കുമ്മനത്തിന്റെ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ്

ബി ജെ പിയുടെ തീവ്ര നിലപാടുകളെ തുണച്ച് സംസാരിക്കുക, അതിന്റെ തീവ്ര നേതാക്കള്‍ പുറപ്പെടുവിക്കുന്ന വിദ്വേഷം ജനിപ്പിക്കാവുന്ന പ്രസ്താവനകള്‍ക്ക് ന്യായം നിരത്തുക എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് കേരള നേതാക്കളുടെ പൊതുരീതി. അതില്‍തന്നെ പലപ്പോഴും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ദേശീയതലത്തില്‍ ആവിഷ്‌കരിക്കുന്ന തീവ്ര അജന്‍ഡകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അതിന് ബാലിശമായ ന്യായങ്ങള്‍ നിരത്തുകയും ചെയ്യുക എന്നതും അപൂര്‍വമല്ല. ഇതിനൊക്കെയൊരു മാറ്റമുണ്ടാകണമെന്ന ആഗ്രഹം തീവ്രതയില്‍ വിട്ടുവീഴ്ചയില്ലാത്ത കുമ്മനത്തെ നിശ്ചയിക്കാന്‍ കാരണമായിട്ടുണ്ടാകണം. നിലക്കല്‍ മുതല്‍ മാറാട് വരെ നീണ്ട സംഭവങ്ങളിലെല്ലാം ഈ തീവ്രത കേരളം കണ്ടതാണ്. സംസ്ഥാന പ്രസിഡന്റാകുന്നതോടെ തീവ്രത കുറേക്കൂടി പ്രകടമാകുമെന്ന് കരുതണം. ഗ്രൂപ്പിസത്തില്‍ കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ഘടകത്തില്‍ അച്ചടക്കം പഠിപ്പിക്കാനും കുമ്മനത്തിന് കഴിയുമെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് കൂടിയാണ് എതിര്‍പ്പുകളെ അവഗണിച്ച്, കുമ്മനത്തിന്റെ കുറിയെടുക്കാന്‍ അമിത് ഷാക്ക് ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയത്.
Posted on: December 22, 2015 6:00 am | Last updated: December 22, 2015 at 12:53 pm
കുമ്മനം രാജശേഖരനും പ്രവീണ്‍ തൊഗാഡിയയും
കുമ്മനം രാജശേഖരനും പ്രവീണ്‍ തൊഗാഡിയയും

വിവര സാങ്കേതിക വിദ്യയുടെ വികാസം ഒരു പതിറ്റാണ്ടിനിടെ വ്യവസായലോകത്തിന് സമ്മാനിച്ച വലിയ അവസരമാണ് ഔട്ട് സോഴ്‌സിംഗ്. ആശയം ഏറെക്കുറെ പ്രതിഫലിക്കും വിധത്തില്‍ ‘പുറം തൊഴില്‍ കരാറെ’ന്ന പരിഭാഷ മലയാളത്തില്‍ ഇതിന് ലഭിക്കുകയും ചെയ്തു. ഈ കരാറുകള്‍ വഴി ഇന്ത്യന്‍ യൂനിയനില്‍ പുഷ്ടിപ്പെട്ടത് ഐ ടി കമ്പനികളാണ്. ഇന്‍ഫോസിസ് മുതല്‍ ടി സി എസ് വരെയുള്ള ഭീമന്‍മാരും മറ്റ് നിരവധി ചെറുകിട കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പതിറ്റാണ്ട് കണ്ട വലിയ തട്ടിപ്പുകളിലൊന്ന് അരങ്ങേറിയതും പുറം തൊഴില്‍ കരാറെടുക്കുന്ന കമ്പനിയിലൂടെയായിരുന്നു. വരുമാനം, പ്രവര്‍ത്തനലാഭം, പലിശയിനത്തിലെ ബാധ്യത, നീക്കിയിരുപ്പ് എന്ന് തുടങ്ങി ഒരു സ്ഥാപനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെക്കുറിക്കുന്ന കണക്കുകളൊക്കെ പെരുപ്പിച്ച് കാട്ടി, നിക്ഷേപകരെയാകെ പറ്റിക്കുകയാണ് സത്യം കമ്പ്യൂട്ടേഴ്‌സ് ചെയ്തത്. ഇതിന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ കണക്കുനോക്കല്‍ ഏജന്‍സികളുടെ സഹായവും ഇവര്‍ക്ക് കിട്ടിയിരുന്നു. ഇതൊക്കെയുണ്ടെങ്കിലും രാജ്യത്തിന് വലിയതോതില്‍ വിദേശനാണ്യം നേടിത്തരുന്ന മേഖലയായി ഔട്ട് സോഴ്‌സിംഗ് തുടരുന്നു.
