മൈക്രോസോഫ്റ്റ് ഇന്നൊവേറ്റീവ് എജുക്കേറ്റര്‍: ഖത്വറില്‍ നിന്ന് 47 പേര്‍

Posted on: December 29, 2015 7:00 pm | Last updated: December 29, 2015 at 7:36 pm

ദോഹ: ഖത്വറില്‍ നിന്ന് 47 പേരെ മൈക്രോസോഫ്റ്റ് ഇന്നൊവേറ്റീവ് എജുക്കേറ്റര്‍ (എം ഐ ഇ) വിദഗ്ധരായി മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്തു. ആഗോളതലത്തില്‍ 5600 എജുക്കേറ്റര്‍മാരാണ് ഉള്ളത്. ആശയങ്ങള്‍ പങ്കുവെക്കുന്നതിനും പുതിയ സമീപനങ്ങള്‍ പരീക്ഷിക്കാനും ഓരോരുത്തരില്‍ നിന്നും കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഓരോ വര്‍ഷവും മൈക്രോസോഫ്റ്റ് എജുക്കേറ്റര്‍മാരെ തിരഞ്ഞെടുക്കാറുണ്ട്. സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും ക്ലാസ് റൂമുകളിലും കരിക്കുലത്തിലും വരുത്തേണ്ട നവീന മാറ്റങ്ങളും ആശയങ്ങളും വിദഗ്ധര്‍ക്ക് പങ്കുവെക്കുന്നതിനും അവസരമുണ്ടാകും.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതില്‍ മൈക്രോസോഫ്റ്റിന് എങ്ങനെ ഇടപെടാമെന്നതും പ്രത്യേക വിഷയമാണ്. കഴിഞ്ഞ വര്‍ഷം നാല് പേരായിരുന്നു ഖത്വറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണത്തേത് വലിയ മാറ്റമാണെന്നും ചരിത്രമാണെന്നും മൈക്രോസോഫ്റ്റ് ഗള്‍ഫ് റീജ്യനല്‍ എജുക്കേഷന്‍ ലീഡര്‍ അഹ്മദ് അമീന്‍ അശൂര്‍ പറഞ്ഞു. മാര്‍ച്ചില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന മൈക്രോസോഫ്റ്റ് എക്‌സ്‌ചേഞ്ച് ഇവന്റില്‍ പങ്കെടുക്കാം.