ബെര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍ കണ്ടെത്തിയത് ഒന്നാം ഖലീഫയുടെ കാലത്തെ ഖുര്‍ആന്‍ ഭാഗം

Posted on: December 24, 2015 12:15 am | Last updated: December 24, 2015 at 12:15 am

downloadബെര്‍മിംഗ്ഹാം: ബെര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍ കണ്ടെത്തിയ ലോകത്തെ ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍പതിപ്പ് മുഹമ്മദ് നബിയുടെ അനുചരനും ഒന്നാം ഖലീഫയുമായ അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്തേതാണെന്ന് കണ്ടെത്തല്‍. ബെര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ഈ ഖുര്‍ആന്‍പ്രതി ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുഹമ്മദ് നബിയുടെ കാലത്തേതാണ് ഇതെന്നായിരുന്നു ആദ്യത്തെ നിഗമനമെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായ കണ്ടെത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്തുള്ള ഖുര്‍ആന്റെ ആദ്യത്തെ പരിപൂര്‍ണ സമാഹരണങ്ങളുടെ ഭാഗമാണ് ഇതെന്ന് കാലപഴക്കം പരിശോധിച്ചതിന് ശേഷം വ്യക്തമായിട്ടുണ്ട്. 1370 വര്‍ഷം പഴക്കമാണ് ഇതിന് കണക്കാക്കുന്നത്. ഖുര്‍ആന്റെ ചില ഭാഗങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും സുരക്ഷിതമായിരിക്കുന്നുണ്ട്. ഈജിപ്തിലെ പുരാതനമായ അംറ്ബ്‌നുല്‍ആസ് പള്ളിയിലായിരുന്നു ഇത് നേരത്തെ സൂക്ഷിക്കപ്പെട്ടിരുന്നതെന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഫ്രാന്‍സിലെ നാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ട പുരാതന ഖുര്‍ആന്‍ പതിപ്പിനോട് ഇതിന് സാദൃശ്യമുണ്ടെന്നും രണ്ടും ഒരേ ഖുര്‍ആന്‍ കോപ്പിയുടെ രണ്ട് ഭാഗങ്ങളാണെന്നും സൂചനകളുണ്ട്. ബെര്‍മിംഗ്ഹാമിലെ ഖുര്‍ആന്‍ പ്രതി തിരിച്ചറിഞ്ഞ ഗവേഷകന്‍ അല്‍ബ ഫദേലി രണ്ടും ഒരേ ഖുര്‍ആനിന്റെ രണ്ട് ഭാഗങ്ങളാണെന്ന് ഉറപ്പിക്കുന്നു. പാരീസിലെ ഖുര്‍ആന്‍ പതിപ്പിന്റെ ഉത്ഭവം ഈജിപ്തിലെ അംറ്ബ്‌നുല്‍ ആസ് പള്ളിയില്‍ നിന്നാണെന്ന് രേഖകള്‍ പറയുന്നു. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈജിപ്ത് നെപ്പോളിയന്‍ ഭരണത്തിന് കീഴിലായിരുന്ന സമയത്ത് അവിടെ വൈസ് കൗണ്‍സിലായി സേവനം ചെയ്തിരുന്ന അസ്സലിന്‍ഡേ ചെര്‍വിലെയാണ് ഇതിന്റെ ഒരു ഭാഗം യൂറോപ്പിലേക്ക് കൊണ്ടുവന്നത്. 1820ല്‍ ചെര്‍വിലെയുടെ വിധവ ഇതുള്‍പ്പെടെ മറ്റു ഇസ്‌ലാമികമായ പുരാതന വസ്തുക്കള്‍ ബ്രിട്ടീഷ് ലൈബ്രറിക്ക് വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇത് എത്തിപ്പെട്ടത് പാരീസിലെ നാഷണല്‍ ലൈബ്രറിയിലാണ് ഇത് എത്തിയത്. ഇക്കാലമത്രയും ഈ പതിപ്പുകള്‍ പാരീസില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.
ബെര്‍മിംഗ്ഹാമില്‍ ഇതിന്റെ കോപ്പിയുടെ ഒരു ഭാഗം എങ്ങനെ എത്തിയെന്ന കാര്യവും വ്യക്തമായിരിക്കുകയാണ്. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അംറ്ബ്‌നുല്‍ ആസ് പള്ളിയില്‍ നിന്ന് ഈ ഖുര്‍ആന്‍ ഈജിപ്തിലെ നാഷനല്‍ ലൈബ്രറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ആരെങ്കിലും ഇതില്‍ കൈകടത്തി പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകളിലെത്തിച്ചിട്ടുണ്ടാകാമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. അങ്ങനെ 1920 വരെ ഈ ഖുര്‍ആന്‍ പ്രതി നിരവധി വാങ്ങല്‍കൊടുക്കലുകള്‍ക്ക് വിധേയമായി. 1920 അല്‍ഫോന്‍സ് മിംഗാന എന്ന അസീറിയക്കാരനാണ് ഇത് ബെര്‍മിംഗ്ഹാമിലേക്ക് കൊണ്ടുവന്നതെന്നും രേഖയുണ്ട്.