വേള്‍ഡ് എക്‌സ്‌പോ: അംബാസഡര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കും

Posted on: December 26, 2015 10:18 pm | Last updated: December 26, 2015 at 10:18 pm

expoooദുബൈ: യു എ ഇ ആതിഥ്യമരുളുന്ന വേള്‍ഡ് എക്‌സ്‌പോ 2020ന് പ്രചാരണം നല്‍കുന്നതിനായി എക്‌സ്‌പോ 2020 ഉന്നതാധികാര സമിതി അംബാസഡര്‍ഷിപ്പ് പരിപാടി സംഘടിപ്പിക്കും. ലോക പ്രശസ്തരായ ഒരു സംഘത്തെ ഉപയോഗപ്പെടുത്തി ദുബൈ വേള്‍ഡ് എക്‌സ്‌പോക്ക് മൈലേജ് ഉണ്ടാക്കാനാണ് സമിതിയുടെ ശ്രമം. 160 വര്‍ഷം പഴക്കമുള്ള വേള്‍ഡ് എക്‌സ്‌പോ ആദ്യമായാണ് മധ്യ പൗരസ്ത്യദേശവും വടക്കന്‍ ആഫ്രിക്കന്‍ രാജങ്ങളും ഉള്‍പെടുന്ന മേഖലയില്‍ എത്തുന്നത്. അറബ് നാട്ടില്‍ എത്തുന്ന എക്‌സ്‌പോ എല്ലാ അര്‍ഥത്തിലും ലോകം ഓര്‍ക്കുന്ന സംഭവമാക്കി മാറ്റിയെടുക്കാനാണ് ദുബൈ പരിശ്രമിക്കുന്നത്. പ്രാധാന്യമര്‍ഹിക്കുന്നതും വിശാലതയുള്ളതുമായ തീമാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന്റേതെന്ന് യു എ ഇ സഹ മന്ത്രിയും എക്‌സ്‌പോ 2020 ഉന്നതാധികാര സമിതി എം ഡിയുമായ റീം അല്‍ ഹാശിമി വ്യക്തമാക്കി. മനുഷ്യ പ്രയത്‌നവുമായി ബന്ധമുള്ള വിവിധ മേഖലകളെ ഇതുമായി ബന്ധിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ആശങ്ക, ജോലിയെക്കുറിച്ചുള്ള ആശങ്ക, വിദ്യാഭ്യാസം, ഭാവി തുടങ്ങിയവയെല്ലാം ദുബൈ എക്‌സ്‌പോ തീമിന്റെ ഭാഗമാവും. കണക്ടിംഗ് മൈന്റ്‌സ്, ക്രിയേറ്റിംഗ് ദ ഫ്യൂചര്‍ എന്നതാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന്റെ മുദ്രാവാക്യമെന്നും അവര്‍ പറഞ്ഞു. ശാസ്ത്രം, ചരിത്രം, സാഹിത്യം, വിജ്ഞാനം ഉള്‍പെടെയുള്ള സര്‍വ മേഖലയില്‍ നിന്നുള്ള ലോക പ്രശസ്തരായ വ്യക്തികളും അംബാസഡര്‍ഷിപ്പ് പരിപാടിയുടെ ഭാഗമാവും.
2020 ഒക്ടോബര്‍ 20നാണ് ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 ന് തുടക്കമാവുക. ദശലക്ഷക്കണക്കിന് ജനങ്ങളാവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സ്‌പോക്ക് സാക്ഷിയാവാന്‍ ദുബൈയിലേക്ക് എത്തുക. ആറു മാസം നീളുന്നതാണ് ഈ മഹാമേള. ലോകത്തിന്റെ കണ്ണും കാതുമെല്ലാം ദുബൈയില്‍ തമ്പടിക്കുന്ന കാലമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ രൂപീകൃതമായതിന്റെ 50ാം വര്‍ഷികത്തിലാണ് ദുബൈയിലേക്ക് എക്‌സ്‌പോ വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി എക്‌സ്‌പോ 2020 ബ്യൂറോ സ്ഥാപിച്ചിരുന്നു. ദേശീയവും രാജ്യാന്തരവുമായ എക്‌സ്‌പോയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഓഹരിയുടമകളുടെ താല്‍പര്യം കൂടി സംരക്ഷിക്കാന്‍ ബ്യൂറോക്ക് തുടക്കമിട്ടത്. ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ് എക്‌സ്‌പോസിഷന്‍സു(ബി ഐ ഇ)മായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ദുബൈ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മിനാസ(മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക ആന്‍ഡ് ഏഷ്യ)യിലെ ആദ്യ എക്‌സ്‌പോ എന്തുകൊണ്ടും ലോകം ഓര്‍ക്കുന്ന ഒന്നായി മാറ്റാണ് ദുബൈ പരിശ്രമിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് ബ്യൂറോ സ്ഥാപിച്ചിരിക്കുന്നത്. എക്‌സ്‌പോ നിയമപ്രകാരം ഇത്തരം ഒരു ബ്യൂറോ തുറക്കേണ്ടത് ആവശ്യമാണ്. ദേശീയവും രാജ്യാന്തരവുമായ ഓഹരി ഉടമകളുടെ താല്‍പര്യവും ഇതിലൂടെ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ഹാശിമി പറഞ്ഞു.
എക്‌സ്‌പോ 2020 ആവുമ്പോഴേക്കും ലോകമെങ്ങുമുള്ള പ്രൊഫഷണലുകളുടെ മുഖ്യ കേന്ദ്രമായി ദുബൈ മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പ്രമുഖ പ്രൊഫഷണല്‍ ശൃംഖലയായ ലൈക്ക്ഡ് ഇന്‍ നടത്തിയ ഗവേഷണമാണ് ഇത്തരത്തില്‍ ഒരു സാധ്യത വെളിപ്പെടുത്തുന്നത്. രാജ്യത്തേക്ക് ഇപ്പോഴുള്ളതിലും രണ്ടിരട്ടി പ്രൊഫഷണലുകള്‍ എത്തും.
2013ല്‍ 49,000 ലൈക്കിഡ് ഇന്‍ അംഗങ്ങളാണ് യു എ ഇയിലേക്ക് മാറിയത്. ഏറ്റവും വലിയ പ്രൊഫഷണല്‍ ശൃംഖലയായ ലൈക്ക്ഡ് ഇന്നിന് യു എ യില്‍ 10 ലക്ഷം അംഗങ്ങളും മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക) മേഖലയില്‍ ഒരു കോടി അംഗങ്ങളുമാണുള്ളത്. ഇന്ത്യ, യു കെ, യു എസ് എ, ഖത്തര്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാവും പ്രൊഫഷണലുകള്‍ എത്തുക. രാജ്യത്ത് എക്‌സ്‌പോ 2020ന്റെ ഭാഗമായി രണ്ടു ലക്ഷം തൊഴില്‍ അവസരങ്ങളാവും സൃഷ്ടിക്കപ്പെടുക.