വൈദ്യുതി-ജലശുദ്ധീകരണ അറബ് സമ്മേളനം ദോഹയില്‍

Posted on: December 29, 2015 7:25 pm | Last updated: December 29, 2015 at 8:26 pm

ദോഹ: അറബ് വൈദ്യുതോര്‍ജ, ജലശുദ്ധീകരണ സമ്മേളനം ഫെബ്രുവരിയില്‍ ദോഹയില്‍ നടക്കും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകൃര്‍ത്വത്തില്‍ ഖത്വര്‍ സൊസൈറ്റി ഓഫ് എന്‍ജിനീയറിംഗാണ് ഊര്‍ജ, വ്യവസായ മന്ത്രാലയവുമായും ഫെഡറേഷന്‍ ഓഫ് അറബ് എന്‍ജിനീയേഴ്‌സുമായും സഹകരിച്ച് സമ്മേളനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 22, 23 തിയതികളില്‍ സമ്മേളനം നടക്കും.
‘അറബ് രാജ്യങ്ങളിലെ ഊര്‍ജ സ്രോതസ്സും ജലശുദ്ധീകരണവും’ എന്ന സന്ദേശത്തിലാണ് സമ്മേളനം നടക്കുന്നത്. ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍, ഖത്വര്‍ പെട്രോളിയം, ഖത്വര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കമ്പനി എന്നീ സ്ഥാപനങ്ങളും സമ്മേളനവുമായി സഹകരിക്കും. വൈദ്യുതോര്‍ജ രംഗത്തും ജലശുദ്ധീകരണ രംഗത്തും അറബ് രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് ഖത്വര്‍ എന്‍ജിനീയേഴ്‌സ് സൊസൈറ്റി ചെയര്‍മാന്‍ അഹ്മദ് ജാസിം അല്‍ ജലാ പറഞ്ഞു. അറബ് രാജ്യങ്ങളില്‍ വികസനങ്ങള്‍ വരുകയും ഊര്‍ജ ആവശ്യം വര്‍ധിക്കുകയും ചെയ്യുന്ന സാഹചരത്തിലാണ് സമ്മേളനം നടക്കുന്നത്.
പ്രകൃതി സ്രോതസ്സുകളെ ഉപയോഗിക്കുന്ന രീതി അറബ് നാടുകളില്‍ തുടരുന്നുണ്ട്. എന്നാല്‍, ആവശ്യത്തെ മറികടക്കാന്‍ കഴിയുന്നതല്ല അത്. ഊര്‍ജോത്പാദനത്തിനും ശുദ്ധജല സംസ്‌കരണത്തിലും വൈവിധ്യവത്കരണം സാധ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ആശയങ്ങള്‍ പങ്കു വെക്കുകയും പുതിയ മാര്‍ഗങ്ങള്‍ തേടുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഊര്‍ജോത്പാദന രംഗം വൈവിധ്യവത്കരിക്കുന്നതിനാവശ്യമായ മനുഷ്യവിഭവങ്ങളെ സൃഷ്ടിക്കുകയും വൈദഗ്ധ്യം നേടുകയും ചെയ്യേണ്ടതുണ്ട്. സമ്മേളനത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയുള്ള പഠനങ്ങള്‍ക്കും തുടക്കം കുറിക്കും. ആണവോര്‍ജവും സൗരോര്‍ജവും ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ചകളും സിമ്പോസിയങ്ങളും സമ്മേളനത്തിന്റെ ഭമാഗമായി നടക്കും.
18 അറബ് രാജ്യങ്ങളില്‍ നിന്നായി 18 സബ്‌സിഡയറി വിഭാഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറബ് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ ജന. സെക്രട്ടറി ഡോ. ആദില്‍ അല്‍ ഹദീദി പറഞ്ഞു. ഖത്വറില്‍നിന്നും വിവിധ അറബ് രാജ്യങ്ങളില്‍ വിദഗ്ധരുടെയും സംരംഭകരുടെയും വന്‍ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. 12 പ്രബന്ധങ്ങള്‍ ഇതിനകം സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി ഖത്വറില്‍നിന്നും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രതീക്ഷിക്കുകയാണ്. ചുരുങ്ങിയത് 18 പേപ്പറുകള്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രത്യാശയെന്നും സംഘാടകര്‍ പറഞ്ഞു.