ശുഭാപ്തിവിശ്വാസം എത്രമാത്രം?

Posted on: December 28, 2015 5:28 am | Last updated: December 27, 2015 at 8:46 pm

റഷ്യന്‍ പര്യടനത്തിന് പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത അഫ്ഗാന്‍, പാക് സന്ദര്‍ശനങ്ങള്‍ മേഖലയില്‍ ഇന്ത്യ സമീപകാലത്ത് കൈക്കൊണ്ട നയതന്ത്ര ഇടപെടലുകളില്‍ ഏറ്റവും ശ്രദ്ധേയവും പ്രതീക്ഷാനിര്‍ഭരവുമാണ്. രഹസ്യാത്മകതയും നാടകീയതയും ചോദ്യം ചെയ്യുമ്പോഴും അത് സൃഷ്ടിച്ച ക്രിയാത്മകമായ അന്തരീക്ഷം നിര്‍ണായകമാണെന്ന് സമ്മതിക്കേണ്ടിവരും. മോസ്‌കോയില്‍ നിന്ന് കാബൂളിലെത്താനുള്ള സാധ്യത ചില നിരീക്ഷകര്‍ നേരത്തേ മുന്നോട്ട് വെച്ചിരുന്നുവെങ്കില്‍ ലാഹോര്‍ സന്ദര്‍ശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. അഫ്ഗാനിസ്ഥാനായി ഇന്ത്യ പണിതു നല്‍കിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ ഫോണില്‍ വിളിക്കുകയായിരുന്നു. ജന്‍മദിനാശംസകള്‍ നേര്‍ന്ന ശേഷം തന്റെ ലാഹോര്‍ സന്ദര്‍ശനക്കാര്യം അറിയിച്ചു. ലാഹോറിനടുത്ത് റായ്‌വിന്തിലെ ശരീഫിന്റെ വസതിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മോദിയെത്തുമ്പോള്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടി സി എ രാഘവന് പോലും ഈ സന്ദര്‍ശനത്തെ കുറിച്ച് ഒരു മുന്നറിവും ഉണ്ടായിരുന്നല്ല. ശരീഫിന്റെ കൊച്ചു മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത മോദി അവിടെ ഒരു മണിക്കൂറിലധികം ചെലവഴിക്കുകയും ചെയ്തു.
ഇന്ത്യയെയും പാക്കിസ്ഥാനെയും പരമ്പരാഗത വൈരികളെന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഈ രാജ്യങ്ങള്‍ ഇടപെടുന്ന കളിയായാലും കാര്യമായാലും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വിഭജിച്ച് ഭരിക്കുകയെന്ന നയം പണ്ട് നടപ്പാക്കുകയും രാഷ്ട്രീയ അധികാരം ഉപേക്ഷിച്ച് പോയിട്ടും ഇന്നും പരോക്ഷ നിയന്ത്രണത്തിന് കരുക്കള്‍ നീക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ ശക്തികളാണ് ഈ ചാപ്പ കുത്തല്‍ നടത്തുന്നത്. അവര്‍ക്കായി പ്രചാരവേലയിലേര്‍പ്പെടുന്ന മാധ്യമങ്ങള്‍ നിരന്തരം ഈ പ്രയോഗം നടത്തി ശത്രുതാ പ്രതിച്ഛായ ഊട്ടിയുറപ്പിക്കുന്നു. ഇരു രാജ്യങ്ങളിലെയും തത്പര കക്ഷികള്‍ ഈ പ്രതിച്ഛായാ നിര്‍മിതിയില്‍ തങ്ങളുടെ പങ്ക് വഹിക്കുന്നു. എന്നാല്‍ സത്യമെന്താണ്? ഈ രണ്ട് രാജ്യങ്ങളിലെയും ജനങ്ങള്‍ സമാനമായ സാംസ്‌കാരിക പൈതൃകം പേറുന്നവരാണ്. അതിര്‍ത്തിക്കിരുപുറവുമായി അവരുടെ ബന്ധുത്വങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. സമാഗമത്തിന്റെ സാധ്യതക്കായി ഇരുപുറത്തേയും മനുഷ്യര്‍ കൊതിക്കുന്നു. അതിര്‍ത്തി മുറിച്ചുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിറഞ്ഞ് കവിയുന്നത് അതുകൊണ്ടാണ്. ഈ സൗഹൃദവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്നതായി മോദിയുടെ മിന്നല്‍ സന്ദര്‍ശനം. ഒരുപക്ഷേ ഈ സൗഹൃദ പ്രകടനത്തിന് തുടര്‍ച്ച ഇല്ലാതെ പോയേക്കാം. ഇന്ത്യയിലെ സംഘ് തീവ്രഹിന്ദുത്വ ശക്തികള്‍ ഇടങ്കോലിട്ടേക്കാം. പാക്കിസ്ഥാനിലെ വിവിധ ഗ്രൂപ്പുകളും തടസ്സവാദവുമായി രംഗത്ത് വന്നേക്കാം. തര്‍ക്ക വിഷയങ്ങളിലേക്ക് എത്തുമ്പോള്‍ ചര്‍ച്ച പ്രതിസന്ധയുടെ മതിലില്‍ തട്ടി തകര്‍ന്നേക്കാം. ഇത്, പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, വ്യവസായ ലോബിയുടെ താത്പര്യത്തിലും മുന്‍കൈയിലും നടന്ന നയതന്ത്ര നാടകം മാത്രമായിരിക്കാം. എന്നാലും ഇത് ഇരുപക്ഷത്തേയും സാമാധാന പ്രേമികള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ഭരണതലപ്പത്ത് നടക്കുന്ന ഇത്തരം കൂടിച്ചേരലുകള്‍ ജനങ്ങളിലേക്ക് കൂടി പടര്‍ത്താന്‍ അവസരമൊരുക്കുകയാണെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിപ്ലവം ഉണ്ടാക്കാന്‍ സാധിക്കുമെന്നുറപ്പാണ്.
