Connect with us

National

സിപിഐഎം പ്ലീനം തുടങ്ങി; ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് കോടിയേരി

Published

|

Last Updated

കൊല്‍ക്കത്ത: വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ സി പി എം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനയില്‍ പൊതുസമ്മേളനത്തോടെയാണ് റാലി സമാപിച്ചത്.
ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി സി പി എം പോളിറ്റ്ബ്യുറോ അംഗം ബിമന്‍ ബസു പതാക ഉയര്‍ത്തി. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, സൂര്യകാന്ത മിശ്ര, മുഹമദ് സലീം എന്നിവര്‍ സംസാരിച്ചു. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി, ബി വി രാഘവലു, ഹന്നന്‍ മുള്ള, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍, മുതിര്‍ന്ന നേതാക്കളായ വി എസ് അച്യുതാനന്ദന്‍, മുഹമ്മദ് അമീന്‍, നിരുപം സെന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

കോണ്‍ഗ്രസിനെ കടന്നാക്രമിക്കാതെ ബി ജെ പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും മുഖ്യശത്രുവായി പ്രതിഷ്ഠിച്ചാണ് പൊതുസമ്മേളനത്തില്‍ നേതാക്കളെല്ലാം പ്രസംഗിച്ചത്. കേരളത്തെ പ്രതിനിധാനം ചെയ്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെ വിമശിച്ചത്. മോദിയെയും മമതയെയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബംഗാളിലെ ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്ത് വര്‍ഗീയ വിഷം വിതറാനുളള തീവ്രശ്രമത്തിലാണ് വര്‍ഗീയവാദികള്‍. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കാനുളള ശ്രമം ഒരിക്കലും അനുവദിക്കില്ല. ജനങ്ങളെ ഒപ്പം നിര്‍ത്താനുള്ള പദ്ധതികളാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും ജനങ്ങളാണ് പ്രധാനമെന്നും ജനങ്ങളില്ലെങ്കില്‍ നേതാക്കളില്ലെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വിമര്‍ശിച്ചാണ് കോടിയേരി പ്രസംഗിച്ചത്. കേരളത്തിലും ബംഗാളിലും അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ബഹുജനറാലിയില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു. 1978ലെ സാല്‍ഖിയ പ്ലീനം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതേ സാഹചര്യം ഇപ്പോഴും ഉണ്ട്.

പി ബി അംഗങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് കൊല്‍ക്കത്ത പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട കരട് പ്രമേയം വ്യക്തമാക്കിയിരുന്നു. ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര കമ്മിറ്റി നേതൃത്വം നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസുമായി പശ്ചിമ ബംഗാള്‍ ഘടകം സഹകരണ സാധ്യത തുറന്നിടുന്നതാണ് പ്രമേയം.
സി പി എം ബംഗാള്‍ ഘടകത്തില്‍ യുവാക്കളുടെയും സ്ത്രീകളുടെയും അംഗത്വം കുറയുന്നതായി കൊല്‍ക്കത്ത പ്ലീനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തൊഴിലാളികളുടെ പ്രാതിനിധ്യവും ബംഗാള്‍ ഘടകത്തില്‍ കുറഞ്ഞുവരുന്നു. ഒരേ രീതിയിലുള്ള നേതാക്കളുടെ പ്രവര്‍ത്തന ശൈലി മാറിയില്ലെങ്കില്‍ ബംഗാളില്‍ പാര്‍ട്ടിക്ക് വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

പൊതുസമ്മേളനത്തിന് ശേഷം ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ പ്രകാശ് കാരാട്ട് സംഘടനാ റിപ്പോര്‍ട്ടും സീതാറാം യെച്ചൂരി സംഘടനാ പ്രമേയവും അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി പ്രതിനിധികള്‍ ചര്‍ച്ച നടത്തും. 31ന് സമാപന ദിനത്തില്‍ ചര്‍ച്ചക്ക് മറുപടി പറയുകയും റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്യും.