പുറമെ നിന്നുള്ള തൊഴില്‍കരാറുകള്‍ ഇന്ത്യയിലെ കമ്പനികളിലേക്ക് കൈമാറുന്നതിനൊപ്പം ഈ ജോലി മികച്ചനിലയില്‍ ചെയ്യുന്ന കമ്പനികളിടെ മിടുക്കരായ ജീവനക്കാരെ സ്വന്തം രാജ്യത്തിലേക്ക് ക്ഷണിച്ച് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാനും വിദേശ കമ്പനികള്‍ തയ്യാറാകാറുണ്ട്. ഓണ്‍ സൈറ്റ്, ഔട്ട് സോഴ്‌സിംഗാണിത്. ഇത്തരത്തില്‍ പോകുന്ന ജീവനക്കാരില്‍ ചിലരെയെങ്കിലും അവരുടെ മിടുക്ക് പരിഗണിച്ച് വിദേശ കമ്പനികള്‍ സ്വന്തമാക്കാറുമുണ്ട്.
പുറം തൊഴില്‍ കരാര്‍ സമ്പ്രദായം വ്യവസായലോകത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ സജീവമായിരുന്നു. ഈ സമ്പ്രദായം ഏറ്റം വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) ആണ്. ജന സംഘം, ബി ജെ പി തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയ രൂപങ്ങള്‍ മാത്രമല്ല, പരിവാറിന്റെ ഭാഗമായ ഇതര സംഘടനകളും ആര്‍ എസ് എസില്‍ നിന്നുള്ള ഓണ്‍ സൈറ്റ് ഔട്ട് സോഴ്‌സിംഗ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും കേരളത്തിലുള്ള ഹിന്ദു ഐക്യ വേദിയുടെയും ഭാരവാഹിയായിരുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രചാരകന്‍ കുമ്മനം രാജശേഖരനെ ബി ജെ പിയുടെ കേരള ഘടകത്തിന്റെ പ്രസിഡന്റായി നിയമിച്ചതും ഒരു വിധത്തില്‍ പറഞ്ഞാല്‍ ഔട്ട്‌സോഴ്‌സിംഗാണ്, ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ്.
മികച്ച നിലവാരത്തില്‍ ജോലി പൂര്‍ത്തിയാക്കിക്കൊടുക്കുക എന്നതാണ് ഒട്ട്‌സോഴ്‌സിംഗ് കരാറെടുക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തം. കരാര്‍ നല്‍കുന്ന കമ്പനിക്ക് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിക്കൊടുക്കണം. ഓണ്‍ സൈറ്റ് നല്‍കുകയാണെങ്കില്‍, അതിലേക്ക് നിയോഗിക്കപ്പെടുന്നവരുടെ ഉത്തരവാദിത്തം കൂടും. ആര്‍ എസ് എസ് അതിന്റെ നേതാക്കളെ മറ്റു സംഘടനകള്‍ക്കായി ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ അവരുദ്ദേശിക്കുന്ന ചില ലക്ഷ്യങ്ങളുണ്ട്. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടാകും. അതിന് പാകത്തില്‍ പാര്‍ട്ടിയെ രൂപപ്പെടുത്തുക എന്നത് ഔട്ട്‌സോഴ്‌സിംഗ് ഏറ്റെടുക്കുന്നവരുടെ ചുമതലയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുണ്ടായ ഏറ്റവും പ്രധാനപ്പെട്ട ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗ് രാം മാധവിന്റേതായിരുന്നു. ആര്‍ എസ് എസ്സിന്റെ നേതൃനിരയില്‍ നിന്ന് ബി ജെ പിയുടെ ജനറല്‍ സെക്രട്ടറിയായി രാം മാധവ് നിയോഗിക്കപ്പെട്ടു. ഭരണരംഗത്ത് ബി ജെ പി സ്വീകരിക്കുന്ന നയങ്ങള്‍ ആര്‍ എസ് എസ്സിന്റെ പ്രഖ്യാപിത നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് രാം മാധവിന്റെ ദൗത്യമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരം ഔട്ട്‌സോഴ്‌സിംഗിനുള്ള പ്രധാന പ്രത്യേകത, പലപ്പോഴും ഇത് ഏകപക്ഷീയമായിരിക്കുമെന്നതാണ്.