കാബൂളില്‍ നിന്നാണ് മോദി ലാഹോറില്‍ എത്തിയത് എന്നതും പ്രധാനമാണ്. അഫ്ഗാനില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകളെ പാക് രാഷ്ട്രീയ, സൈനിക നേതൃത്വം എപ്പോഴും സംശയത്തോടെയാണ് കാണാറുള്ളത്. പാശ്ചാത്യ മേലാളന്‍മാരാകട്ടെ ഈ മേഖലയെ ഒന്നാകെ ‘അഫ്പാക്’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. സ്വന്തമായ ഒരു പരമാധികാര അസ്തിത്വം പോലും അവര്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും വകവെച്ച് കൊടുക്കാറില്ല. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന പര്‍വത മേഖലമാത്രമാണ് അവര്‍ക്ക് ഈ സ്വതന്ത്ര, പരമാധികാര രാഷ്ട്രങ്ങള്‍. ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കാല്‍വെപ്പ് നടത്തിയത് കാബൂളില്‍ നിന്നാകയാല്‍ അത് അഫ്ഗാനിസ്ഥാന് സമ്മാനിക്കുന്ന മാന്യത വളരെ വലുതാണ്. മേഖലയിലെ ഇന്ത്യയുടെ നേതൃസ്ഥാനം കൂടി ഇവിടെ ഉദ്‌ഘോഷിക്കപ്പെടുന്നുണ്ട്. ആ നിലക്ക് സാര്‍ക്ക് തത്വത്തിന്റ പ്രായോഗികവത്കരണം കൂടി ഈ സന്ദര്‍ശനത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് പറയാം.
എന്നാല്‍, വലിയ ശുഭാപ്തിവിശ്വാസത്തിന് ചരിത്രം അനുവദിക്കുന്നില്ല. വാജ്പയിയുടെ ബസ് നയതന്ത്രത്തിന് പിറകേ കാര്‍ഗില്‍. മന്‍മോഹന്‍ സിംഗിന്റെ ക്രിക്കറ്റ് നയതന്ത്രത്തിന് പിറകേ തീവ്രവാദി ആക്രമണങ്ങള്‍. കാരണങ്ങള്‍ എന്തുമാകട്ടെ ചര്‍ച്ചകള്‍ വഴി മുട്ടുന്നതാണ് ദുരനുഭവം. എന്‍ എസ് എ തല ചര്‍ച്ച പൊളിച്ചത് ഇതേ മോദി സര്‍ക്കാറായിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതും നിര്‍ത്തിവെച്ച സെക്രട്ടറിതല ചര്‍ച്ച പുനരാരംഭിച്ചതും വാണിജ്യരംഗത്ത് ചില ചുവടുവെപ്പുകള്‍ ഇരു രാജ്യങ്ങളും നടത്തിയതും അന്ന് വലിയ പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി ഇന്ത്യയിലെ പാക് സ്ഥാനപതി അബ്ദുല്‍ ബാസിത് ചര്‍ച്ച നടത്തിയതിന്റെയും പശ്ചാത്തലത്തില്‍ ഈ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. പാക് ഗായകന്‍ ഇന്ത്യയില്‍ പാടാന്‍ പാടില്ലെന്ന് തീട്ടൂരമിറക്കുന്നവരും പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ കരി ഓയില്‍ അഭിഷേകം നടത്തുന്നവരും ഇവിടെ തന്നെയുണ്ട്. ബീഹാറില്‍ ബി ജെ പി തോറ്റാല്‍ പാക്കിസ്ഥാനില്‍ പടക്കം പൊട്ടുമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി അധ്യക്ഷനും ഇവിടെയുണ്ട്. ഇന്ത്യയെ രാക്ഷസവത്കരിച്ച് കഴിഞ്ഞു കൂടുന്ന നിരവധി ഗ്രൂപ്പുകള്‍ പാക്കിസ്ഥാനിലുമുണ്ട്. ഇവരെയൊക്കെ മറികടന്ന് ചര്‍ച്ചകള്‍ മുന്നോട്ട് പോകുമോയെന്നതാണ് ചോദ്യം. ജനുവരി മധ്യത്തില്‍ നടക്കുന്ന സെക്രട്ടറിതല ചര്‍ച്ചകള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കും.