ഐ ഡികളിലെ അക്ഷരപ്പിശകുകള്‍ വിമാനയാത്രക്കു തടസ്സമുണ്ടാക്കും

Posted on: December 28, 2015 9:46 pm | Last updated: December 30, 2015 at 9:09 pm

qatar.ദോഹ: ഖത്വറില്‍ പുതുതായി അവതരിപ്പിച്ച റസിഡന്റ്‌സ് ഐ ഡി കാര്‍ഡിലെ അക്ഷരപ്പിശകുകള്‍ പ്രവാസികളുടെ യാത്ര മുടക്കും. പാസ്‌പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ള പേര്, ജനനതിയ്യതി, സ്ഥലം എന്നിവയില്‍നിന്ന് വ്യത്യസ്തമായി ഐ ഡി കാര്‍ഡില്‍ ഒരു അക്ഷരമോ അക്കമോ മാറിയാലും പ്രശ്‌നമാണെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഐ ഡി കാര്‍ഡിലെ ചെറിയ പിശകുകളെത്തുടര്‍ന്ന് യാത്ര മുടങ്ങുന്ന സംഭവം അപൂര്‍വമാണെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പുതിയ കാര്‍ഡ് ലഭിച്ചവര്‍ക്കാണ് ഈ പ്രശ്‌നം. നേരത്തേ പാസ്‌പോര്‍ട്ടിലാണ് വിസ അടിച്ചിരുന്നതെന്നതിനാല്‍ രണ്ടു രേഖകള്‍ ഒത്തു നോക്കുന്ന പ്രശ്‌നം ഇല്ലായിരുന്നു. എന്നാല്‍ പുതിയ റസിഡന്റ് കാര്‍ഡുള്ളവര്‍ക്ക് ഖത്വര്‍ വിസയുള്ളതിനു തെളിവായി ഹാജരാക്കുന്നതും ഈ കാര്‍ഡാണ്. ചെക്ക് ഇന്‍ കൗണ്ടറിലെ എയര്‍ലൈന്‍ ജീവനക്കാരും ഇമിഗ്രേഷന്‍ ജീവനക്കാരും പാസ്‌പോര്‍ട്ടും കാര്‍ഡും സൂക്ഷ്മ പരിശോധനക്കു വിധേയമാക്കുന്നു. ആള്‍മാറാട്ടം പോലുള്ളവ തടയുന്നതിനുള്ള ജാഗ്രതയുടെ ഭാഗമായാണ് പരിശോധനയെങ്കിലും ഫലത്തില്‍ ഇത് പ്രവാസികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ജാഫര്‍ഖാന്‍ പറഞ്ഞു.
പാസ്‌പോര്‍ട്ടില്‍ വിസ അടിക്കുന്നതു നിര്‍ത്തി പകരം റസിഡന്റ്‌സ് കാര്‍ഡ് വിസ രേഖകൂടിയായി പരിഗണിക്കുന്നതിനാല്‍ രാജ്യത്തിനു പുറത്തുള്ള യാത്രക്ക് ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഐ ഡി ഇല്ലാതെ യാത്ര മുടങ്ങുന്ന സംഭവങ്ങള്‍ നേരത്തേ സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിനു പുറത്തു പോകുന്ന വിദേശികള്‍ നിര്‍ബന്ധമായും റസിഡന്റസ് ഐ ഡി കൈവശം വെക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിപ്പ് പുറത്തിറക്കിയിരുന്നു. പാസ്‌പോര്‍ട്ടിലെ ഗിവന്‍ നെയിമും സര്‍നെയിമും സ്ഥാനം മാറിയതും പേരിനൊപ്പം വീട്ടു പേരു കൂടി ചേര്‍ത്തതുമായ കേസുകളില്‍ പലപ്പോഴും ഖത്വര്‍ ഐ ഡി കാര്‍ഡില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് പിതാവിന്റെ പേരോ വീട്ടുപേരോ ആയിരിക്കും. ഇതും എയര്‍പോര്‍ട്ടില്‍ യാത്ര തടസപ്പെടാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐ ഡി കാര്‍ഡ് ലഭിക്കുമ്പോള്‍ തന്നെ പാസ്‌പോര്‍ട്ടിലെതിനു സമാനമായ വിവരങ്ങള്‍ തന്നെയാണ് ഐ ഡി കാര്‍ഡില്‍ ചേര്‍ത്തിരിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും തെറ്റുണ്ടെങ്കില്‍ ഉടന്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍ പിന്നീട് പ്രയാസപ്പെടേണ്ടി വരുമെന്നും അഡ്വ. ജാഫര്‍ഖാന്‍ പറഞ്ഞു. ഇത്തരം ഏതാനും സംഭവങ്ങള്‍ ഇതിനകം ശ്രദ്ധയില്‍വന്നിട്ടുണ്ട്. പാസ്‌പോര്‍ട്ടില്‍ തെറ്റായി ചേര്‍ത്ത അക്ഷരങ്ങളോ അക്കങ്ങളോ വിസയില്‍ ശരിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രയാസം നേരിടേണ്ടി വരും. ഇത്തരം ഘട്ടങ്ങളില്‍ പാസ്‌പോര്‍ട്ടില്‍ തിരുത്തിയ ശേഷമാണ് വിസയില്‍ മാറ്റം വരുത്തേണ്ടത്.