കഥ കേട്ട് കടല്‍ കടന്നെത്തി; അശ്വതിയും അര്‍ജുനും ധന്യരായി

Posted on: December 27, 2015 12:08 am | Last updated: December 27, 2015 at 12:08 am

കല്‍പ്പറ്റ: പടിഞ്ഞാറത്തറ പതിനാറാം മൈല്‍ നാല് സെന്റ് കോളനിയിലെ അംഗപരിമിതനായ സ്റ്റീഫന്റെ രണ്ട് മക്കള്‍ക്ക് ഇനി ഭാവിയെക്കുറിച്ച് ദു:ഖിക്കേണ്ട. ഇവരുടെ ആജീവിതാനന്ത വിദ്യാഭ്യാസമാണ് കടല്‍ കടന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തക റെമീള സുഖ്‌ദേവ് ഏറ്റെടുത്തിരിക്കുന്നത്. കൈനിറയെ സാധങ്ങളുമായാണ് കോഴിക്കോട് സ്വദേശിനിയായ റെമീള സുഖ്‌ദേവ് ഇവരെ കാണാന്‍ ഗള്‍ഫില്‍ നിന്ന് എത്തിയത്.
സ്വന്തം മക്കളെ കാണാനെത്തുന്നത് പോലെയായിരുന്നു ആ വരവ്. പടിഞ്ഞാറത്തറ പതിനാറാംമൈല്‍ വിവേകോദയം എല്‍ പി സ്‌കൂള്‍ പി ടി എയേയും വിദ്യാര്‍ഥികളും ചേര്‍ന്ന് സഹപാഠികളായ അശ്വതിക്കും അര്‍ജജുനനും വേണ്ടി വീട് പണിത് കൊടുത്തതിന്റെ കഥ സോഷ്യല്‍ മീഡിയ വഴിയാണ് റെമീള സുഖ്‌ദേവ് അറിയുന്നത്. അതിന് ശേഷം പൂര്‍ത്തിയായ വീട്ടില്‍ വൈദ്യുതി ജീവനക്കാര്‍ കഴിഞ്ഞ ദിവസം വൈദ്യുതിയും പുതുവസ്ത്രങ്ങളും എത്തിച്ചു. മൂന്നാംക്ലാസുകാരി അശ്വതിക്കും ഒന്നാംക്ലാസുകാരനായ അര്‍ജ്ജുനനും തുടര്‍ വിദ്യാഭ്യാസമായിരുന്നു കീറാമുട്ടിയായി മുന്നില്‍ ഉണ്ടായിരുന്നത്. പെറ്റമ്മ ഇവരെ ഉപേക്ഷിച്ച് പോയി. അംഗപരിമിതനായ പിതാവ് സ്റ്റീഫന് കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്ന നിരാശയിലായിരുന്നു.
സഹപാഠികളുടെയും പി ടി എ കമ്മിറ്റിയുടെയും കാരുണ്യം കൊണ്ട് ആട്ടില്‍ കൂട് പോലുളള ഒറ്റ മുറി കൂരയില്‍ നിന്ന് മോചനമായി. അത് തന്നെ വലിയൊരു സമാധാനം. സ്‌കൂളിലെ കുട്ടികള്‍ നിര്‍മിച്ച് നല്‍കിയ സ്‌നേഹവീടിന് വൈദ്യുതി ഇല്ലാത്തതായിരുന്നു അടുത്ത ദു:ഖം. അതാണ് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ പരിഹരിച്ച ത്. ആധുനിക രീതിയിലുളള വയറിംഗും, ഊര്‍ജക്ഷമതയുളള എല്‍ ഇ ഡി ബള്‍ബുകളും സ്ഥാപിച്ച് കൊടുത്തു. വീട്ടില്‍ വെളിച്ചം കൂടി എത്തിയപ്പോള്‍ ഇവരുടെ സന്തോഷം വാനോളമെത്തി.
