Connect with us

Kerala

ഹജ്ജ് അപേക്ഷ ജനുവരി 14 മുതല്‍; നറുക്കെടുപ്പ് മാര്‍ച്ച് 15ന്

Published

|

Last Updated

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റികള്‍ മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ ജനുവരി 14 മുതല്‍ സ്വീകരിക്കും. ഫെബ്രുവരി എട്ട് വരെ അപേക്ഷകള്‍ സ്വീകരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം 20 ശതമാനം വെട്ടിക്കുറച്ചത് ഇത്തവണ ഒഴിവാക്കാന്‍ സാധ്യതയുള്ളതിനാല്‍ 2016ലെ ഹജ്ജിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ക്വാട്ട ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നറുക്കെടുപ്പ് മാര്‍ച്ച് 15 മുതന്‍ 23 വരെ തീയ്യതികളിലായി നടക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്കായുള്ള നറുക്കെടുപ്പ് 15ന് തന്നെ നടക്കാനാണ് സാധ്യത. അവസരം ലഭിക്കുന്നവര്‍ ഏപ്രില്‍ 15നകം പാസ്‌പോര്‍ട്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ആദ്യ ഗഡു തക ഏപ്രില്‍ എട്ടിനുള്ളിലായും ബാങ്കില്‍ അടക്കേണ്ടതുണ്ട്. വിമാന ചാര്‍ജ്ജും മറ്റും അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക. ഒന്നാം ഗഡു തുക എത്രയെന്ന് പിന്നീട് പ്രഖ്യാപിക്കും. ഗ്രീന്‍, അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് തുക വ്യത്യാസമുണ്ടായിരിക്കും.
70 മുകളിലുള്ള അപേക്ഷകരുടേയും തുടര്‍ച്ചയായി അപേക്ഷിച്ചവരുടേയും ബാഹുല്യം കാരണം കേരളത്തിന് അധികം ലഭിക്കുന്ന സീറ്റുകളില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം അപേക്ഷിച്ചവര്‍ക്ക് പോലും അവസരം ലഭിക്കില്ല. ഈ വര്‍ഷം ഹജ്ജ് അപേക്ഷകരുടെ എണ്ണം 75,000 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 65,000 അപേക്ഷകരുണ്ടായിരുന്നു.
ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് നാലിനു യാത്ര തിരിക്കും. ഹജ്ജ് യാത്ര സെപ്തംബര്‍ അഞ്ചു വരെ നീണ്ടു നില്‍ക്കും. കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ സംഘം ആഗസ്റ്റ് അവസാന വാരത്തിലാകാനാണ് സാധ്യത. മടക്ക യാത്ര സെപ്തംബര്‍ 15 മുതല്‍ ആരംഭിക്കും. സെപ്തംബര്‍ 10 നായിരിക്കും അറഫ ദിനം. 2016 ലെ ഹജ്ജ് സംബന്ധമായ പ്രഖ്യാപനം ജനുവരി ഒന്നിനു കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നുണ്ടാകും. ഹജ്ജ് സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു ഏപ്രില്‍ എഴിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഡല്‍ഹിയില്‍ ചേരുന്നുണ്ട്.