Connect with us

International

അഴിമതിക്കേസ്: യഹൂദ് ഒല്‍മര്‍ട്ടിന്റെ തടവ്ശിക്ഷ 18 മാസമായി ലഘൂകരിച്ചു

Published

|

Last Updated

ജറുസലേം: അഴിമതിക്കേസില്‍ ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ടിന് വിചാരണക്കോടതി വിധിച്ച ആറ് വര്‍ഷം തടവ് സുപ്രിം കോടതി 18 മാസമായി ലഘൂകരിച്ചു. 2006ല്‍ ജറുസലേം മേയറായിരിക്കെ നടന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. 2014ലാണ് ഒല്‍മര്‍ട്ടിനെ വിചാരണക്കോടതി ആറ് വര്‍ഷത്തേക്ക് ശിക്ഷിച്ചത്. തുടര്‍ന്ന് ഒല്‍മര്‍ട്ട് നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രിം കോടതി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.

ഹോളിലാന്‍ഡ് ഫഌറ്റ് സമുച്ചയങ്ങളുടെ നിര്‍മാതാക്കളില്‍ നിന്ന് 130,000 ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ഒല്‍മര്‍ട്ട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാണ് സുപ്രിം കോടതി നടപടി. അതേസമയം, മറ്റൊരു കമ്പനിയില്‍ നിന്ന് 60,000 ഇസ്‌റാഈല്‍ ഷെക്കേല്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം സുപ്രിം കോടതി ശരിവെക്കുകയും ചെയ്തു.

തന്റെ നെഞ്ചില്‍ നിന്ന് വലിയ ഭാരമാണ് ഒഴിഞ്ഞതെന്ന് കോടതി വിധിയോട് ഒല്‍മര്‍ട്ട് പ്രതികരിച്ചു. താന്‍ ആരോടും കൈക്കൂലി വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2009ലാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒല്‍മര്‍ട്ട് ഒഴിഞ്ഞത്. ജയിലില്‍ പോകുന്നതോടെ ആദ്യമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന ഇസ്‌റാഈല്‍ ഭരണാധികാരിയായിരിക്കും ഒല്‍മര്‍ട്ട്. ഫെബ്രുവരി 15മുതലാണ് ശിക്ഷാ കാലാവധി ആരംഭിക്കുന്നത്.

Latest