ബി ജെ പിയുടെ കേരള ഘടകത്തില്‍ കുമ്മനം രാജശേഖരന്‍ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗിന് എത്തുമ്പോഴും ഈ ഏകപക്ഷീയതയുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയുമൊക്കെ ഭാരവാഹിയായ കുമ്മനം, എപ്പോഴെങ്കിലും ബി ജെ പിയുടെ അംഗമായിരുന്നോ എന്നതില്‍ വ്യക്തതയില്ല. മൊബൈല്‍ ഫോണില്‍ നിന്ന് മിസ് കാള്‍ അടിച്ചാല്‍ അംഗത്വം ലഭിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. അതുകൊണ്ട് തന്നെ അംഗത്വത്തില്‍ വലിയ പ്രസക്തിയില്ല. പക്ഷേ, ബി ജെ പിയുടെ ഏതെങ്കിലുമൊരു ഘടകത്തില്‍ ഭാരവാഹിയായി കുമ്മനം ഇരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അത്തരത്തിലൊരാളെ പൊടുന്നനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുമ്പോള്‍ നിലവിലുള്ള നേതൃനിരയൊന്നും തങ്ങളുദ്ദേശിക്കുന്ന പ്രവൃത്തിക്ക് യോഗ്യരല്ലെന്ന് അടിവരയിടുകയാണ് ആര്‍ എസ് എസ്.
കരാര്‍ നല്‍കുന്നവര്‍ക്കും കരാര്‍ സ്വീകരിക്കുന്നവര്‍ക്കും ലാഭമുള്ളതാണ് വ്യവസായത്തിലെ ഔട്ട്‌സോഴ്‌സിംഗ്. കരാര്‍ സ്വീകരിക്കുന്നവര്‍ക്ക് ലാഭമെന്ന് പറഞ്ഞാല്‍ നിലവില്‍ അതിന്റെ നേതൃനിരയിലുള്ളവര്‍ക്കൊക്കെ ലാഭം. പക്ഷേ, കുമ്മനത്തെ ഔട്ട്‌സോഴ്‌സ് ചെയ്യുമ്പോള്‍ തുടക്കത്തില്‍ സംസ്ഥാന ബി ജെ പിയുടെ മുഖങ്ങളായി അറിയപ്പെടുന്ന നേതാക്കള്‍ക്കൊക്കെ നഷ്ടമാണ്. ഔട്ട്‌സോഴ്‌സിംഗിലൂടെ ആര്‍ എസ് എസ് ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിക്കൊടുക്കാനായാല്‍, ലാഭമുണ്ടാകുമെന്ന പ്രതീക്ഷ നഷ്ടദുഃഖത്തിനിടയിലും നേതാക്കള്‍ക്കുണ്ടാകുമെന്ന് മാത്രം.
ഉദ്ദിഷ്ടം എന്തൊക്കെയാകും? വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടിയതിലൂടെ ഭൂരിപക്ഷ സമുദായങ്ങളുടെ ഐക്യം വളര്‍ത്തി വോട്ടാക്കാമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. ഹിന്ദു ഐക്യത്തിന് വേണ്ടി ദശകങ്ങളായി വിയര്‍പ്പൊഴുക്കുന്നയാളാണ് കുമ്മനം. അതിനൊരു വേദിയുണ്ടാക്കി, നേതൃസ്ഥാനത്ത് സ്വയം അവരോധിച്ചയാള്‍. ഇത്ര കാലവും വിയര്‍പ്പ് പാഴായതേയുള്ളൂ. എങ്കിലും വിവിധ സമുദായ സംഘടനകളുടെ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആ ബന്ധം പുതിയ സാഹചര്യങ്ങളില്‍ ബി ജെ പിക്കുള്ള വോട്ടാക്കാനാകുമോ എന്ന ആലോചനയുടെ ഭാഗം കൂടിയാണ് കുമ്മനത്തിന്റെ നിയമനം. വെള്ളാപ്പള്ളി നടേശനെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നത് ബി ജെ പിക്കുണ്ടാക്കിയ വലിയ നഷ്ടം, ഇനിയങ്ങോട്ടില്ലെന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടാണ്. സ്വയം നായരായ കുമ്മനം പ്രസിഡന്റാകുന്നതോടെ, നായര്‍ നേതൃത്വത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സഖ്യകക്ഷി സ്ഥാനമേ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കുള്ളൂവെന്ന് ബോധ്യപ്പെടുത്താനാകുമെന്നും സുകുമാരന്‍ നായര്‍ പ്രസാദിക്കുമെന്നും ബി ജെ പിയുടെ കാര്യത്തിലും സമദൂരം പ്രഖ്യാപിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.
