ദാദ്രി കൊലപാതകം: അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി

Posted on: December 28, 2015 3:13 pm | Last updated: December 29, 2015 at 1:04 pm

aklaqന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് അക്രമികള്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് വെറ്റിനറി ഓഫീസറുടെ റിപ്പോര്‍ട്ട്. അഖ്‌ലാഖിന്റെ കുടുംബം പശുവിനെ കൊന്ന് ഭക്ഷിച്ചുവെന്ന് അടുത്തുള്ള അമ്പലത്തില്‍ നിന്ന് അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് അക്രമികള്‍ സംഘടിച്ചെത്തി അഖ്‌ലാഖിനെ അടിച്ചു കൊല്ലുകയായിരുന്നു. അക്രമത്തില്‍ അഖ്‌ലാഖിന്റെ മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തങ്ങള്‍ കഴിച്ചത് ആട്ടിറച്ചിയാണെന്ന് അഖ്‌ലാഖിന്റെ മകള്‍ അന്ന് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഖ്‌ലാഖിന്റെ കൊലപാതകം രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. രാജ്യത്ത് വളര്‍ന്ന് വരുന്ന അസഹിഷ്ണുതയുടെ ഉദാഹരണമാണ് കൊലപാതകമെന്നാരോപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. എന്നാല്‍ അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ സമീപനം.