നെല്‍വയല്‍ നിയമം അട്ടിമറിക്കുമ്പോള്‍

Posted on: December 25, 2015 5:11 am | Last updated: December 24, 2015 at 11:13 pm

ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് യഥാര്‍ഥ പരിഹാരം കൃഷിഭൂമിയുടെ ബുദ്ധിപൂര്‍വമായ വിനിയോഗം മാത്രമാണ്. അരിക്കും പച്ചക്കറിക്കും അന്യസംസ്ഥാന ലോറി കാത്തിരിക്കുന്ന, സമ്പൂര്‍ണ പരാശ്രിതത്വത്തിന്റെ നെല്ലിപ്പടിയില്‍ നില്‍ക്കുന്ന കേരളത്തില്‍ കൃഷി യോഗ്യമായ ഭൂമി പരമാവധി ഉപയോഗപ്പെടുത്തിയല്ലാതെ മുന്നോട്ട് പോകാനാകില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു 1967ലെ ഭൂവിനിയോഗ ഉത്തരവ്. സംസ്ഥാനത്തെ ജീവിത നിലവാരത്തിലും സംരംഭകത്വത്തിലുമുണ്ടായ സമൂലമായ പരിവര്‍ത്തനങ്ങള്‍ ഭൂവിനിയോഗത്തെയും ശക്തമായി സ്വാധീനിച്ചു. ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി. ഈ പ്രവണത കാര്‍ഷികോത്പാദനത്തെ കുത്തനെ താഴ്ത്തുന്നുവെന്നത് മാത്രമല്ല പ്രശ്‌നം. അതിനേക്കാള്‍ ഗുരുതരമാണ് പരിസ്ഥിതി സന്തുലനത്തിലും ജലലഭ്യതയിലുമുണ്ടാക്കുന്ന ആഘാതം. ഹരിത തീരം എന്നൊക്കെയുള്ള വിശേഷണം ഭാവിയില്‍ അപ്രസകത്മാകുമെന്ന തിരിച്ചറിവാണ് 2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കുന്നതിലേക്ക് ഭരണ നേതൃത്വത്തെ നയിച്ചത്. അന്ന് ഐകകണ്‌ഠ്യേനയാണ് ഈ നിയമം പാസ്സാക്കിയത്. 2008ലെ നിയമത്തില്‍ തന്നെ പഴുതുകള്‍ ധാരാളമുണ്ടായിരുന്നു.
ഈ നിയമം നടപ്പാക്കുന്നതിലെ ചട്ടങ്ങളില്‍ തിരിമറി നടത്തി വയല്‍ നികത്തലിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. ഇത് സംസ്ഥാനത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന അട്ടിമറിയാണ്. അമ്പതിനായിരത്തോളം ഏക്കര്‍ തണ്ണീര്‍ത്തടം അനധികൃതമായി നികത്തിയത് നിയമവിധേയമാക്കുന്ന പഴുതുകളും അട്ടിമറികളുമാണ് നിയമവകുപ്പിന്റെ അറിവില്ലാതെ റവന്യൂ വകുപ്പ് പുറപ്പെടുവിച്ച പുതിയ ചട്ടത്തിലുള്ളത്. 2008 ആഗസ്റ്റ് 12ന് നിലവില്‍ വന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിലമായി നിര്‍വചിച്ചിട്ടുള്ളത് നെല്‍കൃഷി ചെയ്യുന്നതും കൃഷിക്ക് യോഗ്യമായിട്ടും തരിശിട്ടിരിക്കുന്നതും വയലിന് അനുബന്ധമായ തണ്ണീര്‍ത്തടങ്ങളുമാണ്. ഈ പ്രദേശങ്ങളുടെ ഡാറ്റാ ബേങ്കുണ്ടാക്കി നികത്തപ്പെടാതെ സംരക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, കഴിഞ്ഞ മാസം 25ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ചട്ട ഭേദഗതിയില്‍ നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബേങ്കിലോ കരട് ഡാറ്റാ ബേങ്കിലോ നിലമല്ലാത്തതുമായ സ്ഥലമാണ്. നിര്‍വചനത്തിലെ ഈ വ്യതിയാനവും അവ്യക്തതയുമാണ് നെല്‍വയല്‍ നിയമത്തിന്റെ അട്ടിമറിക്ക് വഴിവെക്കുന്നത്. 2005 ജനുവരി ഒന്നിനു മുമ്പ് നികത്തിയതായി രേഖ സംഘടിപ്പിച്ച് നടത്തിയ നികത്തലിന് നിയമ സാധുത നല്‍കാനുള്ള വളഞ്ഞ വഴിയായി ഈ വെള്ളം ചേര്‍ക്കലിനെ കാണണം. നിയമഭേദഗതിക്ക് ശ്രമിച്ചാല്‍ വന്‍ പ്രതിഷേധം വരുമെന്ന് കണ്ട് ചട്ടത്തില്‍ തിരിമറി നടത്തുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ന്യായവിലയുടെ 25 ശതമാനം നല്‍കിയാല്‍ നികത്തിയ വയലുകളെ രേഖകളില്‍ കരഭൂമിയാക്കാം. ഇത് മറയാക്കി ചട്ടത്തിലും നിയമത്തിലും വയലിന്റെ നിര്‍വചനത്തെ മാറ്റിമറിച്ചത് വ്യാപകമായി നിലംനികത്തലിന് നിയമസാധുത ലഭിക്കാനിടയാക്കും.
