Connect with us

Editors Pick

ബേപ്പൂര്‍ പെരുമ ഉരുക്കളിലേറി വീണ്ടും കടല്‍ കടക്കുന്നു

Published

|

Last Updated

ബേപ്പൂര്‍: അത്യാധുനികവും ആഡംബര പൂര്‍ണവുമായ രണ്ട് ഉരുക്കുകളുടെ നിര്‍മാണം ബേപ്പൂരില്‍ പൂര്‍ത്തിയാവുന്നു. കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന, ലോക പ്രശസ്തി നേടിയ ബേപ്പൂരിലെ ഉരു നിര്‍മ്മാണ യാര്‍ഡില്‍ ആറര കോടി രൂപ ചെലവിട്ടാണ് രണ്ട് ഉരുക്കള്‍ നിര്‍മിക്കുന്നത്. ഇതില്‍ മൂന്ന് കോടി രൂപ ചിലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഉരു ശനിയാഴ്ച്ച നീറ്റിലിറക്കും. ഖത്വര്‍ തലസ്ഥാനമായ ദോഹയിലെ യൂസഫ് അഹമ്മദ് അല്‍ അമ്മാരിക്കായാണ് ബേപ്പൂരിലെ കക്കാടത്ത് യാര്‍ഡിലെ അല്‍ഫ എന്റര്‍ പ്രൈസസില്‍ ഉരുവിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്.
ഇതോടെ ബേപ്പൂരില്‍ നിന്നും ആറാമത്തെ ഉരുവാണ് അമ്മാരി നിര്‍മിച്ച് കൊണ്ടുപോവുന്നത്. അത്യാധുനിക സൗകര്യങ്ങളും കാഴ്ചയില്‍ കൂടുതല്‍ ഭംഗിയുമുള്ള ഉരുക്കുകള്‍ ഇവിടുത്തെ നിര്‍മാണത്തിന് ശേഷം നേരെ ദുബായിലേക്കെത്തിച്ച് കൂടുതല്‍ ശക്തിയുള്ള എന്‍ജിനും ആഡംബര സൗകര്യങ്ങളും ഒരുക്കിയാണ് യാത്രക്ക് സജ്ജമാക്കുന്നത്.
2014 ജൂണ്‍ മാസത്തോടെയാണ് ഇവയുടെ നിര്‍മാണം തുടങ്ങിയത്.19 മാസത്തോളം ദിവസേന 45 തൊഴിലാളികള്‍ പണിയെടുത്താണ് ഉരുക്കള്‍ നിര്‍മിക്കുന്നത്. ഗാല്‍വനൈസ്ഡ് ഇരുമ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ഭീമുകളും ബോള്‍ട്ടുകളും പുറമെ തൂത്തുകുടിയില്‍ നിന്നും കൊണ്ടുവന്ന മുന്തിയ ഇനം തേക്ക് തടിയുമാണ് ഉരു നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വിദേശത്ത് ഈ ഉരുക്കുകള്‍ പ്രധാനമായും ടൂറിസം മേഖലയിലാണ് ഉപയോഗിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ബേപ്പൂരില്‍ നിര്‍മിച്ച പ്രൗഢിയുള്ള കൂറ്റന്‍ ആഡംബര ഉരുവിനോട് കിടപിടിക്കാവുന്ന തരത്തിലുള്ള കൊത്തു പണികളോടെയും കരുത്തോടെയും മികവാര്‍ന്ന സൗകര്യങ്ങളോടും കൂടിയാണ് ഈ രണ്ട് ഉരുകളും പണിതിരിക്കുന്നത്.
ഇവിടെ നിന്നും ഖത്വര്‍ വരെ എത്തിക്കുന്നതിന് ആവശ്യമായ ശക്തി കുറഞ്ഞ എന്‍ജിന്‍ മാത്രമാണ് നിലവില്‍ ഉരുവില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഉരു നിര്‍മ്മാണ രംഗത്ത് വിദേശത്തും സ്വദേശത്തും നാല്‍പ്പത് വര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള ബേപ്പൂര്‍ സ്വദേശിയായ മാളിയേക്കല്‍ ആലിക്കോയയുടെ നേതൃത്വത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
ബേപ്പൂര്‍ സ്വദേശികളായ തൊഴിലാളികളും, ഖലാസികളും മാത്രമാണ് ഇവിടെ ജോലി ചെയ്യുന്നത്. ഏത് മേഖലയിലും അന്യ സംസ്ഥാന തൊഴിലാളികള്‍ ഇടം പിടിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാദേശികമായി പഴക്കമുള്ള തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉരു നിര്‍മ്മാണത്തിലുള്ളത്. മാളിയേക്കല്‍ ആലിക്കോയ 1973 മുതല്‍ പത്ത് വര്‍ഷത്തോളം ബേപ്പൂരില്‍ ഉരു നിര്‍മാണ രംഗത്തുണ്ടായിരുന്നു. കാല്‍ നൂറ്റാണ്ടിലേറെ കാലം വിദേശത്ത് ഉരു നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ച ശേഷമാണ് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തി വീണ്ടും ഉരു നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച ഉരു നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ബേപ്പൂര്‍ സ്വദേശികളായ ശ്രീധരന്‍ പുഴക്കരയും, സത്യന്‍ എടത്തെടിയും വര്‍ഷങ്ങളായി ഇവിടെ ഉരു നിര്‍മാണ രംഗത്തുണ്ട്. കൂട്ടമായ പരിശ്രമത്തിന്റെയും, അധ്വാനത്തിന്റെയും, മനക്കരുത്തിന്റെയും ഫലമായി രൂപപ്പെടുന്ന ഈ ഉരുക്കളാണ് കോഴിക്കോടന്‍ പെരുമ വിദേശ രാജ്യങ്ങളില്‍ എത്തിക്കുന്നത്.