ആ നാല് സെന്റ കോളനിയിലേക്കാണ് ഇവരുടെ ഭാവി വിദ്യാഭ്യാസത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി കടല്‍ കടന്ന് റെമീള സുഖ്‌ദേവും എത്തിയത്. ഭാവിയില്‍ ആരാകണം എന്നായിരുന്നു റെമീള സുഖ്‌ദേവിന്റെ ചോദ്യം.
അശ്വതിയില്‍ നിന്ന് മറുപടി പെട്ടെന്നായിരുന്നു. ഡോക്ടര്‍. എങ്കില്‍ അതുവരെ ഞാന്‍ പഠിപ്പിക്കുമെന്ന് സംശയത്തിന് ഇടനല്‍കാതെ തറപ്പിച്ച് പറഞ്ഞപ്പോള്‍ അശ്വതിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. കുട്ടികളുടെയും സ്റ്റീഫന്റെയും കണ്ണുകള്‍ നിറഞ്ഞു.
കരകൗശല വികസന വകുപ്പ് ഡയറക്ടര്‍ കൂടിയായ റെമീള സുഖ്‌ദേവ് എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ചെറിയാന്‍, പി ടി എ പ്രസിഡന്റ് സണ്ണി, നാട്ടുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ പേര്‍ വീട്ടില്‍ എത്തിയിരുന്നു.
വെറും കൈയോടെയായിരുന്നില്ല റെമീള സുഖ്‌ദേവിന്റെ വരവും. ബാഗ് നിറയെ ഇവര്‍ക്കുളള വസ്ത്രങ്ങള്‍, പിന്നെ വീട്ട് സാധനങ്ങള്‍, പലതരം മിഠായികള്‍…. തിരിച്ച് പോകുമ്പോള്‍ ചിലവിനുളള കാശും. ്രകിസ്മസ് , പുതുവത്സരം പ്രമാണിച്ച് കേക്ക് മുറിച്ച് നല്‍കാനും അവര്‍ മറന്നില്ല. സ്‌നേഹം കൊണ്ട് ഇവര്‍ക്ക് വീര്‍പ്പ് മുട്ടിയത് പോലെ. തങ്ങള്‍ക്ക് ആരുമില്ലെന്ന തോന്നല്‍ ഏതായാലും സ്റ്റീഫനും മക്കളായ അശ്വതിക്കും അര്‍ജുനും ഇനിയില്ല.
തങ്ങളെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗം കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം ഇവര്‍ക്കുണ്ട്. അതിനൊക്കെ വഴിയൊരുക്കിത് വിവേകോദയം എല്‍ പി സ്‌കൂള്‍ പി ടി എയേയും വിദ്യാര്‍ഥികളും. പഠിക്കാന്‍ മിടുക്കിയാണ് അശ്വതി. നോട്ട് പുസ്തകം മഴ നനഞ്ഞതിനാല്‍ ഹോംവര്‍ക്ക് ചെയ്യാതെ വന്നപ്പോള്‍ അധ്യാപകന്‍ കാര്യം തിരക്കി. അശ്വതി പറഞ്ഞ കാരണം കേട്ട് അധ്യാപകന്റെയും കേട്ട് നിന്ന വിദ്യാര്‍ഥികളുടെയും ഉള്ളില്‍ സങ്കടം മഴയായി. പിന്നീട് ഇവര്‍ അശ്വതിയുടെ വീട് കാണാനെത്തി. ഇതോടെയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വിദ്യാലയത്തിലെ കുട്ടികളും പിടിഎയും കൈകോര്‍ത്തത്. ഒരു മാസം കൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സുമനസ്സും വിശാലഹൃദയവുമുള്ളവര്‍ തങ്ങളുടെ ദൈന്യതകളിലേക്ക് നന്‍മയുടെ വെളിച്ചവുമായി വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് റെമീള സുഖ്‌ദേവ് കഴിഞ്ഞ ദിവസം കാലത്ത് വീട്ടിലെത്തുന്നത്. മറ്റൊരു സ്‌നേഹ മഴയായി….