Connect with us

Kerala

സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കാന്‍ മുന്നണികള്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കാന്‍ മുന്നണികളുടെ ശ്രമം. അവസാന മണിക്കൂറുകളിലെ തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നതിനാല്‍ കഴിവതും നേരത്തെ ധാരണയുണ്ടാക്കാനാണ് നീക്കം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ കൂറുമാറ്റങ്ങള്‍ സീറ്റ് വിഭജനത്തിലും പ്രതിഫലിക്കുമെന്നതിനാല്‍ മുന്നണികളുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധം ഇത് പൂര്‍ത്തീകരിക്കുക ശ്രമകരമാകും. ആര്‍ എസ് പി. യു ഡി എഫിലേക്ക് പോയതും പി സി ജോര്‍ജിന്റെ കേരളാ കോണ്‍ഗ്രസ് സെക്യുലറും കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പും ഗൗരിയമ്മയും സി എം പിയിലെ ഒരു വിഭാഗം എല്‍ ഡി എഫിലെത്തിയതുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രധാന മാറ്റം. ഇവര്‍ക്ക് നല്‍കാനുള്ള സീറ്റ് കണ്ടെത്തലും അത് ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന തര്‍ക്കങ്ങളും ഇരുപക്ഷത്തും തലവേദനയുണ്ടാക്കും. കഴിഞ്ഞ തവണ സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിഷേധം ഉയര്‍ത്തിയ ജെ ഡി യു ഉള്‍പ്പെടെയുള്ളവരെ അനുനയിപ്പിക്കേണ്ടതുമുണ്ട്.
പൂഞ്ഞാര്‍ സീറ്റ് പി സി ജോര്‍ജിന് തന്നെ നല്‍കാനാണ് സി പി എം തീരുമാനം. കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ ലേബലില്‍ ഒരു സീറ്റിന് കൂടി ജോര്‍ജ് ശ്രമിക്കുന്നുണ്ടെങ്കിലും എല്‍ ഡി എഫ് വഴങ്ങില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന്റെ സ്ഥിതി വ്യത്യസ്തമാണ്. പത്തനാപുരം സീറ്റ് കെ ബി ഗണേഷ് കുമാറിന് നല്‍കുന്നതിനോട് സി പി എമ്മിന് എതിര്‍പ്പില്ലെങ്കിലും മത്സരിക്കണമെന്ന ബാലകൃഷ്ണ പിള്ളയുടെ നിലപാടിനോട് വിയോജിക്കുന്നു. പിള്ള മത്സരിക്കാനിറങ്ങിയാല്‍ രാഷ്ട്രീയ പ്രചാരണം എതിരാകുമോയെന്നതാണ് ഭീതി. പിള്ള പതിവായി മത്സരിക്കാറുള്ള കൊട്ടാരക്കര സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണെന്നതും പ്രതികൂല ഘടകമാണ്. പിള്ള മത്സരിക്കട്ടെയെന്നാണ് എല്‍ ഡി എഫ് തീരുമാനിക്കുന്നതെങ്കില്‍ ചെങ്ങന്നൂര്‍ സീറ്റ് നല്‍കിയാകും പ്രശ്‌നം പരിഹരിക്കുക.
എല്‍ ഡി എഫുമായി സഹകരിക്കുന്ന കെ ആര്‍ ഗൗരിയമ്മ അനാരോഗ്യം കാരണം ഇത്തവണ മത്സരിക്കാനുണ്ടാകില്ല. എന്നാല്‍, ഗൗരിയമ്മക്കൊപ്പമുള്ള നേതാക്കളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കേണ്ടിയും വരും. കെ കെ ഷാജു, എ എന്‍ രാജന്‍ബാബു തുടങ്ങിയ നേതാക്കള്‍ ഇപ്പോഴും യു ഡി എഫിലാണ്.
മുന്നണി മാറിയ ആര്‍ എസ് പിക്ക് സിറ്റിംഗ് സീറ്റായുള്ളത് കുന്നത്തൂരും ഇരവിപുരവും മാത്രമാണ്. യു ഡി എഫില്‍ തന്നെയായിരുന്ന ഷിബു ബേബിജോണ്‍ പ്രതിനിധാനം ചെയ്യുന്ന ചവറയും ആര്‍ എസ് പിയുടെ സീറ്റ് തന്നെ. ഇതില്‍ ഇരവിപുരം മുസ്‌ലിം ലീഗിന്റെയും കുന്നത്തൂര്‍ കോണ്‍ഗ്രസിന്റെയും സീറ്റാണ്. ഇരവിപുരം ആര്‍ എസ് പിക്ക് വിട്ടുനല്‍കേണ്ടി വന്നാല്‍ പകരം ആലപ്പുഴ ജില്ലയില്‍ ഒരു സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെടും. ആലപ്പുഴ അല്ലെങ്കില്‍ കായംകുളം എന്നതാണ് ലീഗിന്റെ മനസ്സില്‍. ഇരവിപുരം നഷ്ടപ്പെടുന്നതോടെ എറണാകുളം ജില്ലക്ക് ഇപ്പുറത്ത് മത്സരിക്കാന്‍ സീറ്റ് ഇല്ലെന്ന അവസ്ഥ വരുമെന്ന വാദമാകും ലീഗ് ഉയര്‍ത്തുക. ഈ തര്‍ക്കത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ഇരവിപുരത്തിന് പകരം കൊട്ടാരക്കരയോ പത്തനാപുരമോ ആര്‍ എസ് പിക്ക് നല്‍കും. എല്‍ ഡി എഫിലായിരുന്നപ്പോള്‍ ആര്‍ എസ് പി മത്സരിച്ചിരുന്ന അരുവിക്കര, ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്ന സ്ഥിതി വന്നു. ഇതിന് പകരം വാമനപുരം സീറ്റ് ആവശ്യപ്പെടാനാണ് ആര്‍ എസ് പിയുടെ തീരുമാനം.
മുസ്‌ലിം ലീഗ് മത്സരിക്കുന്ന തിരുവമ്പാടി സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്. തിരുവമ്പാടിക്ക് പകരം ബേപ്പൂര്‍ നല്‍കാനാണ് ആലോചനയെങ്കിലും ലീഗ് ഇതിന് വഴങ്ങുമോയെന്ന് വ്യക്തമല്ല.

Latest