പി കെ ഗോപാലന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക: ഉമ്മന്‍ ചാണ്ടി

Posted on: December 29, 2015 6:48 pm | Last updated: December 29, 2015 at 6:48 pm

കല്‍പ്പറ്റ: തന്റെ ജീവിത കാലം മുഴുവന്‍ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിസ്വാര്‍ഥമായ തൊഴിലാളി പ്രവര്‍ത്തനത്തിനും ഉഴിഞ്ഞു വെച്ച പി കെ ഗോപാലന്റെ ജീവിതം പൊതു പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡി സി സി, ഐ എന്‍ ടി യു സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യവസായങ്ങള്‍ നിലനിര്‍ത്താനാവശ്യമായ നിലപാടുകളില്‍ മാനേജ്‌മെന്റിനോട് വിട്ടു വീഴ്ചക്ക് തയ്യാറാകുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വിട്ടു വീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു പി കെ ഗോപാലന്‍. ദീര്‍ഘകാലത്തെ ആത്മ ബന്ധമുണ്ടായിരുന്ന തനിക്ക് പി കെ ഗോപാലന്റെ വിയോഗം മൂലം വയനാട്ടിലെ കോണ്‍ഗ്രസിനും ഐ എന്‍ ടി യു സി അടക്കമുള്ള കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1977ല്‍ താന്‍ തൊഴില്‍മന്ത്രിയായിരുന്നപ്പോഴാണ് ഗോപാലന്റെ പ്രവര്‍ത്തനശൈലി ശരിക്കും മനസ്സിലായത്. തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണത്തില്‍ അദ്ദേഹം വിട്ടുവീഴ്ചകള്‍ക്ക് തയാറാകുമായിരുന്നില്ല-മുഖ്യമന്ത്രി പറഞ്ഞു.
ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആര്യാടന്‍മുഹമ്മദ്, എം കെ മുനീര്‍, പി കെ ജയലക്ഷ്മി, ആര്‍ ചന്ദ്രശേഖരന്‍, വയനാട് എം പി എം ഐ ഷാനവാസ്,എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്‌കുമാര്‍,വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍,കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, എന്‍ ഡി അപ്പച്ചന്‍, പി പി ആലി, പി ഗഗാറിന്‍, പി പി എ കരീം, വിജയന്‍ ചെറുകര, കെ സദാനന്ദന്‍, എം സി സെബാസ്റ്റ്യന്‍, കെ കെ ഹംസ, ഏച്ചോം ഗോപി, പി ടി ഗോപാലക്കുറുപ്പ്, പി വി ബാലചന്ദ്രന്‍, എം എസ് വിശ്വനാഥന്‍, കെ വി പോക്കര്‍ ഹാജി, വി എ മജീദ്, എന്‍ കെ വര്‍ഗീസ്, സി ജയ പ്രസാദ്, എം എ ജോസഫ്, എ പി ശ്രീകുമാര്‍, മാണി ഫ്രാന്‍സീസ്, തങ്കമ്മ യേശുദാസ്, പി കെ കുഞ്ഞിമൊയ്തീന്‍,ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, ടി ഉഷാകുമാരി, ബിന്ദു ജോസ്, അസ്മത്ത്, വിജയമ്മ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.