തീവ്രതയാണ് ഔട്ട്‌സോഴ്‌സിംഗിനുള്ള മറ്റൊരു പ്രധാന കാരണം. ബി ജെ പിയുടെ തീവ്ര നിലപാടുകളെ തുണച്ച് സംസാരിക്കുക, അതിന്റെ തീവ്ര നേതാക്കള്‍ പുറപ്പെടുവിക്കുന്ന വിദ്വേഷം ജനിപ്പിക്കാവുന്ന പ്രസ്താവനകള്‍ക്ക് ന്യായം നിരത്തുക എന്നിവയില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് കേരള ഘടകത്തിലെ നേതാക്കളുടെ പൊതുരീതി. അതില്‍തന്നെ പലപ്പോഴും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യും. ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുണ്ടെങ്കില്‍ അതില്‍ എതിര്‍പ്പില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് വി മുരളീധരന്‍ നടത്തിയ പ്രസ്താവന ഉദാഹരണം. സംഘ്പരിവാരം ദേശീയതലത്തില്‍ ആവിഷ്‌കരിക്കുന്ന തീവ്ര അജന്‍ഡകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും അതിന് ബാലിശമായ ന്യായങ്ങള്‍ നിരത്തുകയും ചെയ്യുക എന്നതും അപൂര്‍വമല്ല. ഇതിനൊക്കെയൊരു മാറ്റമുണ്ടാകണമെന്ന ആഗ്രഹവും തീവ്രതയില്‍ വിട്ടുവീഴ്ചയില്ലാത്ത ഈ മൃദുഭാഷിയെ നിശ്ചയിക്കാന്‍ കാരണമായിട്ടുണ്ടാകണം. നിലക്കല്‍ മുതല്‍ മാറാട് വരെ നീണ്ട സംഭവങ്ങളിലെല്ലാം ഈ തീവ്രത കേരളം കണ്ടതാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാകുന്നതോടെ തീവ്രത കുറേക്കൂടി പ്രകടമാകുമെന്ന് കരുതണം. ഗ്രൂപ്പിസത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ഘടകത്തില്‍ അച്ചടക്കം പഠിപ്പിക്കാനും കുമ്മനത്തിന് കഴിയുമെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ട് കൂടിയാണ് വിവിധ പക്ഷങ്ങളുടെ എതിര്‍പ്പുകളെ അവഗണിച്ച്, കുമ്മനത്തിന്റെ കുറിയെടുക്കാന്‍ അമിത് ഷാക്ക് ആര്‍ എസ് എസ് നിര്‍ദേശം നല്‍കിയത്.
