Connect with us

Gulf

വിദേശികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ കരാര്‍ വ്യവസ്ഥകള്‍ പ്രാദേശിക ഭാഷയിലായിരിക്കണം-തൊഴില്‍ മന്ത്രാലയം

Published

|

Last Updated

ദുബൈ: വിദേശങ്ങളില്‍ നിന്ന് തൊഴിലിനായി യു എ ഇയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാക്കുന്ന തൊഴില്‍ കരാറുകള്‍ പ്രാദേശിക ഭാഷകളില്‍ ആയിരിക്കണമെന്ന് യു എ ഇ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് തൊഴില്‍ മന്ത്രിയും നാഷ്ണല്‍ ക്വാളിഫിക്കേഷന്‍സ് അതോറിറ്റി ചെയര്‍മാനുമായ സഖര്‍ ഗോബാഷ് വ്യക്തമാക്കി. പുതുതായി യു എ ഇ നടപ്പാക്കുന്ന മൂന്നു തൊഴില്‍ നിയങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യു എ ഇ 2021 വീക്ഷണത്തിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പാക്കാന്‍ നടപടി ആരംഭിച്ചിരിക്കുന്നത്. തൊഴില്‍ കമ്പോളത്തിലെ ആവശ്യം പരിഗണിച്ചാണിത്.
തൊഴില്‍ കമ്പോളത്തിലെ സ്ഥിരതയെന്നാല്‍ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം എന്നാണ് അര്‍ഥമാക്കേണ്ടത്. ഇത് കുറ്റമറ്റ നിലയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നത്.
പുതിയ നിയമ പ്രകാരം തൊഴിലുടമ വിദേശ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ നല്‍കണം. ഇതില്‍ ഇരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ ഉള്‍കൊള്ളിച്ചിരിക്കണം. ഇത് നിര്‍ബന്ധമായും തൊഴിലാളിക്ക് മനസിലാവുന്ന പ്രാദേശിക ഭാഷയിലായിരിക്കണം. റിക്രൂട്ട് ചെയ്യുന്ന അവസരത്തില്‍ തൊഴിലാളിയെ ജോലിക്ക് എടുക്കാന്‍ തീരുമാനിച്ചാല്‍ തൊഴിലിന്റെ സ്വഭാവം വിശദമാക്കുന്ന ഓഫര്‍ ലെറ്ററും നല്‍കണം. തൊഴിലാളിയുടെ ചുമതലകളും അവകാശങ്ങളും ഇതില്‍ ഉള്‍പെടുത്തിയിരിക്കണം. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും തൊഴിലാളിക്ക് ബോധ്യപ്പെടാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. തൊഴിലുടമയും തൊഴിലാളിയും ഒപ്പിട്ടതാവണം കരാര്‍. കരാറില്‍ മാറ്റം വരുത്തണമെങ്കില്‍ ഇരു വിഭാഗത്തിന്റെയും സമ്മതം അനുവാര്യമായിരിക്കുമെന്നും നിയമത്തിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ഗോബാഷ് പറഞ്ഞു.

Latest