഗത്തും വ്യവസായരംഗത്തും നിയോലിബറല്‍ നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധി തീഷ്ണമായിരിക്കുകയാണ്. യു പി എ ഭരണകാലത്തേക്കാള്‍ കര്‍ഷക ആത്മഹത്യയുടെ നിരക്ക് 26 ശതമാനം വര്‍ധിച്ചിരിക്കുന്നു. പാവപ്പെട്ട തൊഴിലാളികളുടെ വേതനനിരക്കും സേവനാനുകൂല്യങ്ങളും ഇടിയുകയും സംഘടിതമേഖലയിലും അസംഘടിതമേഖലയിലും ഒരുപോലെ നിഷേധിക്കപ്പെടുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ വികസന ഫണ്ടുകള്‍ വെട്ടിക്കുറക്കുകയാണ്. ദരിദ്രരും സാമൂഹ്യമായി അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനസമൂഹങ്ങള്‍ക്ക് ഭരണഘടനനല്‍കുന്ന പരിരക്ഷകളും സംവരണമടക്കമുള്ള ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കാനുള്ള അത്യന്തം നിന്ദ്യമായ നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ അനുസരിച്ച് 2011-ല്‍ 55 ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്ന ഇന്ത്യയില്‍ ഇന്ന് 100 ശതകോടീശ്വരന്മാര്‍ ഉണ്ടായിരിക്കുകയാണ്. ഇവരുടെ ഏകദേശ ആസ്തി 22,49,000 കോടി രൂപയാണത്രെ! സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ധിക്കുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന ജനകീയസമരങ്ങളെ ശിഥിലമാക്കാനാണ് ഗോവധവും ഘര്‍വാപസിയും ലൗജിഹാദും തുടങ്ങി വര്‍ഗീയ അജന്‍ഡകള്‍ ഹിന്ദുത്വശക്തികള്‍ ഒന്നിനുപിറകെ ഒന്നായി പരീക്ഷിക്കുന്നത്. അസഹിഷ്ണുത ഒരു സംസ്‌കാരവും അപരമത വിദേ്വഷം ഒരു ഉന്മാദവുമായി വളര്‍ത്തി ജനങ്ങളുടെ ഐക്യത്തെയും യോജിച്ച മുന്നേറ്റങ്ങളെയും തകര്‍ക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ യത്‌നിച്ചുകൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ അധിനിവേശതാത്പര്യങ്ങളാണ് ഹിന്ദുത്വവത്കരണത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്കനഭിമതരായവരെ വേട്ടയാടിയും സംസ്‌കാരസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും ആഗോളമൂലധനതാത്പര്യങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന ജനാധിപത്യ രാഷ്ട്രീയത്തെയും ജനകീയ ഐക്യത്തെയും അസ്ഥിരമാക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.