പുറം തൊഴില്‍ കരാര്‍ വീഴ്ചകൂടാതെ നടപ്പാക്കുന്നതിന് കുമ്മനത്തിന് എന്തൊക്കെ ചെയ്യാനാകും? ക്ഷേത്ര സ്വത്തുക്കളുടെ കൈകാര്യം വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യത്തിന്റെ ആവര്‍ത്തനത്തിലൂടെ അതിന് അദ്ദേഹം തുടക്കമിട്ടുകഴിഞ്ഞു. ക്ഷേത്ര വരുമാനം സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിഞ്ഞു നില്‍ക്കുമ്പോഴാണ് കുമ്മനം ഈ ആവശ്യം ആവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു അജന്‍ഡയായി മുന്നോട്ടുവെക്കുകയാണ് എന്നര്‍ഥം. ക്ഷേത്രത്തിന് സമീപത്തെ കച്ചവടങ്ങള്‍ മറ്റ് മതങ്ങളില്‍പ്പെട്ടവര്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ എസ് എസ് തന്നെ ആവശ്യപ്പെട്ടതായാണ് വിവരം. വൈകാതെ കുമ്മനം ഇത് കൂടി ഏറ്റെടുത്തേക്കും. കച്ചവടത്തിന്റെ കാര്യത്തില്‍ അതാത് ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കുമ്മനം പറയുമ്പോള്‍ ഇനി മേലാല്‍ കച്ചവടങ്ങളൊന്നും മറ്റ് മതസ്ഥര്‍ക്ക് നല്‍കേണ്ടതില്ലെന്ന് ക്ഷേത്ര കമ്മിറ്റികള്‍ തീരുമാനിക്കണമെന്നാണ് വ്യംഗ്യം. വിവിധ ദേവസ്വം ബോര്‍ഡുകളും ഇങ്ങനെ തീരുമാനിക്കണമെന്ന് വൈകാതെ ആവശ്യപ്പെടും. സമുദായ സംരക്ഷണത്തിന് ഇതിലും വലുത് ആരെങ്കിലും ചെയ്‌തോ എന്ന തോന്നല്‍ സൃഷ്ടിക്കാന്‍ യുക്തിരഹിതമായ ഈ പദ്ധതി ധാരാളം മതിയാകും. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുവകകള്‍ ഏതൊക്കെ സമുദായാംഗങ്ങളുടെ കൈമറിഞ്ഞാണ് എത്തുന്നത് എന്ന സാമാന്യ ആലോചന നിഷേധിക്കാന്‍ പാകത്തിലാകണം പ്രചാരണമെന്ന് മാത്രം. ആ തീവ്രത കുമ്മനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്.
ആറന്‍മുള വിമാനത്താവള പദ്ധതിക്കെതിരായ സമരത്തിലെ പങ്കാണ്, കുമ്മനത്തിന്റെ മറ്റൊരു കൈമുതല്‍. വിമാനത്താവളത്തിന് വേണ്ടി പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ കൊടിമരം മുറിക്കേണ്ടിവരും എന്ന റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ മാത്രമാണ് കുമ്മനം ഇവിടെ സജീവമാകുന്നത്. പദ്ധതിക്കായി തണ്ണീര്‍ത്തടങ്ങളും വയലുകളും ഏറ്റെടുത്തപ്പോഴോ അത് നികത്തിയപ്പോഴോ ഏറ്റെടുക്കലിലെ ക്രമവിരുദ്ധതയും നിയമലംഘനവും പുറത്തുവന്നപ്പോഴോ കുമ്മനം രാജശേഖരന് പ്രത്യേകിച്ച് വൈഷമ്യമൊന്നും ഉണ്ടായിരുന്നില്ല. കൊടിമരം മുറിക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പൈതൃക സംരക്ഷണമെന്ന ആവശ്യവുമായി ആദ്ദേഹം രംഗപ്രവേശം ചെയ്തു. വൈകാതെ സമര നേതൃത്വത്തിലെ ഗണനീയ സാന്നിധ്യമായി സ്വയം അവരോധിക്കുകയും ചെയ്തു. നേരത്തെ സമര നേതൃത്വത്തിലുണ്ടായിരുന്ന സുഗതകുമാരി അടക്കമുള്ളവര്‍ക്കൊപ്പം നിന്നതിലൂടെ ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നയാളെന്ന പ്രതിച്ഛായ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. ഇതും ബി ജെ പിയുടെ അധ്യക്ഷ പദവിയിലിരിക്കുമ്പോള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷകള്‍.
ഗുജറാത്തില്‍ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചിരുന്ന നാളുകള്‍ (കു) പ്രസിദ്ധമാക്കിയതാണ് വെളുത്ത താടി, കറുത്ത താടി പ്രയോഗങ്ങള്‍. ആസുര അജന്‍ഡകള്‍ നടപ്പാക്കുന്നതില്‍ വെളുത്ത താടി മുന്നില്‍ നിന്നുവെന്ന ആരോപണം ശക്തവുമാണ്. കേരളത്തിനൊരു വെളുത്ത താടി, കുമ്മനത്തെ ഓണ്‍ സൈറ്റ് ഔട്ട്‌സോഴ്‌സിംഗിന് നിയോഗിക്കുമ്പോള്‍ ശങ്ക അസ്ഥാനത്തല്ല.