Connect with us

Malappuram

മുഖ്യമന്ത്രിക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി

Published

|

Last Updated

നിലമ്പൂര്‍: മമ്പാട് കോളജിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ എസ് എഫ് ഐ വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാണിച്ച വിദ്യാര്‍ഥികളെ പോലീസ് ലാത്തിവീശിയോടിച്ച് മുഖ്യമന്ത്രിക്കുള്ള വഴിയൊരുക്കി. മമ്പാട് എം ഇ എസ് കോളജിലെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഓട്ടോണമസ് കോളജ് പദവിയുടെ പ്രഖ്യാപനവും നിര്‍വഹിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബിനെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ വിദ്യാര്‍ഥികള്‍ ഒരുങ്ങിയിരുന്നത്. ഇതിനായി എസ് എഫ് ഐ വിദ്യാര്‍ഥികള്‍ ഉച്ചക്ക് രണ്ടിന് മുമ്പു തന്നെ കോളജിന്റെ മുഖ്യ കവാടത്തിനരികെ നിലയുറപ്പിച്ചിരുന്നു. ഇതറിഞ്ഞ പോലീസ് നിലമ്പൂര്‍ സി ഐ. പി അബ്ദുള്‍ ബശീറിന്റെ നേതൃത്വത്തില്‍ വന്‍ സന്നാഹവുമൊരുക്കിയിരുന്നു. പി വി അബ്ദുള്‍ വഹാബ് എം പിയുടെ കാര്‍ കോളജ് ഗേറ്റ് കടന്നുപോയിക്കഴിഞ്ഞതിനു ശേഷം മന്ത്രി എ പി അനില്‍കുമാറിന്റെ കാര്‍ വന്നപ്പോള്‍ ആദ്യം വിദ്യാര്‍ഥികള്‍ തടഞ്ഞെങ്കിലും ആളെ തിരിച്ചറിഞ്ഞതോടെ വാഹനം കടന്നുപോകാന്‍ വഴിയൊരുക്കി. അതിനിടെയാണ് മന്ത്രി പി കെ അബ്ദുര്‍റബ് ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനാല്‍ വരുന്നില്ലെന്ന വിവരം ചില കേന്ദ്രങ്ങള്‍ അറിയിച്ചത്. എന്നാല്‍ പിരിഞ്ഞുപോകാന്‍ വിദ്യാര്‍ഥികള്‍ തയ്യാറായിരുന്നില്ല. അല്‍പം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്‍ എത്തിയതോടെ അബ്ദുര്‍റബ് അതിലുണ്ടാകുമെന്ന് കരുതി വിദ്യാര്‍ഥികള്‍ മുദ്രാവാക്യം മുഴക്കി വാഹനം തടഞ്ഞു. ഇതോടെ പോലീസുമായി ഉന്തും തള്ളുമായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി കുട്ടികളെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയില്ല. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പോലീസില്‍ നിന്ന് മര്‍ദനമേറ്റു. ചില കുട്ടികള്‍ വഴിയില്‍ വീണിടത്തിട്ടും പോലീസ് മര്‍ദിച്ചിരുന്നു. പിന്നീട് വിദ്യാര്‍ഥികള്‍ റോഡിലിരുന്ന് വഴി ഉപരോധിച്ചു. അപ്പോഴേക്കും മുഖ്യമന്ത്രിയുടെ പരിപാടി ഓഡിറ്റോറിയത്തില്‍ തുടങ്ങിയിരുന്നു.

സ്വയംഭരണ കോളജുകള്‍ അനുവദിക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല: മുഖ്യമന്ത്രി
നിലമ്പൂര്‍: സ്വയംഭരണ പദവിയുള്ള കോളജുകള്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ഉള്ളപ്പോള്‍ കേരളത്തില്‍ മാത്രം ചിലര്‍ ഇതിനെ എതിര്‍ക്കുന്നത് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മമ്പാട് എം ഇ എസ് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സ്വയംഭരണ പദവി പ്രഖ്യാപനവും കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ അടക്കം കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുമ്പോള്‍ കേരളത്തില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സി പി എമ്മിന്റെ പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഈ നയത്തെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കേരളത്തിലെ വിദ്യാഭ്യാസ പ്രമുഖര്‍ അടങ്ങുന്ന കമ്മിറ്റിയാണ് കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ ശിപാര്‍ശ ചെയ്തത്.
പൂര്‍ണമായ അര്‍ഹതയുള്ളതിനാലാണ് മമ്പാട് കോളജിന് ഈ പദവി ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ഇ എസ് പ്രസിഡന്റ് പി എ ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കോളജില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപനം മന്ത്രി എ പി അനില്‍കുമാറും, ഔട്ട്‌ഡോര്‍ സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപനം പി വി അബ്ദുള്‍വഹാബ് എം പിയും നിര്‍വഹിച്ചു. സ്വയംഭരണ കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ റിസള്‍ട്ട് അലിഗഢ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. പി കെ അബ്ദുള്‍ അസീസ് പ്രഖ്യാപിച്ചു. കലക്ടര്‍ ടി ഭാസ്‌കരന്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെ പി സി സി സെക്രട്ടറി വി വി പ്രകാശ്, ഹയര്‍ എഡ്യൂക്കേഷന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പി അന്‍വര്‍, പ്രൊഫ. വി കുട്ടൂസ, പ്രൊഫ. പി ഒ ജെ ലബ്ബ, പ്രൊഫ. പി കെ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest