മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്ലസ് ടു യോഗ്യത

Posted on: December 23, 2015 6:00 am | Last updated: December 23, 2015 at 12:53 am

Voting-machine-NOTAഛണ്ഡീഗഢ്: ഹരിയാനയിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇനി പ്ലസ് ടു യോഗ്യത വേണ്ടിവരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ആക്കി നിശ്ചയിച്ചതിന് പിന്നാലെയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാറിന്റെ പുതിയ തീരുമാനം. ഇതു സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ച അഡ്വക്കറ്റ് ജനറല്‍ ബി ആര്‍ മഹാജന്‍, നിലവിലെ ചട്ടം ഭേദഗതി ചെയ്യുമെന്നും വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയായി പത്താം ക്ലാസ് നിശ്ചയിച്ചത് ഈ മാസം പത്തിന് സുപ്രീം കോടതി അംഗീകരിച്ചിരുന്നു. 2010ലെ ഹരിയാന പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ടാണ് സുപ്രീം കോടതി ശരിവെച്ചത്. ഇതനുസരിച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പൊതു വിഭാഗത്തിലെ സ്ഥാനാര്‍ഥിക്ക് പത്താം ക്ലാസ് യോഗ്യത നിര്‍ബന്ധമാണ്. പൊതു വിഭാഗത്തിലെ വനിതാ സ്ഥാനാര്‍ഥികള്‍ക്കും പട്ടികജാതി സ്ഥാനാര്‍ഥികള്‍ക്കും അടിസ്ഥാന യോഗ്യത എട്ടാം ക്ലാസാണ്. സ്ത്രീ സ്ഥാനാര്‍ഥികള്‍ പട്ടികജാതിയില്‍പ്പെട്ടവരാണെങ്കില്‍ അഞ്ചാം ക്ലാസ് മതിയാകും. അടുത്ത വര്‍ഷം 78ല്‍ 42 മുനിസിപ്പാലിറ്റികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ കുറഞ്ഞ യോഗ്യത പ്ലസ് ടു ആക്കി നിശ്ചയിക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഒമ്പത് മുനിസിപ്പല്‍ കോര്‍പറേഷനുകളും 19 മുനിസിപ്പല്‍ കൗണ്‍സിലുകളും 50 മുനിസിപ്പല്‍ കമ്മിറ്റികളുമാണുള്ളത്.