തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളയുടെ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമം. കായികമേള ഏറ്റെടുത്തു നടത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെ കോഴിക്കോടാകും മേള നടക്കുക. സംസ്ഥാനത്തിന്റെ താത്പര്യവും തീയതിയും ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷനെ അറിയിക്കാനും തീരുമാനമായി.
കോഴിക്കോട് മെഡിക്കല്‍ കോളജ് മൈതാനമാകും മുഖ്യ വേദി. കായികമേള നടത്തിപ്പില്‍ നിന്ന് സംസ്ഥാനം നേരത്തേ പിന്മാറിയത് മീറ്റ് നടക്കില്ലെന്ന ആശങ്കക്ക് ഇടയാക്കിയിരുന്നു. ഇത് കായികതാരങ്ങളുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കി. തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെയും ഒളിമ്പ്യന്‍ പി ടി ഉഷയുടെയും ഇടപെടലിനെ തുടര്‍ന്നാണ് മേള നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായത്.