വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍

Posted on: December 23, 2015 5:36 am | Last updated: December 23, 2015 at 12:37 am

തിരുവനന്തപുരം :സാഫ് കപ്പിനു മുന്നോടിയായി സംഘടിപ്പിച്ച പരിശീലകരുടെയും ക്യാപ്റ്റന്മാരുടെയും വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. ടൂര്‍ണമെന്റിന്റെ സംഘാടനത്തെപ്പറ്റി ടീമുകളുടെ പരിശീലകര്‍ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതെ തുടര്‍ന്ന്, സംഘാടകരുടെ പ്രതിനിധികളാരെങ്കിലും വേദിയിലെത്തി മറുപടി നല്‍കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അതിനുള്ള വേദിയല്ലെന്നും കളിയെപ്പറ്റി മാത്രമേ സംസാരിക്കാവൂ എന്നുമായിരുന്നു ടൂര്‍ണമെന്റിന്റെ പ്രധാന സംഘാടകരായ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് അധികൃതരുടെ നിലപാട്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയോ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയോ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെയോ പ്രതിനിധികളെയാരെയും പങ്കെടുപ്പിക്കാതെയാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഡി എഫ് എ പ്രസിഡന്റും സാഫ് ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതിയുടെ പ്രസിഡന്റും എം എല്‍ എയുമായ വി ശിവന്‍കുട്ടിയും കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാരവാഹികളുമടക്കമുള്ളവര്‍ സദസ്സില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം പരിശീലകരും ക്യാപ്റ്റന്മാരും പിരിഞ്ഞുപോയതിനു പിന്നാലെ തനിക്കു ചിലതു പറയാനുണ്ടെന്നു പറഞ്ഞ് വി ശിവന്‍കുട്ടി എം എല്‍ എ വേദിയിലെത്തി. ടൂര്‍ണമെന്റിന്റെ സംഘാടനത്തിലെ പിഴവുകള്‍ സംബന്ധിച്ചു ശിവന്‍കുട്ടി സംസാരിക്കാനാരംഭിച്ചതോടെ ഡബ്ല്യു എസ് ജി അധികൃതര്‍ മൈക്ക് ഓഫ് ചെയ്തു.
ഇതിനെ ചോദ്യംചെയ്ത ഡി എഫ് എയുടെ പ്രവര്‍ത്തകരും ഡ ബ്ല്യു എസ് ജി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. ടൂര്‍ണമെന്റിന്റെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടെന്നും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സംഘാടക ചുമതലയുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.
വിദേശത്തു നിന്നും എത്തിയ ടീമുകള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ സംഘാടകരായ ഇവന്റ് മാനെജ്‌മെന്റ് ഗ്രൂപ്പുമായി സംസാരിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. പ്രശ്‌നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും ടൂര്‍ണമെന്റിന്റെ വിജയത്തിനായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.