ആടുകള്‍ ഈ വീടിന്റെ ആഹ്ലാദം

Posted on: December 25, 2015 10:56 am | Last updated: December 25, 2015 at 10:56 am

നാദാപുരം: ആട് ഗ്രാമം പദ്ധതില്‍ ചേര്‍ന്നതില്‍ പിന്നെ വെള്ളിയോട് ചാലുപറമ്പത്ത് കൃഷ്ണന്‍കുട്ടിയെയും ഭാര്യ പാറുഅമ്മയെയും വാര്‍ധക്യത്തിന്റെ അവശതകള്‍ അധികമൊന്നും അലട്ടാറില്ല. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് 2013 ല്‍ നടപ്പാക്കിയ പദ്ധതിയില്‍ നാല് ആടുകളെയാണ് ഈ വൃദ്ധ ദമ്പതികള്‍ക്ക് ലഭിച്ചത്. ഇവരുടെ കൂട്ടിലിപ്പോള്‍ മുപ്പതിലധികം ആടുകളായി. ഒരംഗത്തിന് മുപ്പതിനായിരം രൂപയായിരുന്നു ആടുകളെ വാങ്ങാന്‍ പഞ്ചായത്ത് അനുവദിച്ചത്. പതിനായിരം രൂപ സബ്‌സിഡിയും. ഇത്തരത്തില്‍ നിരവധി പേര്‍ ആട് ഗ്രാമം പദ്ധതിയില്‍ അംഗങ്ങളായെങ്കിലും പലരും പാതി വഴിയില്‍ മതിയാക്കി. എന്നാല്‍ പാറുഅമ്മയും കൃഷ്ണന്‍കുട്ടിയും ആട് വളര്‍ത്തല്‍ ഒരു ഹരമായി എടുത്തു. പതിമൂന്ന് സെന്റ് സ്ഥലത്തെ പണിതീരാത്ത വീടിനോട് ചേര്‍ന്നുണ്ടാക്കിയ കൂട്ടില്‍ ആടുകള്‍ പെറ്റുപെരുകി. ഇതിനകം അമ്പതിനായിരം രൂപയോളം ആടുകളെ വിറ്റ് ഇവര്‍ നേടിക്കഴിഞ്ഞു.
ആട് ഗ്രാമം പദ്ധതി നല്‍കിയ ആത്മവിശ്വാസത്തിനിടയിലും പാറുഅമ്മക്കും കൃഷ്ണന്‍കുട്ടിക്കും ഒരു പരിഭവമുണ്ട്. ഇതോടൊപ്പം നടപ്പാക്കിയ പശു ഗ്രാമം പദ്ധതിക്ക് കാലിത്തീറ്റ ഉള്‍പ്പെടെ സബ്‌സിഡിയായി നല്‍കുമ്പോള്‍ ആടു വളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇത്തരം ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ദിനേന ഇരുപത് രൂപയോളം ഒരാടിന് ചെലവാകും. നാട്ടില്‍ ലഭിക്കുന്ന പച്ചിലകളും പുല്ലുമാണ് ഏക ആശ്രയം. സൗകര്യമുള്ള ആട്ടിന്‍കൂടെങ്കിലും സര്‍ക്കാറിന് സൗജന്യമായി തന്നുകൂടേ എന്നാണ് കൃഷ്ണന്‍കുട്ടിയും പാറുഅമ്മയും ചോദിക്കുന്നത്.