Connect with us

Kerala

ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

പറപ്പൂക്കര: ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ക്രിസ്മസ് ദിനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പറപ്പൂക്കരയിലെ ജൂബിലി നഗറിലാണ് സംഭവം. മുരിയാട് സ്വദേശി പനിയത്ത് വിശ്വനാഥന്റെ മകന്‍ വിശ്വജിത്ത് (33), തലോര്‍ പനയംപാടം സ്വദേശിയും മണ്ണംപേട്ട തെക്കേക്കരയില്‍ വാടകക്ക് താമസിക്കുന്ന രായപ്പന്‍ കൊച്ചപ്പന്റെ മകന്‍ മെല്‍വിന്‍ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂബിലി നഗര്‍ മേനാച്ചേരി തിമത്തിയുടെ മകന്‍ മിഥുന്‍ (22), തൈക്കാട്ടുശ്ശേരി പിയാത്തു പറമ്പില്‍ ഗോപാലന്റെ മകന്‍ ശ്രീജിത്ത് (31) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മിഥുന്റെ ഭാര്യയെ കളിയാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വൈകിട്ട് അഞ്ച് മണിയോടെ സംഘര്‍ഷത്തില്‍ കലാശിച്ചത്. ജൂബിലി നഗറില്‍ വാടകക്കു താമസിക്കുന്ന മിഥുന്റെ വീട്ടിലെത്തിയവരാണ് കൊല്ലപ്പെട്ടവരും പരുക്കേറ്റവരും. വ്യാഴാഴ്ച വൈകിട്ടും വെള്ളിയാഴ്ച രാവിലെയും ഉച്ചതിരിഞ്ഞും പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു. കേസിലെ പ്രധാന പ്രതിയെന്നു പോലീസ് പറയുന്ന ജൂബിലി നഗര്‍ സ്വദേശി ശരവണന്‍ മിഥുന്റെ ഭാര്യയോട് മോശമായി പെരുമാറിയതിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇത് ചോദ്യം ചെയ്ത ദേഷ്യത്തിന് മിഥുനിനെ ശരവണന്‍ വീട്ടില്‍ കയറി ഭാര്യയുടെ മുന്നില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു.
മിഥുന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയ വിശ്വജിത്തിനെയും മെല്‍വിനെയും കണ്ട ശരവണന്‍ മിഥുന്‍ തന്നെ സംഘടിതമായി ആക്രമിക്കാന്‍ പദ്ധതിയിട്ടതായി തെറ്റിദ്ധരിച്ചു. മടങ്ങിപ്പോയ ശരവണന്‍ തിരിച്ചെത്തി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് അവരെ മെയിന്‍ റോഡിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ശരവണന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘം മിഥുനിനെയും സുഹൃത്തുക്കളെയും ഇരുമ്പു പൈപ്പ്, വടിവാള്‍, കമ്പിപ്പാര, ബിയര്‍കുപ്പി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ മെല്‍വിനും വിശ്വജിത്തും അര മണിക്കൂറിലേറെ സമയം രക്തംവാര്‍ന്ന് റോഡില്‍ കിടന്നു. വെട്ടേറ്റ മിഥുനും ശ്രീജിത്തും ഇതിനിടെ ഓടിരക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. വിശ്വജിത്തിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്കും മെല്‍വിനെ തൃശൂരിലെ സ്വകാ ര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണം നടത്തി രക്ഷപ്പെട്ട അഞ്ച് പേരെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കൊലക്കേസടക്കം നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ ശരവണന്‍, മക്കു രതീഷ്, രഞ്ജിത്ത്, കൊക്കന്‍ സന്തോഷ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം തിരിച്ചറിയാത്ത നാല്‌പേര്‍ കൂടി ഉണ്ടായിരുന്നതായി മിഥുന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട വിശ്വജിത്ത് കൊലക്കേസ് ഉള്‍പ്പെടെ 16 ഓളം കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ ആക്ട് പ്രകാരം തടവ് അനുഭവിച്ചിട്ടുള്ളയാളുമാണ്. മെല്‍വിന്റെ പേരിലും നിരവധി അടിപിടി കേസുകളുണ്ട്.
ജില്ലാ പോലീസ് സൂപ്രണ്ട് കാര്‍ത്തിക് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി നടന്നു വരികയാണ്.