ജയില്‍ സൂപ്രണ്ടിനെതിരെയുള്ള വധഭീഷണി അന്വേഷിക്കുന്ന എസ് ഐക്കും ‘ഭീഷണി’

Posted on: December 25, 2015 10:53 am | Last updated: December 25, 2015 at 10:53 am

കോഴിക്കോട്: ജയില്‍ സൂപ്രണ്ടിനെതിരെയുള്ള വധഭീഷണി അന്വേഷിക്കുന്ന എസ് ഐക്കും ‘ഭീഷണി’. സൂപ്രണ്ടിന്റെ പരാതിയിലുള്ള മൊബൈല്‍ നമ്പറുകളില്‍ വിളിച്ച കസബ എസ് ഐയോടാണ് അശ്ലീലം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തത്. പ്രതിയെ പോലീസ് തിച്ചറിഞ്ഞെങ്കിലും പിടികൂടാനായിട്ടില്ല. മൊബൈല്‍ ടവര്‍ പരിശോധനയില്‍ പ്രതി നഗര പരിസരം വിട്ടുപോയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഏത് ഭാഗത്താണ് താമസിക്കുന്നതെന്നതിനെക്കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്.
ജില്ലാ ജയില്‍ സൂപ്രണ്ട് അജയകുമാര്‍ പുരുഷോത്തമന് കഴിഞ്ഞ ആഴ്ചയാണ് അജ്ഞാത വധഭീഷണി ഉണ്ടായത്. സൂപ്രണ്ടിനെ വാഹനമിടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. കൂടാതെ ജയിലിലെ വനിതാ ജീവനക്കാരികളോട് പ്രതി അശ്ലീലം പറഞ്ഞതായി കാണിച്ച് സൂപ്രണ്ട് കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ ജയില്‍ കണ്‍ട്രോള്‍ റൂമിലെ 2722340 എന്ന നമ്പറിലേക്ക് 9072495786, 9072495780 എന്നീ നമ്പറുകളില്‍ നിന്ന് 17, 18, 19 തീയതികളിലാണ് ഫോണ്‍ ഭീഷണിയുണ്ടായത്.
സൂപ്രണ്ടിനെതിരെ ജയിലിലെ വനിതാ അസി. സൂപ്രണ്ട് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ പരാതി അന്വേഷിക്കുന്നതിനിടെയാണ് ജയിലിലേക്ക് ഫോണ്‍ കോളുകള്‍ വന്നത്. അതേസമയം, പരാതി ഉന്നയിച്ച സംഭവവുമായി ഈ ഫോണ്‍ കോളിന് ബന്ധമില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
സാധാരണ മൊബൈല്‍ ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങളില്‍ വേഗത്തില്‍ സൈബര്‍ സെല്‍ അന്വേഷണം പൂര്‍ത്തീകരിക്കാറുണ്ട്. എന്നാല്‍ വധഭീഷണിയുമായി ബന്ധപ്പെട്ടുള്ള കേസായിട്ടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്തത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.