ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം: ആരോഗ്യമേഖല വന്‍വിപത്തിന് കാതോര്‍ക്കുന്നു

Posted on: December 29, 2015 6:00 am | Last updated: December 28, 2015 at 11:48 pm

കണ്ണൂര്‍:ഓണ്‍ ലൈന്‍ മരുന്ന് വ്യാപാരം ആരോഗ്യ മേഖലയില്‍ വന്‍ ഭീഷണി സൃഷ്ടിക്കുമെന്ന ആശങ്ക ബലപ്പെടുന്നു. ഔഷധങ്ങള്‍ വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ഒന്നും തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ബാധകമല്ലെന്നതാണ് ആശങ്കക്ക് കാരണമായിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടി വേണ്ടതും രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്ത് വില്‍ക്കേണ്ടതുമായ ഷെഡ്യൂള്‍ഡ് എച്ച് വണ്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഓണ്‍ലൈനിലൂടെ കിട്ടുന്നത് ഈ മേഖലയില്‍ വന്‍ വിപത്തിന് കാരണമാകും. ഡോക്ടറുടെ ഉപദേശമില്ലാതെ ഏത് മരുന്നും ഓണ്‍ലൈനിലൂടെ വാങ്ങിക്കഴിക്കാമെന്നുള്ള സ്ഥിതി പൊതുജനാരോഗ്യത്തിന് തിരിച്ചടിയാണുണ്ടാക്കുക. കാലാവധി കഴിഞ്ഞ മരുന്നുകളും ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന അവസ്ഥയുണ്ടാവും. രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണറുടെ കുറിപ്പടി കൂടാതെ ഔഷധ വില്‍പ്പനശാലകളില്‍ നിന്ന് മരുന്നുകള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇതിനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും ഫാര്‍മസി കൗണ്‍സില്‍ അംഗവുമായ ടി പി രാജീവന്‍ സിറാജിനോട് പറഞ്ഞു.
ഓണ്‍ലൈന്‍ ഔഷധവ്യാപാരം രാജ്യത്ത് ആരംഭിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്ര ഡ്രഗ്‌സ് കണ്‍ട്രോളര്‍ ചെയര്‍മാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് നീക്കമെന്നറിയുന്നു. ഷെഡ്യൂള്‍ പത്തില്‍ ഉള്‍പ്പെട്ട നര്‍കോട്ടിക്, സൈക്കോട്രോപിക് മരുന്നുകള്‍ക്കാകട്ടെ ഇരട്ട കുറിപ്പടികള്‍ കൂടിയേ മതിയാവൂ എന്നാണ് നിയമം. ഈ മരുന്നുകള്‍ നല്‍കുമ്പോള്‍ ഇരട്ടകുറിപ്പടിയില്‍ ഒന്ന് ഔഷധ വ്യാപാരി രണ്ടുവര്‍ഷം വരെ സൂക്ഷിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മരുന്നുവില്‍പനക്ക് ഇത്തരം നിയന്ത്രണങ്ങള്‍ ബാധകമാവുന്നില്ല. കുട്ടികള്‍ ഉള്‍പ്പെടെ കരുതല്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ ഔഷധങ്ങള്‍ കൈവശപ്പെടുത്തല്‍, ആവശ്യമായ അനുമതിയോ, നിലവാരമോ ഇല്ലാത്ത ഔഷധങ്ങളുടെ വ്യാപനം എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ഓണ്‍ലൈന്‍ മരുന്നുവ്യാപാരം ആരോഗ്യമേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്. ഇന്ത്യയിലെ 7.2 ലക്ഷം വരുന്ന ഫാര്‍മസിസ്റ്റുകള്‍ക്കും ഇവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ക്കും ഓണ്‍ലൈന്‍ മരുന്നുവ്യാപാരം കനത്തപ്രഹരമാകുമെന്നാണ് അഖിലേന്ത്യാ കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ഓണ്‍ലൈന്‍ വ്യാപാരത്തിന് പച്ചക്കൊടി കിട്ടിയാല്‍ ചില്ലറ മെഡിക്കല്‍ ഷോപ്പുടമകള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. കേരളത്തില്‍ 15,000 ത്തോളം മെഡിക്കല്‍ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
1956ന് മുമ്പാണ് രാജ്യത്ത് ഔഷധ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവില്‍ വന്നത്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവില്‍ വന്നത് 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന് ശേഷമാണ്. ഓണ്‍ലൈന്‍ ഔഷധവ്യാപാരത്തെ നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്ത് നിയമങ്ങളും നിലവിലില്ല. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറമേ വിദേശ കമ്പനികളും രാജ്യത്ത് ഓണ്‍ലൈനിലൂടെ മരുന്നുവില്‍പന ആരംഭിക്കുന്നത് നിയന്ത്രിക്കാനോ തടയാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഫെബ്രുവരി 24ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
അതിനിടെ, ഓരോ രോഗത്തിനും പല പേരുകളിലായി നിരവധി മരുന്നുകളിറങ്ങി സംസ്ഥാനത്ത് ഔഷധ വിപണിയിലെ മറിമായങ്ങള്‍ തുടരുകയാണ്. ജനറിക് കമ്പനിയുടെ പാരസിറ്റമോളിന് (പാരസിപ് 650) മരുന്നുകടക്കാരന്‍ നല്‍കേണ്ടിവരുന്നത് 7.80 രൂപ. വില്‍ക്കുന്നത് 18 രൂപക്ക്. 250 ശതമാനം മുതല്‍ മുകളിലേക്കാണ് ലാഭം ഈടാക്കുന്നത്. ഇതേ മരുന്ന് അറിയപ്പെടുന്ന കമ്പനിയുടേത് (മെടമോള്‍ 650) കച്ചവടക്കാരന് കിട്ടുന്നത് 15.94 രൂപക്ക്. വില്‍ക്കുന്നത് 19.50 രൂപക്കും. ഡോളോ 65ന്റെ വിലനിലവാരവും ഏകദേശം ഇതുപോലെ തന്നെ. ഇവിടെ ലാഭം 17 മുതല്‍ 20 ശതമാനം വരെയാണ്.
അലര്‍ജിക്കും തുമ്മലിനുമുള്ള മരുന്നാണ് സെട്രിസിന്‍. ഇതില്‍ ഒക്കാസെഡ് എന്ന ഗുളിക 4.50 രൂപക്ക് കിട്ടുമ്പോള്‍ വില്‍ക്കുന്നത് 20 രൂപക്കാണ്. എന്നാല്‍, നല്ല കമ്പനിയുടെ ഫാസ്റ്റ്‌സെറ്റ് എന്ന ഗുളിക കച്ചവടക്കാരന് കിട്ടുന്നത് 16.53 രൂപയ്ക്കാണ്. വില്‍ക്കുന്നത് 19.50 രൂപയ്ക്കും. മിക്കവാറും മരുന്നുകളെല്ലാം ഈ അവസ്ഥയിലാണ് വിപണിയില്‍ കറങ്ങുന്നത്. സംസ്ഥാന സര്‍ക്കാര്‍ പോലും ഉത്തരാഞ്ചല്‍, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ കമ്പനികള്‍ക്കാണ് പലപ്പോഴും മരുന്നിന് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍, ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ തലത്തില്‍ ഉദ്യോഗസ്ഥ സംഘം കമ്പനികള്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും കാര്യമായ പ്രയോജനം ഉണ്ടാകുന്നില്ല. മരുന്ന് നിര്‍മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തു മുതല്‍ ഗുണനിലവാരം ഫലപ്രദമാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.