ഡാറ്റാ ബേങ്കിനെക്കുറിച്ച് ചട്ടത്തില്‍ പറയുന്നതാണ് ഏറ്റവും വിചിത്രമായിരിക്കുന്നത്. 50 ശതമാനത്തിന് താഴെ പഞ്ചായത്തുകള്‍ മാത്രമേ ഇതുവരെ ഡാറ്റാ ബേങ്കിന്റെ നടപടികളായിട്ടുള്ളൂ. ബാക്കിയുള്ളവ തയ്യാറാക്കിയെന്ന് അവകാശപ്പെട്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചതാകട്ടെ നിയമപരവുമല്ല. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഭൂപടവുമായി ഒത്തു നോക്കി പ്രസിദ്ധീകരിക്കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഇതുവരെ ഭൂപടം വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. 2008ന് മുമ്പ് നികത്തിയ വയലുകളുടെ പട്ടിക ആര്‍ ഡി ഒക്ക് പ്രാദേശികസമിതികള്‍ നല്‍കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഈ പട്ടികയുമായി ഒത്തുനോക്കണമെന്ന് ഇപ്പോഴത്തെ ചട്ടം നിര്‍ദേശിക്കുന്നില്ല.
നിയമപരമായ ഡാറ്റാ ബേങ്കില്ലാത്തതിനാല്‍ 2008നു ശേഷമുള്ള നിലം നികത്തലും അംഗീകരിക്കപ്പെടുമെന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്. നിലം എന്നതിന് പുതിയ ചട്ടത്തില്‍ കൊണ്ടു വന്നിട്ടുള്ള നിര്‍വചനം പല നിലകളില്‍ 2008ലെ നിയമത്തിന് വിരുദ്ധമാണ്. മാത്രവുമല്ല ഈ നിര്‍വചനം അവ്യക്തവുമാണ്. ചട്ടത്തിലെ അവ്യക്തതകള്‍ നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തിക്കളയുന്ന പഴുതുകള്‍ക്ക് കാരണമാകും. ഈ പഴുതുകളിലൂടെ വ്യാപകമായ നിയമലംഘനം നടക്കും. അത്‌കൊണ്ട് പുതിയ ചട്ടം പിന്‍വലിച്ച് വ്യക്തവും കൃത്യവുമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ കൊണ്ടു വരണം. ഭരണകക്ഷി നേതാക്കളില്‍ നിന്ന് ഈ ദിശയില്‍ അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നത് ശുഭോദര്‍ക്കമാണ്. ചട്ടം പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതും ആശ്വാസകരമാണ്. സംസ്ഥാനത്തെ നെല്‍വയല്‍, നീര്‍ത്തടങ്ങള്‍ കൃത്യമായി നിര്‍ണയിച്ച് നിയമപരമായ ഡാറ്റാ ബേങ്ക് രൂപവത്കരിക്കുന്നതില്‍ അമാന്തം പാടില്ല. ഇത്തരം വിഷയങ്ങളില്‍ ഉണ്ടാകുന്ന ചെറിയ കാലതാമസം പോലും വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നോര്‍ക്കണം. ഭൂമിയുടെ കാര്‍ഷികവും കാര്‍ഷികേതരവുമായ വിനിയോഗം സന്തുലിതമായി കൊണ്ടു പോകാനാകണം. വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ചേ തീരൂ.